നേരത്തെ എടുത്തു കളഞ്ഞ, വിമാനത്തിനുള്ളിലെ ലഗേജിലെ ദ്രാവക പരിധി വീണ്ടും കൊണ്ടു വരികയാണ് സെപ്റ്റംബര്‍ 1 മുതല്‍ ആയിരിക്കും ഇത് യൂറോപ്യന്‍ യൂണിയന്‍ വിമാനത്താവളങ്ങളില്‍ പ്രാബല്യത്തില്‍ വരിക.

ഇതനുസരിച്ച്, എല്ലാ ദ്രാവകങ്ങള്‍, ജെല്‍, പേസ്റ്റ്, എയറോസോള്‍ എന്നിവയുടെ അളവ് 100 മില്ലിലിറ്റര്‍ ആയി പരിമിതപ്പെടുത്തണം. മാത്രമല്ല, അവ സെക്യൂരിറ്റി പരിശോധനക്ക് നല്‍കുന്നതിന് മുന്‍പായി സുതാര്യമായ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെച്ചിട്ട് വേണം നല്‍കാന്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.

കൈവശം കൊണ്ടു പോകുന്ന ലഗേജ് പരിശോധനക്കായി വിമാനത്താവളങ്ങളില്‍ ആധുനിക സി 3 സ്‌കാനിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചതോടെ നേരത്തേയുണ്ടായിരുന്ന ഈ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ അവ തിരിച്ചു കൊണ്ടു വരികയാണ്. പുതിയ നിയന്ത്രണങ്ങള്‍ എല്ലാ യൂറോപ്യന്യൂണിയന്‍ വിമാനത്താവളങ്ങളിലും സമാനമായ രീതിയില്‍ നടപ്പിലാക്കും ആധുനിക സ്‌കാനറുകള്‍ ഉള്ള വിമാനത്താവളങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

ദ്രാവക രൂപത്തിലുള്ളവ കൂടാതെ വേറെയും നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. കൈയ്യില്‍ കൊണ്ടു പോകാവുന്ന ലഗേജിന്റെ പരമാവധി ഭാരം 10 കിലോഗ്രാം ആയിരിക്കും. ഒരു ക്യാബിന്‍ ബാഗും ഒരു ചെറിയ ഹാന്‍ഡ് ബാഗും മാത്രമായിരിക്കും അനുവദിക്കുക. ഇതില്‍ ക്യാബിന്‍ ബാഗിന്റെ വലിപ്പം 55 സെ. മീ നീളം 40 സെ. മീ വീതി, 20 സെ. മീ വീതി എന്നതില്‍ കൂടരുത്.

ഹാന്‍ഡ് ബാഗിന്റെ കാര്യത്തില്‍ പരമാവധി വലിപ്പം 40 സെ. മീ, 30 സെ. മീ, 15 സെ. മീ എന്നതായിരിക്കും. മാത്രമല്ല, ഈ ഹാന്‍ഡ്ബാഗ് അല്ലെങ്കില്‍ ബാക്ക്പാക്ക് അല്ലെങ്കില്‍ ലാപ്‌ടോപ് ബാഗ് യാത്രക്കാരന്റെ മുന്‍പിലുള്ള സീറ്റിന്റെ അടിയില്‍ ഒതുക്കുവയ്ക്കുകയും വേണം.