ലണ്ടന്‍: കെയറര്‍ വിസയുടെ പേരില്‍ വിദേശ വിദ്യാര്‍ത്ഥികളെ തട്ടിച്ച് കോടികള്‍ കവര്‍ന്നെടുന്ന ആഗോള തലത്തില്‍ തന്നെ നെറ്റ്വര്‍ക്കുള്ള ഏജന്‍സികള്‍ യു കെയില്‍ തഴച്ചു വളരുകയാണ്. ഇവരുടെ ഇടനിലക്കാരായി ജോലി ചെയ്യുന്നവര്‍, കെയര്‍ മേഖലയില്‍ ജോലി ആവശ്യമുള്ള വിദേശ വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതായി ബിബി സിയുടെ അന്വേഷണത്തില്‍ പുറത്തുവന്നു. സാധാരണയായി സൗജന്യമായി ലഭിക്കേണ്ട സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ പലരും 17,000 പൗണ്ട് വരെ നല്‍കിയെന്നാണ് അന്വേഷണത്തില്‍ ബോദ്ധ്യമായിരിക്കുന്നത്.

പിന്നീട് അവര്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്കായി അപേക്ഷിക്കുമ്പോള്‍ യോഗ്യത ഇല്ല എന്ന കാരണത്താല്‍ അവരുടെ അപേക്ഷ നിരസിക്കപ്പെടുന്നു. ടൈമൂര്‍ റാസ എന്നൊരു വ്യക്തി 1.2 മില്യന്‍ പൗണ്ടിന് 141 വിസ വിറ്റതായി കണ്ടെത്തി എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അവയില്‍ മിക്കതും ഉപയോഗമില്ലാത്തതുമായിരുന്നു. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് അയാള്‍ വാദിക്കുന്നത്. മാത്രമല്ല, ചില വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരികെ നല്‍കിയതായും അയാള്‍ അവകാശപ്പെടുന്നു.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്ത്, ജീവനക്കാരെയും നിയമിച്ചാണ് ഇയാള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കെയര്‍ ഹോമുകളില്‍ ജോലി വാഗ്ദാനം ചെയ്യുന്നതും എംപ്ലോയ്‌മെന്റ് സ്പോണ്‍സര്‍ഷിപ്പുകള്‍വില്‍ക്കുന്നതും. സാധുതയുള്ള സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ തന്നെയാണ് ഇയാള്‍ വില്‍ക്കുന്നത് എന്നാണ് അറിയുന്നത്, ചിലര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം പേര്‍ക്കും ഈ രേഖകള്‍ ഉപയോഗ ശൂന്യമാവുകയായിരുന്നു.

വര്‍ക്ക് വിസ ലഭിക്കുന്നതിനായി ആയിരക്കണക്കിന് പൗണ്ട് ചെലവഴിച്ച പതിനേഴോളം പുരുഷന്മാരോടും സ്ത്രീകളോടും ബി ബി സി സംസാരിച്ചു എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യത്യസ്ത ഏജന്റുമാര്‍ക്കായി മൊത്തം നല്‍കിയത് 38,000 പൗണ്ട് ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ വംശജരായ ഇവര്‍ക്ക്, ഇംഗ്ലണ്ടില്‍ അതിമനോഹരമായ ഒരു ജീവിതം എന്ന സ്വപ്നം നല്‍കിയാണ് ഈ കുഴിയില്‍ ചാടിച്ചതത്രെ. ഇംഗ്ലണ്ടിലെത്തിയ അവര്‍ക്ക് ജോലി ലഭിച്ചില്ല എന്ന് മാത്രമല്ല, തങ്ങള്‍ക്ക് പറ്റിയ ചതി, ഇന്ത്യയിലുള്ള വീട്ടുകാരെ അറിയിക്കാന്‍ പോലും കഴിയാത്ത സാഹചര്യവുമായി.

2022-ല്‍ കെയര്‍ മേഖലയില്‍ വന്‍ തൊഴിലാളി ക്ഷാമം നേരിട്ടതോടെയാണ് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സര്‍ക്കാര്‍ വിപുലപ്പെടുത്തിയത്. ഇതിനായി, റെജിസ്റ്റര്‍ ചെയ്ത കെയര്‍ ഹോം അല്ലെങ്കില്‍ ഏജന്‍സികളില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ലഭിക്കേണ്ടതുണ്ട്. യോഗ്യതയുള്ളവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കുന്നതാണ് ഈ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുകള്‍. എന്നാല്‍, ഇപ്പോള്‍ ഇടനിലക്കാര്‍ ഇവിടെ സ്പോണ്‍സര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ് ലാഭമുണ്ടാക്കുകയാണ്. ഇവരുടെ ഇരകളായവരില്‍ പലരും ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണിയിലുമാണ്.