ലാഹോര്‍: അടുത്തിടെ യു കെയിലാകെ ഉണ്ടായ കലാപത്തിന് ബീജവാപം ചെയ്ത വ്യാജ വാര്‍ത്ത സൃഷ്ടിച്ചു എന്നതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ പാകിസ്ഥാന്‍ അധികൃതര്‍ കുറ്റവിമുക്തനാക്കി. ആരോപണ വിധേയനായ ഫറാന്‍ അസീഫ് എന്ന വ്യക്തിയാണ് ഈ വാര്‍ത്ത നിര്‍മ്മിച്ചത് എന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ കേസുമായി മുന്നോട്ട് പോകുന്നില്ലെന്നുമാണ് പോലീസ് അറിയിച്ചത്. കുറ്റവിമുക്തനായി കോടതി മുറിയില്‍ നിന്നുമിറങ്ങിയ ഫറാന്‍ പക്ഷെ, ബി ബി സിയുള്‍പ്പടെയുള്ള മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്, കൊലപാതകിയുടെ പേരും പശ്ചാത്തലവും വ്യാജമായി പ്രചരിപ്പിച്ചതായിരുന്നു ഈ മാസമാദ്യം ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. ചാനല്‍ 3 നൗ എന്ന ചാനലിലായിരുന്നു കൊലപാതകിയുടെ വ്യാജ പേരും ഇയാള്‍ കഴിഞ്ഞ വര്‍ഷം ബോട്ട് മാര്‍ഗ്ഗം യു കെയില്‍ എത്തിയ അനധികൃത അഭയാര്‍ത്ഥിയാണെന്ന വ്യാജ വാര്‍ത്തയും പ്രത്യക്ഷപ്പെട്ടത്. അസിഫിന് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് ബി ബി സി നടത്തിയ അന്വേഷണത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഒരു സ്വകാര്യ ചാനലില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുകയാണ് അസിഫ് എന്നും, യു കെയിലെ വ്യത്യസ്തമായ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് ഇയാള്‍ ഒരു വാര്‍ത്ത ഷെയര്‍ ചെയ്തതായി കണ്ടെത്തിയെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഇന്നലെ വിചാരണ നടക്കവെ ആണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, ഈ ഷെയര്‍ ചെയ്യപ്പെട്ട വ്യാജ വാര്‍ത്ത യു കെ പോലീസ് നിഷേധിച്ചതോടെ ആസിഫ്, ചാനല്‍ എ നൗ വില്‍ നിന്നും വാര്‍ത്ത പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു എന്നും പോലീസ് പറഞ്ഞു.

ഇത് കേട്ട ജഡ്ജി അസീഫിനോട് സുപ്രധാനമായ ഒരു ചോദ്യം ചോദിച്ചു. ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അത് പലവട്ടം പരിശോധിച്ച് സത്യമാണെന്ന് ഉറപ്പുവരുത്തണം എന്ന കാര്യം ഇപ്പോഴെങ്കിലും മനസ്സിലായോ എന്നതായിരുന്നു ആ ചോദ്യം. ബി ബി സി നേരത്തെ ചാനല്‍ 3 നൗ മായി ബന്ധപ്പെട്ട ഒരാളെ കണ്ടെത്തുകയും അവരോട് വിശദ വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നതായി ബി ബി സി അവകാശപ്പെടുന്നു.

വ്യാജ പേര് പ്രസിദ്ധപ്പെടുത്തിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്നും അത് തെറ്റായി സംഭവിച്ചതാണെന്നും, മനപ്പൂര്‍വ്വമല്ലായിരുന്നെന്നും ആ വ്യക്തി പറഞ്ഞതായും ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.