ലണ്ടന്‍: ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബ്രിട്ടനില്‍ അശാന്തി തിരിച്ചെത്തുന്നു എന്നതിന്റെ സൂചനയുമായി ബേണ്‍മൗത്തില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരും വംശീയ വിവേചന വിരുദ്ധരും നേര്‍ക്ക് നേര്‍ വന്നു. ഇന്നലെ സംഭവം നടക്കുമ്പോള്‍ കനത്ത പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നു. നൂറുകണക്കിന് ആളുകള്‍ പരസ്പരം വിരുദ്ധമായ മുദ്രാവാക്യങ്ങളുമായി ടണ്‍ഹോളിന് മുന്‍പില്‍ ഒത്തു കൂടിയീപ്പോള്‍ ഡോര്‍സെറ്റ് പോലീസ് ഇരു വിഭാഗങ്ങളേയും പരസ്പരം അകറ്റി നിര്‍ത്തി. സുരക്ഷിതവും നിയമപരവുമായ പ്രതിഷേധമായിരുന്നു എന്നും തദ്ദേശ വാസികള്‍ക്ക് ഏറ്റവും കുറവ് ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. 'ഞങ്ങളുടെ കുട്ടികളെ രക്ഷിക്കുക', ബോട്ടുകള്‍ തടയുക', 'ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യം തിരികെ വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. അനധികൃത കുടിയേറ്റത്തിനും, കത്തി സംസ്‌കാരത്തിനും എതിരെ സമാധാനമായി പ്രതിഷേധിക്കുകയാണെന്ന് പറഞ്ഞ അവര്‍ 'റൂള്‍ ബ്രിട്ടാനിയ', 'ജെറുസലേം' തുടങ്ങിയ പാട്ടുകള്‍ ലൗഡ്‌സ്പീക്കറുകളിലൂടെ ഉച്ചത്തില്‍ കേള്‍:പ്പിച്ചു.

മറുഭാഗത്ത്, യുദ്ധ സ്മാരകത്തിനടുത്തായി ഏതാണ്ട് അത്രയും തന്നെ വരുന്ന ആള്‍ക്കൂട്ടം ഇവരെ പ്രതിരോധിക്കാന്‍ എത്തി., പാസ്തീന്‍ പതാകകള്‍ വീശിയും, അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തുള്ള പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചെത്തിയ പ്രകടനക്കാര്‍, തീവ്ര വലതു പാദം തുലയട്ടെ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ടായിരുന്നു. നാസിസത്തിനെതിരെ മുദ്രാവാക്യം മുഴക്കിയ വംശീയ വിവേചന വിരുദ്ധ പ്രകടനക്കാര്‍, ലഹളക്ക് മുന്‍പായി ബ്രിട്ടനില്‍ നിന്നും വിദേശത്തേക്ക് പോയ തീവ്ര വലതുപക്ഷ നേതാവ് ടോമി റോബിന്‍സണെ പരാമര്‍ശിച്ച് നിങ്ങളുടെ ടോമി എവിടെ പ്പോയി എന്നുള്ള മുദ്രാവാക്യവും ഉയര്‍ത്തിയിരുന്നു.

അതേസമയം, ആളുകളെ തടഞ്ഞു നിര്‍ത്താനും പരിശോധിക്കുവാനുമുള്ള അധിക അധികാരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും, പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ മടിക്കുകയില്ലെന്നും പോലീസ് ഇരുവിഭാഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് തന്നെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ അരങ്ങേറിയില്ല.