- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനില്‍ വൈദ്യുതിയും ഗ്യാസും മാത്രമല്ല ഇനി വെള്ളത്തിനും തീവില; ലേബര്‍ സര്‍ക്കാര്‍ വന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ പൊള്ളി തുടങ്ങി
ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ അതിവേഗം ഉയര്‍ന്നു പൊങ്ങിയ വൈദ്യുതിയുടെയും ഗ്യാസിന്റെയും തീ വിലയ്ക്ക് പിന്നാലെ കെടുകാര്യസ്ഥത കൊണ്ട് കടക്കെണിയിലായ തെംസ് വാട്ടര്‍ കുടിവെള്ള വിതരണകമ്പനി ബില്‍ തുക ഇരട്ടിയാക്കാന്‍ ഉള്ള ശ്രമം ഊര്‍ജിതമാക്കി. ലണ്ടനും പരിസര പ്രദേശങ്ങളും അടക്കം ഇംഗ്ലണ്ടിലെ ഒട്ടേറെ സ്ഥലങ്ങളില്‍ വെള്ളം വിതരണം ചെയുന്ന കമ്പനിയുടെ ഒന്നരക്കോടി ഉപയോക്താക്കളെ ഈ തീരുമാനം വെള്ളം കുടി മുട്ടിക്കുന്ന അവസ്ഥയില്‍ എത്തിക്കും. നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വാങ്ങുന്ന കമ്പനി […]
ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ അതിവേഗം ഉയര്‍ന്നു പൊങ്ങിയ വൈദ്യുതിയുടെയും ഗ്യാസിന്റെയും തീ വിലയ്ക്ക് പിന്നാലെ കെടുകാര്യസ്ഥത കൊണ്ട് കടക്കെണിയിലായ തെംസ് വാട്ടര്‍ കുടിവെള്ള വിതരണകമ്പനി ബില്‍ തുക ഇരട്ടിയാക്കാന്‍ ഉള്ള ശ്രമം ഊര്‍ജിതമാക്കി. ലണ്ടനും പരിസര പ്രദേശങ്ങളും അടക്കം ഇംഗ്ലണ്ടിലെ ഒട്ടേറെ സ്ഥലങ്ങളില്‍ വെള്ളം വിതരണം ചെയുന്ന കമ്പനിയുടെ ഒന്നരക്കോടി ഉപയോക്താക്കളെ ഈ തീരുമാനം വെള്ളം കുടി മുട്ടിക്കുന്ന അവസ്ഥയില്‍ എത്തിക്കും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വാങ്ങുന്ന കമ്പനി ബില്‍ ഇനിയും കൂട്ടുന്നതിലൂടെ ആയിരക്കണക്കിന് മലയാളികള്‍ക്കും അതിന്റെ പ്രഹരം ഏല്‍ക്കും എന്നുറപ്പ്. വിലകൂട്ടാനുള്ള നിര്‍ദേശവുമായി നിയന്ത്രണ ഏജന്‍സിയെ ഏതാനും മാസം മുന്‍പ് സമീപിച്ചപ്പോള്‍ അവര്‍ നിരക്ക് വര്‍ധന തള്ളിക്കളഞ്ഞെങ്കിലും ഉപയോക്താക്കളുടെ ബില്‍ തുക ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാകില്ല എന്ന വാദവുമായാണ് ഇപ്പോള്‍ കമ്പനി വീണ്ടും ലോബിയിങ് ശക്തമാക്കിയത്.
ഗ്രേറ്റര്‍ ലണ്ടന്‍, ലൂട്ടന്‍, ഗ്ലോസ്റ്റര്‍ഷെയര്‍, വില്‍ഷെയര്‍, സറെ, വെസ്റ്റ് കെന്റ് തുടങ്ങി അതി ബൃഹത്തായ പ്രദേശ്ങ്ങളില്‍ വ്യാപിച്ചു കിടക്കുന്നതാണ് റെഡിങ് ആസ്ഥാനമായ തെംസ് വാട്ടര്‍ കമ്പനി. പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ നടന്ന കെടുകാര്യസ്ഥകള്‍ മൂലം കഴിഞ്ഞ വര്‍ഷം കമ്പനി വന്‍കടക്കെണിയില്‍ വീണ വാര്‍ത്തകള്‍ ദിവസങ്ങളോളം മാധ്യമങ്ങള്‍ പ്രധാന തലകെട്ടാക്കിയതാണ്. ഇപ്പോള്‍ കൂടുതല്‍ ഷെയര്‍ ഓഹരി ഉടമകളും വിദേശ സ്ഥാപനങ്ങള്‍ ആയതിനാല്‍ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധത ഒന്നും നിരക്ക് വര്‍ധന പരിഗണിക്കുമ്പോള്‍ ഘടകം ആകുന്നതുമില്ല.
