- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് ഒരു വര്‍ഷം തികഞ്ഞു; ജീവിതം തടസ്സപ്പെട്ടിട്ട്.. ആകാശം കറുത്തിട്ട്.. ജൂത ജനതയെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിയവര്‍ ചിരിച്ചിട്ട്; ഉറ്റവരുടെ ഓര്‍മകള്‍ക്ക് മുന്പില് കണ്ണീരൊഴുക്കി ഇസ്രായേല്‍ ജനത; മരണദിനം ആഘോഷിച്ച് ഭീകരര്‍
ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്ന് കയറ്റം നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമാണ് ഇന്ന്
ജെറുസലേം: ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്ന് കയറ്റം നടത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനമാണ് ഇന്ന്. ഇതിനോട് അനുബന്ധിച്ച് ഇസ്രയേല്‍ പ്രസിഡന്റ് ഇസ്ഹാഖ് ഹെര്‍സോഗ് വികാരപരമായ പ്രസ്താവനയാണ് നടത്തിയത്. രാജ്യത്തെ ജനങ്ങളുടെ ജീവിതം തന്നെ നിശ്ചലാവസ്ഥയിലാക്കിയ ഒരു വര്‍ഷമാണ് കടന്ന് പോയത് എന്നാണ് ഹെര്‍സോഗ് വിശേഷിപ്പിച്ചത്.
ഇസ്രയേലിന്റെ ആകാശം ഇരുണ്ട് പോയെന്നും സ്വന്തം ജനങ്ങള്‍ക്ക് നേരേ അതിക്രൂരന്‍മാരായ തീവ്രവാദികള്‍ നടത്തിയ കടുംകൈകള്‍ക്ക് തങ്ങള്‍ സാക്ഷിയാകേണ്ടേി വന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂത സമൂഹത്തേയും ഇസ്രയേല്‍ എന്ന രാജ്യത്തേയും ജനതയേയും നശിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും ഹെര്‍സോഗ് ആരോപിച്ചു. ഇസ്രയേല്‍ ജനത ഇന്നും വേദനിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ ഒഴുക്കിയ കണ്ണീരിനെ അനുസ്മരിച്ച് ഇന്ന് ദേശീയ ദുഖാചരണം നടത്താനും പ്രസിഡന്റ് ആഹ്വാനം ചെയ്തു.
അതിനിടെ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് നടന്ന അക്രമങ്ങളെ കുറിച്ചുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്ത് വിട്ടു. ഈ ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വിട്ടിട്ടില്ലാത്തതാണ്. ആക്രമണം നടന്ന സമയത്ത് ഇസ്രയേല്‍ സൈന്യം തീവ്രവാദികളുമായി ഏറ്റുമുട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ആക്രമണത്തില്‍ പരിക്കേറ്റ സൈനികനെ ഒരു പ്രദേശവാസി ശുശ്രൂഷിക്കുന്നതിന്റെയും ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് കൊണ്ടിരുന്ന ഒരു ഡ്രോണ്‍ ഹമാസ് ഭീകരര്‍ വെടിവെച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഏറ്റുമുട്ടലിനിടെ സൈനികര്‍ ഓടി നടന്ന് ഭീകരരെ നേരിടുന്നതും ചിലര്‍ തറയില്‍ വീണ് കിടക്കുന്നതും കാണാം.
അതേ സമയം ഹമാസ് ഭീകരര്‍ ബന്ദികളാക്കിയവരുടെ വീട്ടുകാര്‍ ഇപ്പോഴും ദുഖം താങ്ങാനാകാത്ത അവസ്ഥയിലാണ്. ഇവരില്‍ സ്വന്തം മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖം ആരുടേയും കണ്ണ് നനയ്ക്കും. മന്‍ഡി ഡമാരി എന്ന 63 കാരിയായ ബ്രിട്ടീഷുകാരിയായ അധ്യാപികയുടെ മകള്‍ എമിലിയെയും ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയതാണ്. പിന്നെ മകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. ഇസ്രയേലിലേയും ബ്രിട്ടനിലേയും പല രാഷ്ട്രീയ നേതാക്കളുമായും മകളുടെ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി എങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ കൂട്ടക്കൊല നടത്തിയത് 1200 പേരെയാണ്. 250 പേരെ ബന്ദികളാക്കി.
അവരില്‍ ചിലരെ വിട്ടയച്ചു എങ്കിലും നൂറോളം പേര്‍ ഇപ്പോഴും ഹമാസ് തടവിലാണ്. അതിനിടെ ഇന്നലെ രാത്രി ഇസ്രയേല്‍ ലബനനില്‍ അതിശക്തമായ ആക്രമണമാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ ഇസ്രയേല്‍ ലബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായതാണ് ഇന്നലെ ഉണ്ടായത്. ഹിസ്ബുളള താവളങ്ങളാണ് തങ്ങള്‍ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
എന്നാല്‍ ഹമാസ് അനുകൂലികള്‍ ഒക്ടോബര്‍ ഏഴിന്റെ സ്മാരകം തകര്‍ത്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ മരണദിനം ആഘോഷിക്കാനുള്ള ഭീകരരുടെ നീക്കത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് കരുതപ്പെടുന്നത്.