ഫ്രാങ്ക്ഫര്‍ട്ട്: പടിഞ്ഞാറന്‍ ജര്‍മനിയിലെ സൂലിങ്ങന്‍ നഗരത്തില്‍ ലൈവ് ബാന്‍ഡ് സംഗീതപരിപാടിക്കിടെ 3 പേരെ കുത്തിക്കൊലപ്പെടുത്തുകയും 8 പേരെ പരുക്കേല്‍പിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നു മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്നു സംശയിക്കുന്ന 15 വയസ്സുകാരനുള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ സോളിന്‍ നഗരത്തിലെ കഴിഞ്ഞ ദിവസം നടന്ന ഒരു ആഘോഷ പരിപാടിക്കിടയില്‍ മൂന്ന് പേരെ കുത്തിക്കൊന്ന പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 67 ഉം 56 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 56 കാരിയായ ഒരു വനിതയുമാണ് അക്രമിയുടെ കത്തിക്ക് ഇരയായത്. മറ്റ് എട്ടു പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധമുണ്ട് എന്ന സംശയത്തില്‍ ഒരു 15 കാരനെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.

അക്രമിയുടെ വിവരണങ്ങളോ ചിത്രങ്ങളോ ഇതുവരെ ജര്‍മ്മന്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ നിരവധി വിവരണങ്ങള്‍ അക്രമിയെ കുറിച്ച് പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ഇരകളുടെ കഴുത്ത് ഉന്നം വെച്ച് തന്നെയാണ് അക്രമി കത്തികൊണ്ട് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. അക്രമത്തിന്റെ പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും, തീവ്രവാദ പ്രവര്‍ത്തനം ആണെന്ന ആരോപണം തള്ളിക്കളയാന്‍ ആകില്ലെന്നും പോലീസ് പറഞ്ഞു.

അക്രമത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണ് രാത്രി 9. 45 ഓടെ അക്രമത്തിന് ശേഷം അയാള്‍ അക്രമം നടന്ന ഫ്രോണോഫ് സെന്‍ട്രല്‍ സ്‌ക്വയറില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഉത്സവസ്ഥലത്ത് അക്രമം നടക്കുമ്പോള്‍ സ്റ്റേജില്‍ ഉണ്ടായിരുന്ന ഡി ജെ ടോപിക് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞത്, ജനക്കൂട്ടത്തെ ശാന്തരാക്കുവാന്‍ താന്‍ പിന്നെയും പാട്ടുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു എന്നാണ്. ഒരു ജനക്കൂട്ടമാകെ അസ്വസ്ഥരാകാതിരിക്കാന്‍ അപ്രകാരം ചെയ്യാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാട്ട് നിന്ന ശേഷം പിരിഞ്ഞു പോകുന്നവരോട്, സംഘാടകരില്‍ ഒരാളായ ഫിലിപ്പ് മുള്ളര്‍ മൈക്കിലൂടെ, ശാന്തരായി മടങ്ങാനും കരുതലെടുക്കാനും ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. അക്രമി ഇനിയും പിടിയിലായിട്ടില്ല എന്നും അതുകൊണ്ട് തന്നെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും മുളളര്‍ നല്‍കുന്നുണ്ട്. സോളിന്‍ നഗരത്തിന്റെ അറുനൂറ്റി അമ്പതാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉത്സവാഘോഷം മൂന്ന് ദിവസങ്ങളിലായി 75,000 ല്‍ അധികം പേര്‍ നഗരം സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ ബഹുസ്വരത പ്രതിഫലിക്കുവാനുദ്ദേശിച്ചാണ് ഈ ഉത്സാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രി 9.40ന് സൂലിങ്ങന്‍ നഗരത്തിന്റെ 650-ാം വാര്‍ഷികാഘോഷത്തിനിടയിലാണ് അക്രമി ആള്‍ക്കൂട്ടത്തില്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയത്. മിക്കവരുടെയും കഴുത്തിലാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. അക്രമം നടക്കുന്നതു കണ്ടെങ്കിലും പരിപാടി തുടരാന്‍ അധികൃതര്‍ നിര്‍ദേശിച്ചതായി ബാന്‍ഡ് അംഗം ടോപിക് വെളിപ്പെടുത്തി. ജനങ്ങള്‍ ഭയന്ന് ഓടി തിക്കിലും തിരക്കിലും പെടാതിരിക്കാനായിരുന്നു ഇത്. താമസിയാതെ ഹെലികോപ്റ്ററില്‍ പൊലീസ് ആള്‍ക്കൂട്ടത്തിനു മുകളിലെത്തിയെങ്കിലും അക്രമി കടന്നുകളഞ്ഞു.