- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നായയുമായി നടക്കാനിറങ്ങിയ 80 കാരനായ ഇന്ത്യന്‍ വംശജനെ ആക്രമിച്ച് കൊലപ്പെടുത്തി; യുകെയില്‍ 12 വയസ്സുള്ള മൂന്ന് കുട്ടികള്‍ അടക്കം അഞ്ചുപേരെ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനെ വീണ്ടും ഞെട്ടിച്ചുകൊണ്ട് വീണ്ടും കൗമാര കുറ്റകൃത്യം. ഇത്തവണ കുറ്റവാളികളില്‍ പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് അതീവ ആശങ്കയുയര്‍ത്തുന്നു. തന്റെ വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ 80 കാരനെയാണ് കൗമാരക്കാരുടെ അഞ്ചംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ വീട്ടില്‍ നിന്നും വെറും 20 മീറ്റര്‍ അകലെയാണ് ഭീം കോഹ്ലി എന്ന വൃദ്ധന് കൊലചെയ്യപ്പെടുന്നത്. ബ്രൗണ്‍സ്റ്റോണ്‍ പട്ടണത്തിലെ ഫ്രാങ്ക്ലിന് പാര്‍ക്കിലാണ് വൈകിട്ട് ആറര മണിയോടെ കോഹ്ലിയുടെ ശരീരം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു 14 കാരന് ഇപ്പോള്‍ […]
ലണ്ടന്‍: ബ്രിട്ടനെ വീണ്ടും ഞെട്ടിച്ചുകൊണ്ട് വീണ്ടും കൗമാര കുറ്റകൃത്യം. ഇത്തവണ കുറ്റവാളികളില്‍ പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളത് അതീവ ആശങ്കയുയര്‍ത്തുന്നു. തന്റെ വളര്‍ത്തുനായയുമായി നടക്കാന്‍ ഇറങ്ങിയ 80 കാരനെയാണ് കൗമാരക്കാരുടെ അഞ്ചംഗ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ വീട്ടില്‍ നിന്നും വെറും 20 മീറ്റര്‍ അകലെയാണ് ഭീം കോഹ്ലി എന്ന വൃദ്ധന് കൊലചെയ്യപ്പെടുന്നത്.
ബ്രൗണ്‍സ്റ്റോണ്‍ പട്ടണത്തിലെ ഫ്രാങ്ക്ലിന് പാര്‍ക്കിലാണ് വൈകിട്ട് ആറര മണിയോടെ കോഹ്ലിയുടെ ശരീരം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു 14 കാരന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇയാള്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട മറ്റ് നാല് കുട്ടികളെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായും പോലീസ് പറഞ്ഞു. കഴുത്തിനേറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോഹ്ലിയുടെ വീടിനടുത്തുള്ള യുവാക്കളുടെ ഒരു സംഘം കഴിഞ്ഞ ജൂലായില്‍ ഇയാളെ അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്ന കോലപാതകത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് പുറകിലെ ലക്ഷ്യവും കൊലപാതകത്തിലേക്ക് നയിച്ച പശ്ചാത്തലവും വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
പരിക്കേറ്റ നിലയില്‍ പാര്‍ക്കില്‍ കണ്ടെത്തിയ കോഹ്ലിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം മരണമടഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയേയും, 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയേയും ഒരു പെണ്‍കുട്ടിയെയും ആണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതില്‍ 14 വയസ്സുള്ള ആണ്‍കുട്ടി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരെ പ്രത്യേകിച്ച് നടപടികള്‍ ഒന്നും എടുക്കാതെ പറഞ്ഞു വിട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജൂലായില്‍, നടന്ന കോഹ്ലി ഉള്‍പ്പെടുന്ന സംഭവം പോലീസ് വാച്ച്ഡോഗ് ആയ ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഓഫ് പോലീസ് കണ്ട്രോളിന് റഫര്‍ ചെയ്തിരിക്കുകയാണ്. ഈ സംഭവം നടക്കുമ്പോള്‍ ഒരു പറ്റം യുവാക്കള്‍ കോഹ്ലിയ്ക്ക് നേരെ വംശീയാധിക്ഷേപം ചൊരിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ വംശീയ വിദ്വേഷമാണോ എന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ല. എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്ന് മാത്രമെ പറയുന്നുള്ളു.