ജൂലൈയില്‍ നിരക്ക് വര്‍ധന തേടി ഓഫ്വാറ്റിനെ സമീപിച്ച തെംസ് വാട്ടര്‍ 44 ശതമാനം തുക ഉയര്‍ത്താന്‍ അനുവദിക്കണം എന്നാണ് ആവശ്യപെട്ടത്. എന്നാല്‍ ഇത് ഭീതിതമായ വര്‍ധന ആണെന്ന് ചൂണ്ടിക്കാട്ടിയ നിയന്ത്രണ ഏജന്‍സി വേണമെങ്കില്‍ പാതി തുകയായ 22 ശതമാനം ഉയര്‍ത്താം എന്ന് അറിയിക്കുക ആയിരുന്നു. എന്നാല്‍ ഇത് സ്വീകാര്യം അല്ലാത്ത തെംസ് വാട്ടര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 2030 ആകുമ്പോഴേക്കും പടിപടിയായി 59 ശതമാനം നിരക്ക് വര്‍ധന വേണം എന്നാണ്.
സര്‍ക്കാരിനെയും നിയന്ത്രണ ഏജന്‍സിയെയും മുള്‍മുനയില്‍ നിര്‍ത്തി കാര്യം സാധിച്ചെടുക്കുക എന്ന തന്ത്രവും കമ്പനി നടത്തുകയാണ് എന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കമ്പനി ആവശ്യപ്പെടുന്ന നിരക്ക് വര്‍ധന നടപ്പിലായാല്‍ ഓരോ ഉപയോക്താവും 228 പൗണ്ട് അധികമായി നല്‍കേണ്ടി വരും. ഈ സാഹചര്യത്തില്‍ കമ്പനി വീണ്ടും ദേശസാത്കരിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അല്‍പം ആശ്വാസത്തോടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാരിന്റെ വക ഇരുട്ടടി
അതിനിടെ 20,000 കോടിയുടെ പൊതുകടം വരുത്തിയാണ് മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പടിയിറങ്ങിയത് എന്ന ന്യായം ഉയര്‍ത്തി ഒക്ടോബറില്‍ വരുന്ന മിനി ബജറ്റില്‍ കൗണ്‍സില്‍ ടാക്സ് വര്‍ധന അടക്കമുള്ള വലിയ പ്രഹരമാണ് ലേബര്‍ സര്‍ക്കാര്‍ മധുവിധു തീരും മുന്‍പേ സാധാരണക്കാര്‍ക്ക് നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂണിലേതിനേക്കാള്‍ വലിയ നിലയില്‍ ജനഹിതത്തില്‍ പിന്നോട്ട് പോയ സര്‍ക്കാരിന് സാധാരണക്കാരുടെ ജീവിതത്തില്‍ ഒരു സ്ഥാനവും ഇല്ലാത്ത നിലയിലേക്കാണ് ഓരോ ദിവസവും അഹിത വാര്‍ത്തകള്‍ എത്തിക്കൊണ്ടിരിക്കുന്നത്.
നികുതികള്‍ പലതും ഉയര്‍ത്തിയെ ബ്രിട്ടന് മുന്നോട്ട് പോകാനാവൂ എന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാറും ധന സെക്രട്ടറി റേച്ചല്‍ റീവ്‌സും വ്യക്തമാക്കിയതും വരാനിരിക്കുന്ന മിനി ബജറ്റ് സാധാരണക്കാരുടെ തലക്കല്‍ വീഴാനിരിക്കുന്ന വെട്ടുകോടാലി ആണെന്ന് ഉറപ്പായിക്കഴിഞ്ഞു. തങ്ങള്‍ ഭരണത്തിലേറിയാല്‍ നികുതികള്‍ ഉയര്‍ത്തില്ല എന്ന് പറഞ്ഞ ലേബറിന്റെ കപട മുഖമാണ് ഇപ്പോള്‍ ജനങ്ങള്‍ കാണുന്നത് എന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്നു നിന്ന നാണയപ്പെരുപ്പം കുറയുകയും കടകളില്‍ സാധന വിലകളില്‍ അല്‍പം ആശ്വാസം എത്തി തുടങ്ങുകയും പലിശ നിരക്കില്‍ നേരിയ കുറവ് സംഭവിക്കുകയും ചെയ്തപ്പോഴാണ് ഇരുട്ടടിയായി നികുതി വര്‍ധനയുമായി സര്‍ക്കാര്‍ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
നികുതികള്‍ ഒരിക്കല്‍ ഉയര്‍ന്നാല്‍ സാധാരണയായി അത് ഏറെക്കാലം നീണ്ടു നില്‍ക്കും എന്നതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രഹരം ഉടനെയൊന്നും മാറും എന്ന പ്രതീക്ഷയും സാധാരണക്കാര്‍ക്ക് വേണ്ട. മാറ്റം ആരാണ് ആഗ്രഹിക്കാത്തത് എന്ന ചോദ്യവുമായി അധികാരത്തിലേറിയ സര്‍ക്കാരാണ് മാറ്റത്തിനു പകരം ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത് എന്ന വിലാപവും മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഓരോ വീടിനും ഈടാക്കുന്ന കൗണ്‍സില്‍ ടാക്‌സിലും മറ്റും വന്‍വര്‍ധന ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.