ലണ്ടന്‍: ലോകത്തിനു മുന്നില്‍ ബ്രിട്ടന്റെ മുഖമായും അറിയപ്പെടുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പദവി തേടി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. മുന്‍പ് ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലര്‍ ആയിരുന്ന അദ്ദേഹം "ഓക്സ്ഫോര്‍ഡ് പരീക്ഷ" വിജയിക്കാന്‍ സാധ്യത കുറവാണ് എന്ന് വിലയിരുത്തല്‍ ഉണ്ടെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളും നേര്‍ക്ക് നേര്‍ പോര് തുടങ്ങിക്കഴിഞ്ഞു. താലിബാന്റെ സുഹൃത്തായി അറിയപ്പെടുന്ന ഇമ്രാനെയാണോ ലോകോത്തര പദവിയുള്ള ഓക്സ്ഫോര്‍ഡിനു കണ്ടെത്താന്‍ കഴിഞ്ഞുള്ളോ എന്ന ചോദ്യവുമായി പ്രമുഖ കോളമിസ്റ്റുകള്‍ എഴുത്തുകള്‍ തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ ക്രിക്കറ്റര്‍ ആയിരുന്നപ്പോഴും പിന്നീട് ലോക കോടീശ്വരി പദവിയുള്ള ജമൈമയുമായുള്ള വിവാഹം വഴിയും സുദൃഢമായ ബ്രിട്ടീഷ് ബന്ധങ്ങള്‍ ഉള്ള ഇമ്രാന് വേണ്ടി ഓക്സ്ഫോര്‍ഡ് ചാന്‍സലര്‍ പദവിക്കായി ലോബിയിങ് തുടക്കമിട്ടത് തന്നെ കണ്‍സര്‍വേറ്റീവ് പ്രഭു സഭ അംഗം ഡാനിയേല്‍ ഹനാന്‍ ആണെന്നതും പ്രത്യേകതയായി. അദ്ദേഹം കഴിഞ്ഞ ദിവസം സമൂഹ മാധ്യമമായ എക്‌സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ ലോക മാധ്യമങ്ങളും അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിക്കഴിഞ്ഞു.

ഉഴപ്പനായ ആള്‍ക്കെങ്ങനെ ലോക നിലവാരമുള്ള സര്‍വ്വകലാശാലയെ നയിക്കാനാകും?

എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഓക്സ്ഫോര്‍ഡിലേക്ക് മത്സരിക്കേണ്ടത് പാക് ജയിലില്‍ നിന്നാണെന്ന പ്രത്യേകതയും ഉണ്ട്. കരുതിക്കൂട്ടി ഉണ്ടാക്കിയ കേസിലാണ് അദ്ദേഹം ജയിലില്‍ കഴിയുന്നതെന്ന് ആരാധകര്‍ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ മാസം അദ്ദേഹം ജയിലില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജയില്‍ മോചനത്തിന് വേണ്ടിയുള്ള ആസൂത്രിത നീക്കം കൂടിയാകാം ഓക്സ്ഫോര്‍ഡ് ചാന്‍സലര്‍ മത്സരം ഇപ്പോള്‍ ഉയര്‍ന്നു വന്നതെന്ന് വാദിക്കുന്നവരും ഉണ്ട്. ലോക തലത്തില്‍ ഓക്സ്ഫോര്‍ഡിനു കൂടുതല്‍ "അന്താരാഷ്ട്രീയ മുഖം" ലഭിക്കാന്‍ ഇമ്രാന്റെ വരവിനു കഴിയും എന്നാണ് അനുകൂല വിഭാഗത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍ താരതമ്യേനേ അത്ര മികച്ച പദവി ഇല്ലാത്ത ബ്രാഡ്‌ഫോര്‍ഡ്ഷയര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇമ്രാന്‍ മുന്‍പ് ഈ പദവി വഹിച്ചപ്പോള്‍ ഒരു ജോലിയും ചെയ്യാത്ത ഉഴപ്പന്‍ എന്ന വിളിപ്പേര് കേട്ട മനുഷ്യന്‍ എങ്ങനെയാകും ലോക പ്രശസ്ത സര്‍വ്വകലാശാലയെ നയിക്കുക എന്ന ചോദ്യവും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന ലോക നിലവാര പട്ടികയില്‍ സ്ഥാനം പിടിച്ച ആദ്യ പത്തില്‍ ഉള്‍പ്പെട്ട രണ്ടു യുകെ സര്‍വകലാശാലകള്‍ കേംബ്രിഡ്ജും ഓക്സ്ഫോര്‍ഡുമാണ്.

