- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഉറച്ച് ഇസ്രയേല്‍; ലബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന പ്രഖ്യാപനം നല്‍കുന്നത് യുദ്ധഭീതി; യുന്‍ രക്ഷാ സമിതി യോഗം നിര്‍ണ്ണായകം; പശ്ചിമേഷ്യയില്‍ 'റോക്കറ്റുകള്‍' നാശം വിതയ്ക്കുമ്പോള്
ലബനനില്‍ കൂട്ട പലായനവും തുടരുന്നു
ബെയ്റുട്ട്: ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ തകര്‍ക്കാന്‍ ഉറച്ച് ഇസ്രയേല്‍. ലെബനന്‍ തലസ്ഥാനമായ ബയ്റുട്ടില്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയ ഇസ്രയേല്‍ നല്‍കുന്നത് ഹിസ്ബുള്ളയെ തുടച്ചു മാറ്റുമെന്ന സന്ദേശമാണ്. ഇതിനെ ഇറാനും ഇറാഖും അടക്കം ചെറുത്തു തോല്‍പ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി.
ലബനനില്‍ സമ്പൂര്‍ണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതോടെ യുദ്ധ ഭീതിയിലാണ് ലോകം. യു എസിന് പിന്നാലെ പൗരന്മാര്‍ ഉടന്‍ ലെബനന്‍ വിടാന്‍ ബ്രിട്ടനും നിര്‍ദ്ദേശിച്ചു. സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ അടിയന്തര രക്ഷാ സമിതി യോഗം ചേരും. അതേസമയം, ഇസ്രയേലിന്റെ ഓരോ ആക്രമണത്തിനും മറുപടി ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസത്തെ ഹിസ്ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡറാണ് ഖുബൈസി. മറുപടിയായി വടക്കന്‍ ഇസ്രയേലിലെ പട്ടാളകേന്ദ്രങ്ങളിലേക്ക് ഹിസ്ബുള്ള റോക്കറ്റയച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരാല്‍ ലെബനനിലെ പല ആശുപത്രികളും നിറഞ്ഞെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഇസ്രയേലിലെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭത്തിലേക്കു മാറ്റി. ഹൈഫയില്‍ ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്. സ്ഥിതിഗതികള്‍ ഐക്യരാഷ്ട്ര സഭയും വിലയിരുത്തുന്നുണ്ട്.
സംഘര്‍ഷം രൂക്ഷമായിത്തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്ടു. എമിറേറ്റ്സും ഖത്തര്‍ എയര്‍വേസുമുള്‍പ്പെടെ പതിനഞ്ചോളം വിമാനക്കമ്പനികള്‍ ഇസ്രയേലിലേക്കും ബയ്റുത്തിലേക്കുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 558 ആയി. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്.
ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള സ്ഫോടകവസ്തുശാലയെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാത്രി ഫാദി റോക്കറ്റുകളയച്ചെന്ന് ഹിസ്ബുള്ള പറഞ്ഞു. അഫുലയിലെ മെഗിദ്ദോ വ്യോമതാവളവും ആക്രമിച്ചെന്ന് അവകാശപ്പെട്ടു. വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തെ ഇസ്രയേല്‍ നേവല്‍ കമാന്‍ഡോ യൂണിറ്റിന്റെ ആസ്ഥാനമായ അറ്റ്‌ലിറ്റ് നാവിക താവളം ആക്രമിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രയേലിനുനേരെയുള്ള റോക്കറ്റ് ആക്രമണം തുടരുകയാണ് ഹിസ്ബുള്ള.
ലബനനില്‍ കൂട്ട പലായനവും തുടരുന്നു.സംഘര്‍ഷം കണക്കിലെടുത്ത് വടക്കന്‍ ഇസ്രയേലിലെ സ്‌കൂളുകള്‍ അടച്ചു. അന്താരാഷ്ട്ര എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. സംഘര്‍ഷം നിറുത്തണമെന്ന് ഈജിപ്റ്റ്, തുര്‍ക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. നിരവധി ലോക നേതാക്കള്‍ തങ്ങളുടെ യുഎന്‍ ജനറല്‍ അസംബ്ലി പ്രസംഗങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തെ അപലപിക്കുകയും ചെയ്തു.