മോസ്‌കോ: 2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അധിനിവേശമായി യുക്രെയിന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തി കടന്ന് 30 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ കുസ്‌ക് മേഖലയിലെ ചില ഗ്രാമങ്ങളില്‍ കഴിഞ്ഞ ആറ് ദിവസമായി യുക്രെയിന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സമാധാനപ്രിയരായ റഷ്യന്‍ ജനതയെ ഭയപ്പെടുത്താനാണ് യുക്രെയിന്‍ ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ വക്താവും ആരോപിച്ചു.

ഇന്നലെ രാത്രി, റഷ്യന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണം സ്ഥിരീകരിച്ച യുക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമര്‍ സെലെന്‍സ്‌കി, കഴിഞ്ഞ വേനലില്‍ കുസ്‌ക് മേഖലയില്‍ നിന്നും 2000 ഓളം അതിര്‍ത്തികടന്നുള്ള ആക്രമണങ്ങള്‍ റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നും പറഞ്ഞു. വെടിവയ്പും ഷെല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവുമെല്ലാം റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നും അതിന് അര്‍ഹിക്കുന്ന രീതിയിലുള്ള മറുപടി നല്‍കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

ആയിരക്കണക്കിന് സൈനികര്‍ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ പങ്കെടുക്കുന്നു എന്നാണ് ഒരുമുതിര്‍ന്ന യുക്രെയിന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. നേരത്തെ റഷ്യന്‍ അതിര്‍ത്തി ഗാര്‍ഡുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കടുത്ത യുദ്ധമാണ് റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നേരത്തെ യുക്രെയിന്‍ പിന്തുണയുള്ള ചില വിമതന്മാര്‍ റഷ്യയ്ക്കുള്ളില്‍ ചില ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും, ഇത് കുറേക്കൂടി സംഘടിതമായ രീതിയിലുള്ള ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതുവരെ പ്രതിരോധത്തില്‍ ഊന്നി പോരാടിയിരുന്ന യുക്രെയിന്‍ സൈന്യം ഇപ്പോള്‍ നേരിട്ട് ആക്രമണത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനങ്ങള്‍ നശിപ്പിക്കുക എന്നതാണ് ഉദ്ദേശം. തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്നതിനായി അത് അത്യാവശ്യമാണ് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് എകദേശം 30 കിലോ മീറ്ററുകള്‍ റഷ്യന്‍ മണ്ണിലേക്ക് കടന്നു കഴിഞ്ഞു യുക്രെയിന്‍ സൈനികര്‍. അതിര്‍ത്തിയില്‍ നിന്നും 25 കിലോമീറ്ററോളം ഉള്ളിലുള്ള ലെവ്ഷിങ്ക എന്ന ഗ്രാമത്തില്‍ നടന്ന യുദ്ധത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

മറ്റു രണ്ട് ഗ്രാമങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ യുക്രെയിന്‍ സൈന്യം പിടിച്ചെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. അതുപോലെ ഏകദേശം 5000 പേരോളം താമസിക്കുന്ന ഒരു ചെറു പട്ടണവും യുക്രെയിന്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുസ്‌ക് മേഖലയില്‍, അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നിന്ന് 76,000 ഓളം പേരെ ഒഴിപ്പിച്ചതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.