ഓക്സ്ഫോര്‍ഡിന് ഇതിലും മികച്ച ഒരാളെ കിട്ടാനില്ലേ എന്നാണ് ഇന്നലെ ദി ഒബ്സെര്‍വര്‍ പത്രത്തിന്റെ കോളമിസ്റ്റ് കാതറിന്‍ ബെന്നെറ്റ് അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശം ഉയര്‍ത്തിയത്. മാത്രമല്ല താലിബാന്‍ സുഹൃത്തെന്നു വിളിപ്പേരുള്ള ഇമ്രാന്‍ ഈ പദവിയില്‍ എത്തുന്നതിനെ എങ്ങനെ ന്യായീകരിക്കും എന്ന ചോദ്യവും കാതറിന്‍ ഉയര്‍ത്തുന്നു. സ്ത്രീ പീഡന വിവാദത്തില്‍ വരെ ചെന്നെത്തിയ ഇമ്രാന്‍ സര്‍വ്വകലാശാലക്ക് എങ്ങനെ മുതല്‍ക്കൂട്ടാകും എന്നും കാതറിന്‍ ചോദ്യം ഉയര്‍ത്തുന്നു.

സല്‍മാന്‍ റഷ്ദിയെ അവഹേളിക്കും വിധം പെരുമാറിയ വ്യക്തി എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഇമ്രാന്‍ ഈ പദവിയില്‍ എത്താന്‍ പാടില്ല എന്നും കാതറിന്‍ വാദിക്കുന്നു. ഒസാമബിന്‍ ലാദനെ രക്തസാക്ഷി എന്ന് വിശേഷിപ്പിയ്ക്കാന്‍ തയ്യാറായതും ഇമ്രന്‍ തന്നെയാണെന്നും പിന്നീട് ഒരിക്കലും ലാദനെ തീവ്രവാദി എന്ന് വിശേഷിപ്പിക്കാന്‍ ഖാന്‍ തയ്യാറായിട്ടില്ല എന്നും കാതറിന്‍ കുറ്റപ്പെടുത്തുന്നു. ഇമ്രാന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ഒസാമ ബിന്‍ ലാദന് ലഭിച്ചു എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് കാതറിനും

നടക്കാത്ത കാര്യത്തിന് വേണ്ടി ഉള്ള പ്രയത്നം മറ്റു പല ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയെന്ന് സംശയം

സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ഇന്നും തടസപ്പെടുത്തുന്ന താലിബാനുള്ള അംഗീകാരമാകും ഇമ്രാന്‍ ഓക്സ്ഫോര്‍ഡില്‍ എത്തിയാല്‍ സംഭവിക്കുക എന്നും ഓക്സ്ഫോര്‍ഡിനെ സംബന്ധിച്ച് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് ഇമ്രാന്റെ നോമിനേഷനിലൂടെ സംഭവിച്ചിരിക്കുന്നതിനും ഒബ്‌സര്‍വര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഖാന് ജയില്‍ മോചിതനാകാനും അദ്ദേഹത്തിന്റെ ആഗോള പ്രശസ്തി സര്‍വ്വകലാശാലയ്ക്കും നേട്ടം ആകും എന്നാണ് ഖാന്റെ നാമനിര്‍ദേശത്തിനു ചുക്കാന്‍ പിടിക്കുന്ന ഡാനിയേല്‍ ഹന്നാന്റെ വാദം. എന്നാല്‍ ഇമ്രാന്‍ ഇപ്പോള്‍ ജയില്‍ മോചിതനാകുന്നത് എങ്ങനെ എന്ന ആലോചനയില്‍ ആണെന്നും അതിനിടയില്‍ ബ്രിട്ടനിലെ സര്‍വകലാശാലയുടെ കാര്യം ഓര്‍ക്കാന്‍ അദ്ദേഹത്തിന് എവിടെ നേരം എന്ന് പാക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നതും ലോക മാധ്യമ ശ്രദ്ധയില്‍ എത്തുന്നുണ്ട്.

