- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്ര വലത് വംശീയതക്കെതിരെ ബെല്‍ഫാസ്റ്റില്‍ അണിനിരന്നത് 15,000 പേര്; ബ്രിട്ടീഷുകാരും കുടിയേറ്റക്കാരും ഒന്നിച്ചപ്പോള്‍ ഓടിയൊളിച്ചത് വംശീയ വെറിയന്മാര്‍
ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലുയര്‍ന്ന വംശീയ വെറിക്കും അക്രമങ്ങള്‍ക്കുമെതിരെ ആയിരക്കണക്കിന് വംശീയ വിവേചന വിരുദ്ധരായവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അവിടെ തിളങ്ങിയത് ബ്രിട്ടന്റെ നന്മയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന വംശീയ വിവേചന വിരുദ്ധ റാലിയില്‍ പങ്കെടുത്തത് 15,000 ഓളം പേരാണ്. അതിനു പുറമെ ഗ്ലസ്‌ഗോ, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ്, ഹള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലും വംശീയ വിവേചനത്തിനെതിരെ ആയിരങ്ങള്‍ അണിനിരന്നു. ലണ്ടന്‍ നഗരത്തിലും ഫാസിസ്റ്റ് വിരുദ്ധ പ്രകടനങ്ങള്‍ വ്യാപകമായി നടന്നു. വെസ്റ്റ് മിനിസ്റ്ററിലെ, റിഫോം യു കെ പാര്‍ട്ടിയുടെ […]
ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലുയര്‍ന്ന വംശീയ വെറിക്കും അക്രമങ്ങള്‍ക്കുമെതിരെ ആയിരക്കണക്കിന് വംശീയ വിവേചന വിരുദ്ധരായവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ അവിടെ തിളങ്ങിയത് ബ്രിട്ടന്റെ നന്മയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന വംശീയ വിവേചന വിരുദ്ധ റാലിയില്‍ പങ്കെടുത്തത് 15,000 ഓളം പേരാണ്. അതിനു പുറമെ ഗ്ലസ്‌ഗോ, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ്, ഹള്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളിലും വംശീയ വിവേചനത്തിനെതിരെ ആയിരങ്ങള്‍ അണിനിരന്നു. ലണ്ടന്‍ നഗരത്തിലും ഫാസിസ്റ്റ് വിരുദ്ധ പ്രകടനങ്ങള്‍ വ്യാപകമായി നടന്നു. വെസ്റ്റ് മിനിസ്റ്ററിലെ, റിഫോം യു കെ പാര്‍ട്ടിയുടെ ആസ്ഥാനത്തിന് മുന്‍പില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ പിന്നീട് ട്രഫാല്‍ഗര്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി.
ഒരു വമ്പന്‍ തിരമാലയെ നമ്മള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു, നമ്മള്‍ ഒത്തു ചേര്‍ന്നതോടെ വംശീയ വെറിയന്മാര്‍ മാളങ്ങളില്‍ ഒളിച്ചു എന്നായിരുന്നു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത സമീറ അലി പറഞ്ഞത്. അതിനിടയില്‍ പ്രതിഷേധത്തിനിടയില്‍ ജി ബി ന്യൂസിന്റെ പ്രതിനിധിയുടെ സാന്നിദ്ധ്യം ചോദ്യം ചെയ്ത് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക് മുതിര്‍ന്ന ഒരാളെ പോലീസ് പിടികൂടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ജി ബി ന്യൂസ് തങ്ങളുടെ എക്സ് പ്ലാറ്റ് ഫോമിലൂടെ പുറത്തു വിട്ടിട്ടുണ്ട്. ആരോപണങ്ങളൊന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടില്ലെന്നും, കേസുമായി മുന്‍പോട്ട് പോകാന്‍ ജി ബി ന്യൂസ് താത്പര്യം കാണിക്കുന്നില്ലെന്നും പോലീസ് വക്താവ് പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധങ്ങള്‍ ഉള്‍പ്പടെ എന്തും, ഭയം കൂടാതെ, സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ജി ബി ന്യൂസിന്റെ റിപ്പോര്‍ട്ടറെ, പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഒരാള്‍ തടയുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്. ക്യാമറ കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ചാണ് ഇയാള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ആ സമയം, ക്യാമറ ടീമിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്ന വ്യക്തി ഇയാളെ തള്ളിമാറ്റുന്നുമുണ്ട്. ഉടനടി പോലീസ് ഇടപെടല്‍ ഉണ്ടായതിനാല്‍ സംഘര്‍ഷം ഗുരുതരമായില്ല. രണ്ടു പാര്‍ട്ടികളും ഒരു തരത്തിലുള്ള പരാതികളും ഉന്നയിച്ചിട്ടില്ല എന്നും പോലീസ് അറിയിച്ചു.
അതേസമയം, തങ്ങളുടെ വിക്ടോറിയ സ്ട്രീറ്റ് ഓഫീസില്‍ ജീവനക്കാര്‍ ഒന്നുമില്ലെന്നും, ഒരു മേല്‍വിലാസത്തിനായി മാത്രമാണ് അത് ഉപയോഗിക്കുന്നതെന്നും റിഫോം യു കെ വക്താവ് അറിയിച്ചു. തീവ്ര ഇടതുപക്ഷക്കാര്‍ മുന്‍ വര്‍ഷങ്ങളിലും തങ്ങളുടെ ഓഫീസിനെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഒഴിവാക്കിയതെന്നും വക്താവ് അറിയിച്ചു. തങ്ങളുടെ ആസ്ഥാനം ലണ്ടനില്‍ അല്ലെന്നും, ഇത്തരത്തിലുള്ള ആക്രമണങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അത് എവിടെയാണെന്ന് പ്രഖ്യാപിക്കാത്തതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.