ടെല്‍ അവീവ്: യഹിയ സിന്‍വാറിനെ വധിച്ചതിന് പ്രതികാരം തീര്‍ക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനില്‍നിന്നു ഡ്രോണ്‍ ആക്രമണം. ലെബനനില്‍നിന്നുള്ള ഡ്രോണ്‍ രാജ്യത്തേക്ക് കടന്നതായി ഇസ്രയേല്‍ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു ഹിസ്ബുള്ളയുടെ അപ്രതീക്ഷിത ആക്രമണം. ഹമാസിന്റെ ഉന്നത നേതാവിനെ കൊന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ഇസ്രയേല്‍. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.

സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോണ്‍ ആക്രമണമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീസേറിയ പട്ടണത്തിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തില്‍ ആര്‍ക്കും പരിക്കുകളില്ല. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു. ലെബനനില്‍നിന്ന് മൂന്ന് മിസൈലുകള്‍ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോര്‍ട്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലും ഗ്ലിലോട്ടിലേയും വിവിധ ഭാഗങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. ഗാസയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന സൈനികനടപടിക്കിടെയാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു സിന്‍വാര്‍.

സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സാണ് (ഐഡിഎഫ്) യഹിയയുടെ അവസാന നിമിഷം എന്നവകാശപ്പെടുന്ന ഡ്രോണ്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തകര്‍ന്ന ഒരു അപാര്‍ട്ട്‌മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്.

ഗാസയില്‍ ഏറ്റുമുട്ടലില്‍ മൂന്നു പേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ആണെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയത്. ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതിനുശേഷമാണ് കൊല്ലപ്പെട്ടത് യഹിയ തന്നെയാണ് സ്ഥിരീകരിച്ചത്. ഡിഫന്‍സ് ഫോഴ്സിന്റെ ഒരു യൂണിറ്റ് റാഫയിലെ താല്‍ അല്‍ സുല്‍ത്താനില്‍ ബുധനാഴ്ച്ച പട്രോളിങ് നടത്തിയെന്നും കെട്ടിടങ്ങളുടെ മറവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച യഹിയ ഉള്‍പ്പെടെ മൂന്നുപേരെ ഡ്രോണ്‍ ഉപയോഗിച്ച് കണ്ടെത്തി കൊലപ്പെടുത്തിയെന്നുമാണ് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചത്. ഇതിന്റെ സന്തോഷ പ്രകടനത്തിന് ഇടെയാണ് ഇസ്രയേലിനെ ഹിസ്ബുള്ള ആക്രമിച്ചത്.

ബുധനാഴ്ച തെക്കന്‍ ഗാസയിലെ റാഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ ബിസ്ലാക്ക് ബ്രിഗേഡിന്റെ കൈകളിലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. റാഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ തെരുവിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ബിസ്ലാക്ക് ബ്രിഗേഡ് ട്രെയിനിംഗ് യൂണിറ്റിന്റ പട്രോളിംഗിനിടെ സിന്‍വാര്‍ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കാണുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നടത്തിയ വെടിവയ്പില്‍ രണ്ട് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ സിന്‍വാര്‍ അടുത്തുകണ്ട തകര്‍ന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി.സിന്‍വാറിനെ തെരഞ്ഞ് ഇസ്രയേല്‍ ഡ്രോണ്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. രണ്ടാം നിലയില്‍ അവശനായി സോഫയിലിരുന്ന സിന്‍വാര്‍ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തില്‍ കുളിച്ച സിന്‍വാര്‍, മുഖം തുണികൊണ്ട് മറച്ചിരുന്നു. വലതുകൈ തകര്‍ന്നിരുന്നു.

ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സേനയായ ഷിന്‍ ബെറ്റില്‍ സിന്‍വാറിനെ കണ്ടെത്തുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഷിന്‍വാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി യുഎസും അവകാശപ്പെടുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ തടസപ്പെടുത്തി. അടിത്തറ തുളച്ചുകയറുന്ന റഡാറുകള്‍ ഇസ്രയേലിന് കൈമാറിയതായും യുഎസ് വ്യക്തമാക്കുന്നു.എന്നിരുന്നാലും ലോകത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഇത്രയും കാലം സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, സിന്‍വാറിന്റെ ഒരു അബദ്ധമാണ് കൊല്ലപ്പെടുന്നതിന് ഇടയാക്കിയത്. ഒളിസങ്കേതത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിന്‍വാര്‍ എവിടെയാണെന്ന് അറിവ് പോലും ഇല്ലാതിരുന്ന ട്രെയിനി സ്‌ക്വാഡ് കമാന്‍ഡര്‍മാരില്‍ ഒരാളുടെ കണ്ണില്‍പ്പെടുകയായിരുന്നു.