അതേസമയം പത്തു വര്‍ഷത്തേക്ക് ഉള്ള ഓക്സ്ഫോര്‍ഡിലെ ചാന്‍സലര്‍ പദവിക്കാലം മുഴുവന്‍ ഇമ്രാന്‍ പാക് ജയിലില്‍ കഴിയാന്‍ ഉള്ള സാധ്യതയും തള്ളികളയാനാകില്ല എന്നും എതിര്‍ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇമ്രാന് 14 വര്‍ഷം ജയില്‍ ശിക്ഷയില്‍ ഇപ്പോള്‍ ഒരൊറ്റ വര്‍ഷത്തെ തടവ് മാത്രമാണ് പൂര്‍ത്തിയായത് എന്നതും പ്രധാനമാണ്. ഇക്കാരണം കൊണ്ടാകാം ആഗോള ശ്രദ്ധയില്‍ ഇമ്രാന്‍ വിഷയം എത്തിക്കാന്‍ അദ്ദേഹത്തിന് വേണ്ടി ബ്രിട്ടനില്‍ ലോബിയിങ് നടത്തുന്നവര്‍ ഓക്സ്ഫോര്‍ഡിലെ ചാന്‍സലര്‍ പദവിയെ കൂട്ട് പിടിച്ചത് എന്നും വിലയിരുത്തപ്പെടുന്നു.

ഓക്സ്ഫോര്‍ഡില്‍ നിത്യ സാന്നിധ്യം ആകേണ്ട ആള്‍ ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പാക് ജയിലില്‍ നിന്നും എങ്ങനെ ചാന്‍സലര്‍ പദവി വഹിക്കും എന്ന ചോദ്യത്തില്‍ തന്നെ ഈ പദവിക്ക് വേണ്ടി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുന്നവരുടെ ലക്ഷ്യം മറ്റു പലതും ആണെന്ന് വ്യക്തമാകുന്നുണ്ടെന്നും കാതറിന്‍ അഭിപ്രായപ്പെടുന്നു. അതോ ഇമ്രാന്റെ ഫോട്ടോ അലങ്കാരമായി വച്ചോ സിമ്പോളിക് പ്രാതിനിധ്യം എന്ന നിലയില്‍ ക്രിക്കറ്റ് ബാറ്റ് കസേരയില്‍ വച്ചായിരിക്കുമോ ഓക്സ്ഫോര്‍ഡില്‍ ചടങ്ങുകള്‍ നടത്തുക എന്ന പരിഹാസവും ഇവര്‍ എഴുത്തിലൂടെ ഉന്നയിക്കുന്നു.

