- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയ്ക്കു പിന്തുണ തുടര്‍ന്നാല്‍ ചൈനയെ വിലക്കേണ്ടി വരും; പരസ്യ കുറ്റപ്പെടുത്തല്‍ ചൈന നേരിടുന്നത് ഇതാദ്യം; നാറ്റോയ്ക്ക് പിന്നില്‍ മോദി നയതന്ത്രമോ?
വാഷിങ്ടണ്‍: റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാകുന്നതില്‍ ആശങ്കയറിയിച്ച് നാറ്റോ രംഗത്തു വരുമ്പോള്‍ ഏറ്റവും വലിയ തിരിച്ചടി ചൈനയ്ക്ക്. അതിനിടെ ഏഷ്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നാറ്റോയോട് ചൈന ആവശ്യപ്പെട്ടു. യുക്രൈന് യുദ്ധത്തിലെ ചൈനയുടെ ഇടപെടലിനെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങളാണ് നാറ്റോ നടത്തുന്നത്. റഷ്യയുമായുള്ള വ്യാപാരങ്ങള്‍ ലോക വ്യാപാരസംഘടനയുടെ നിയമങ്ങള്‍ പാലിച്ചാണെന്നും ചൈനീസ് വക്താവ് ലിന് ജിയാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങളാണ് നാറ്റോയെ ഇത്തരമൊരു പ്രസ്താവനയിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലും സജീവമാണ്.
യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യക്ക് നയപരമായ പിന്തുണ നല്‍കുന്നത് ചൈനയാണ്. നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിലെ (നാറ്റോ) 32 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.ചൈനയുടെ ആഗ്രഹങ്ങളും നയങ്ങളും നാറ്റോയുടെ താത്പര്യങ്ങളെ ചോദ്യംചെയ്യുന്നതാണ്. അന്താരാഷ്ട്രതലത്തില്‍ കാലാകാലങ്ങളായി പാലിച്ചുപോരുന്ന ധാരണകള്‍ക്കും നിയമങ്ങള്‍ക്കുമെതിരാണ് റഷ്യയുടെയും ചൈനയുടെയും സമീപകാല നിലപാടുകള്‍. സൈബര്‍, ബഹിരാകാശം അടക്കമുള്ള മേഖലകളിലും ഇരുരാജ്യങ്ങളും സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന് നാറ്റോ പറയുന്നു. ഇതിനെല്ലാം പന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വിലയിരുത്തല്‍ ചൈനയ്ക്കുണ്ട്.
റഷ്യയുമായുള്ള ചൈനയുടെ പരിധിയില്ലാത്ത ബന്ധമാണ് യുക്രൈന് യുദ്ധത്തിന് ഇന്ധനം പകരുന്നത്. റഷ്യയുടെ ആയുധനിര്‍മാണമേഖലയ്ക്കും ചൈനയുടെ പിന്തുണ കരുത്തുപകരുന്നു. യൂറോപ്പിലെ രാജ്യങ്ങള്‍ക്കാണ് ഇത് ഭീഷണിയാകുന്നത്. ഐക്യരാഷ്ട്രസഭയിലെ ഉത്തരവാദിത്വമുള്ള സ്ഥിരാംഗമെന്ന നിലയില്‍ റഷ്യയ്ക്കു നല്‍കിവരുന്ന പിന്തുണ ചൈന അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ബുധനാഴ്ച യുഎസിലെ വാഷിങ്ടനില്‍ ചേര്‍ന്ന നാറ്റോയുടെ 75ാം വാര്‍ഷിക ഉച്ചകോടിയിലാണ് റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ ആദ്യമായി ചൈനയ്ക്കെതിരെ പരസ്യമായ ആരോപണം ഉന്നയിച്ചത്.
പ്രസ്താവനയില്‍ ബെയ്ജിങ്ങിലെ ആണവായുധ ശേഖരവും ബഹിരാകാശ ശക്തിയും ആശങ്കാജനകമാണെന്ന് നാറ്റോ ഉയര്‍ത്തിക്കാട്ടി. യുദ്ധത്തിനു നല്കുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കണമെന്നും ചൈനയോട് നാറ്റോ അഭ്യര്‍ഥിച്ചു. 2019 ലെ കൂടിക്കാഴ്ചയില്‍ ചൈന ഭീഷണിയാകുമെന്ന നിരീക്ഷണം നാറ്റോ നടത്തിയിരുന്നെങ്കിലും പരസ്യമായൊരു വിമര്‍ശനം ഉന്നയിക്കുന്നത് ആദ്യമാണ്. റഷ്യയും ചൈനയും നല്ല ബന്ധത്തിലാണ്. റഷ്യയുമായി ഇന്ത്യയ്ക്കും അടുപ്പമുണ്ട്. എന്നാല്‍ ചൈനയ്ക്ക് എതിരാണ് മോദി സര്‍ക്കാരിന്റെ നിലപാടുകള്‍. നാറ്റോയുടെ ഈ പരസ്യ നിലപാട് പ്രഖ്യാപനം ആഗോളതലത്തില്‍ ചൈനയ്ക്ക് തിരിച്ചടിയാകുമ്പോള്‍ ഇന്ത്യയ്ക്ക് അതിന്റെ ഗുണവും കിട്ടും.
റഷ്യയ്ക്കു നല്കി വരുന്ന സായുധ പിന്തുണ നാറ്റോ അപലപിച്ചു. ചൈനയുടെ താല്പര്യങ്ങളെയും പ്രശസ്തിയേയും പ്രതികൂലമായി ബാധിക്കാതെ സമീപകാല ചരിത്രത്തില്‍ യൂറോപ്പിലൊരു യുദ്ധം സാധ്യമാക്കാന്‍ ചൈനയ്ക്കാവില്ലന്നും പ്രഖ്യാപനത്തില്‍ പറയുന്നു. റഷ്യയ്ക്കു നല്കുന്ന പിന്തുണ തുടര്‍ന്നാല്‍ അമേരിക്കയ്ക്കും മറ്റു യുറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനയെ വിലക്കേണ്ടി വരുമെന്നും നാറ്റോ മുന്നറിയിപ്പു നല്കി. കയറ്റുമതിയിലൂടെ ശതകോടികളുണ്ടാക്കുന്ന ചൈനയ്ക്ക് വിലക്ക് ഭീഷണി വലിയൊരു തിരിച്ചടിയാണ്.
യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക സഖ്യമായ നാറ്റോയുടെ ത്രിദിന ഉച്ചകോടി വാഷിങ്ടനില്‍ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്നു കൂടുതല്‍ പിന്തുണ ഉറപ്പിക്കാനാണ് നാറ്റോയുടെ 75ാം വാര്‍ഷികം ലക്ഷ്യമിടുന്നത്. നാറ്റോ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. ഭീകരതയും മറ്റൊരു ഭീഷണിയായി നിലനില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പുതിയ അംഗമായ സ്വീഡനെ യോഗത്തില്‍ സ്വാഗതംചെയ്തു. സൈനികശക്തി വര്‍ധിപ്പിക്കാനും യുക്രൈന് കൂടുതല്‍ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി. യുക്രൈനെ സഹായിക്കുന്നത് നാറ്റോയുടെ ഔദാര്യമല്ലെന്നും താത്പര്യപ്രകാരമാണെന്നും സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു.