ലണ്ടന്‍: അമേരിക്കയുടെ ഉറ്റ ചങ്ങാതിയായി അറിയപ്പെടുന്ന ബ്രിട്ടന്‍ പതിവില്ലാതെ അമേരിക്കന്‍ നയത്തിന് എതിരായ നയം സ്വീകരിച്ചത് രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ഏകോപിപ്പിച്ചു കൊണ്ടുള്ള, ഇസ്രയേലിനോടുള്ള സമീപനത്തിന് വിരുദ്ധമായി ഇസ്രയേലിന് ആയുധം നല്‍കുന്നതിനുള്ള ചില കയറ്റുമതി ലൈസന്‍സുകള്‍ ബ്രിട്ടന്‍ മരവിപ്പിച്ചതാണ് അവരെ ഞെട്ടിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തിനായി അവ ഉപയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ഈ നടപടി.

ഗാസയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങള്‍ കഴിഞ്ഞ രണ്ടുമാസമായി വിശകലനം ചെയ്തിരുന്നു എന്ന് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പറഞ്ഞു. പാലസ്തീനിയന്‍ ബന്ധിക്കളെ കുറിച്ചും ഗാസയിലേക്കുള്ള ഭക്ഷണ വിതരണത്തെ കുറിച്ചുമാണ് പ്രധാന ആശങ്ക എന്നും വിദേശകാര്യ വക്താവ് പറയുന്നു. മേഖലയെ നശിപ്പിക്കുന്നതില്‍ യു കെയില്‍ നിന്നുള്ള ആയുധ കയറ്റുമതിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തില്‍ ഒരു അനുമാനത്തില്‍ എത്തിയിട്ടില്ലെന്നും വക്താവ് അറിയിച്ചു.

എന്നാല്‍, അവിടെ ഉണ്ടായ വ്യാപകമായ നഷ്ടവും ധാരാളം സാധാരണക്കാര്‍ മരിക്കാന്‍ ഇടയായതുമെല്ലാം ഏറെ ആശങ്കപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പറയുന്നു. യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയുടെ സ്പെയര്‍ പാര്‍ട്ട്‌സുകളുടെ കയറ്റുമതിയാണ് ഇപ്പോള്‍ മരവൈപ്പിച്ചിരിക്കുന്നത്. ഇത് അമേരിക്കന്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിലേക്ക് ബ്രിട്ടനെ നയിക്കുമോ എന്ന കാര്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

നിലവിലുള്ള 350 ആയുധ ലൈസന്‍സുകളില്‍ 30 എണ്ണത്തിനെയാണ് ഇത് ബാധിക്കുക എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. എന്നാല്‍, എഫ് 35 ഫൈറ്റര്‍ ജെറ്റുമായി ബന്ധപ്പെട്ട, ബ്രിട്ടനില്‍ നിര്‍മ്മിക്കുന്ന എല്ലാ സ്പെയര്‍പാര്‍ട്ട്‌സുകളെയും ഈ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എഫ് 35 ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നത് ഒരു അന്താരാഷ്ട്ര കരാറിന്റെ ഭാഗമായാണെന്നും, ബ്രിട്ടന് ഏകപക്ഷീയമായി അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആവില്ല എന്നുമാണ് ഇതിന് വിശദീകരണമായി സര്‍ക്കാര്‍ പറയുന്നത്. ഈ ഭാഗങ്ങള്‍ അമേരിക്കയിലേക്കാണ് നല്‍കുന്നത്. എന്നാല്‍, ഏതെങ്കിലും സാഹചര്യത്തില്‍ ഇവ ഇസ്രയേലിലേക്ക് നേരിട്ട് കയറ്റി അയയ്ക്കേണ്ടി വന്നാല്‍ അതിന് വിലക്ക് ബാധകമാകും.

ഇസ്രയേലും അമേരിക്കയുമായുമുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന ഈ തീരുമാനം ദുഃഖത്തില്‍ എടുത്ത തീരുമാനമാണെന്നും ദേഷ്യം കൊണ്ട് എടുത്ത ഒന്നല്ല എന്നും ലാമി പറഞ്ഞു. ആയുധ കയറ്റുമതി പൂര്‍ണ്ണമായും തടയുന്ന നിലയിലെക്ക് ഇത് പോകില്ലെന്നും ലാമി അറിയിച്ചു. 1982 ല്‍ മാര്‍ഗരറ്റ് താച്ചര്‍ ഉണ്ടാക്കിയ കരാറുകള്‍ റദ്ദാക്കുന്നതു പോലുമുണ്ടാകില്ല. അതേസമയം, ബ്രിട്ടന്റെ ഈ നീക്കത്തില്‍ ഇസ്രയേലി പ്രതിരോധ മന്ത്രി യോവാവ് ഗാലന്റ് അതൃപ്തി പ്രകടിപ്പിച്ചു.

വ്യത്യസ്തങ്ങളായ ഏഴ് പോര്‍മുഖങ്ങളില്‍ തങ്ങള്‍ യുദ്ധം ചെയ്യുകയാണെന്ന് പറഞ്ഞ അദ്ദേഹം യാതൊരു പ്രകോപനവും ഇല്ലാതെ ഒരു ഭീകര സംഘടന ആരംഭിച്ച യുദ്ധമാണിതെന്നും ബ്രിട്ടനെ ഓര്‍മ്മിപ്പിച്ചു. ഹമാസ് ഭീകരര്‍ ബന്ധികളായി പിടിച്ച ആറു ബന്ദികളുടെ ക്രൂരമായ കൊലപാതകത്തില്‍ ലോകം ഞെട്ടിത്തരിച്ചിരിക്കുന്ന സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബ്രിട്ടന്റെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും പറഞ്ഞു. ഇത് ഹമാസിനും, ഇറാനിലെ അവരുടെ സ്പോണ്‍സര്‍മാര്‍ക്കും തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ പറഞ്ഞു.