ഓക്‌സ്ഫോര്‍ഡ് ചാന്‍സലര്‍ക്ക് വേണ്ടിയുള്ള നോമിനേഷന്‍ ഇപ്പോള്‍ അവസാനിക്കുകയും തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കവെയാണ് വിവാദം കത്തിപ്പടരുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മൂല്യവും സംസ്‌കാരവും തകര്‍ക്കാന്‍ ഉള്ള നീക്കങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം കാര്യങ്ങളെ കാണാനാകൂ എന്നും ഇമ്രാന്റെ വരവിനു തടയിടുന്നവര്‍ പറയുന്നു. ചൈനയുമായി ഉറ്റ ചങ്ങാത്തം സ്ഥാപിച്ചാണ് ഇമ്രാന്‍ അതികാരത്തില്‍ തുടര്‍ന്നിരുന്നത് എന്നും ഉയ്‌ഗോര്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ മോശമാക്കിയതില്‍ ഇമ്രാനുള്ള പങ്കും ചെറുതല്ലെന്ന് ഒബ്‌സര്‍വര്‍ പത്രം തുറന്നെഴുതുന്നു. സര്‍വോപരി ഇമ്രാന്റെ നാമനിര്‍ദേശം പോലും ഓക്സ്ഫോര്‍ഡിലെ ഇപ്പോഴുള്ള വനിതാ വിദ്യാര്‍ത്ഥികളുടെ മേല്‍ വീഴ്ത്തിയിരിക്കുന്ന കളങ്കമായി മാറുകയാണ് എന്ന് രൂക്ഷ വിമര്‍ശവും പത്രം ഉയര്‍ത്തുന്നു.

പേരെടുത്ത അഭിഭാഷക കൂടിയായ ലേഡി എലിഷ ആംഗ്ലിനി മത്സര രംഗത്തുള്ളതിനാല്‍ അവര്‍ക്ക് വേണ്ടി വാദിക്കാന്‍ പ്രമുഖ എഴുത്തുകാരും കോളമിസ്റ്റുകളും ഒക്കെ രംഗത്തുണ്ട് എന്നതും ഇമ്രാന്റെ നാമനിര്‍ദേശത്തിന് പോലും ഭീഷണിയാണ്. 800 വര്‍ഷത്തെ ചരിത്രമുള്ള ഓക്സ്ഫോര്‍ഡില്‍ പുരുഷ മേധാവിത്തം അവസാനിപ്പിക്കാന്‍ ഒരു വനിതാ ചാന്‍സലര്‍ ആകേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ് എന്ന് എലിഷയുടെ പിന്തുണക്കാര്‍ വാദിക്കുന്നു. സെന്റ് ഹ്യൂഗ് കോളേജ് പ്രിന്‍സിപ്പല്‍, ഓക്സ്ഫോര്‍ഡ് പ്രൊ വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍ നിന്നുമാണ് എലീഷാ ചാന്‍സലര്‍ പദവിയിലേക്ക് നോട്ടമിടുന്നത്.

ഇവരുടെ ഭര്‍ത്താവ് കുട്ടികളെ നോക്കുന്നതിനായി ജോലി പോലും വേണ്ടെന്നു വച്ചതിനാല്‍ ഓക്സ്ഫോര്‍ഡിനു മഹിമയോടെ പറയാനാകുന്ന പേരാകും എലീശയുടേത് എന്നും ഇമ്രാന്‍ വിമര്‍ശകര്‍ ആവേശത്തോടെ വാദിക്കുന്നു. ബ്രിട്ടീഷ് വംശജര്‍ അല്ലാത്തവര്‍ ഓക്സ്ഫോര്‍ഡിലെ ചാന്‍സലര്‍ പദവിക്ക് അനുയോജ്യരാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട് എന്ന് സ്‌കൈ ന്യൂസ് അവതാരകന്‍ ആദം ബോള്‍ട്ടിനെ പോലെ ഉള്ളവര്‍ തുറന്നു പറയുമ്പോഴും ഇമ്രാന്റെ സാധ്യതകള്‍ പോലും ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന സന്ദേശമാണ് ഉയരുന്നത്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗ്രാഡുവേറ്റ് വിദ്യാര്‍ത്ഥികളും അധ്യാപക നിരയും ഒക്കെ ഉള്‍പ്പെടുന്ന 5000 ലേറെ വോട്ടര്‍മാര്‍ ഇതാദ്യമായി ഓണ്‍ലൈന്‍ വോട്ട് രേഖപ്പെടുത്തുമെന്ന പ്രത്യേകതയുമുണ്ട്. ഒക്ടോബര്‍ 28നാകും വോട്ടെടുപ്പ് നടക്കുക.