ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ഒരു വനിതാ അഭിഭാഷക തനിക്ക് തീവ്രവാദികളില്‍ നിന്ന് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ കണ്ണീരോടെയാണ് വിവരിച്ചു. ഇരകളെ തലകീഴാക്കി കെട്ടിത്തൂക്കിയാണ് അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. അനേകം തവണ ഭീകരര്‍ പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായും കുട്ടികളോട് പോലും ഭീകരര്‍ അങ്ങേയറ്റം ക്രൂരമായിട്ടാണ് പെരുമാറിയതെന്നും അവര്‍ വെളിപ്പെടുത്തി.

അഭിഭാഷകയായ അമിത് സൂസന്നയാണ് പരാതിയുമായി ഐക്യരാഷ്ട്രസഭക്ക് മുന്നിലെത്തിയത്. അസുഖമായത് കാരണം കോടതിയില്‍ പോകാതെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന തന്നെ ഒരു സംഘം ഹമാസ് ഭീകരര്‍ ആയുധങ്ങളുമായെത്തി തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് സൂസന്ന പറയുന്നത്. കായികമായി തന്നെ അവരോട് താന്‍ പൊരുതിയെങ്കിലും തന്നെ കീഴ്പ്പെടുത്തി അവര്‍ ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. തന്നെ ചുമന്ന് കൊണ്ടാണ് അവര്‍ അതിര്‍ത്തി കടന്നതെന്നും സൂസന്ന പറയുന്നു. 55 ദിവസത്തിന് ശേഷമാണ് മറ്റ് പല ബന്ദികളേയും വിട്ടയച്ച കൂട്ടത്തില്‍ ഇവരേയും വിട്ടയച്ചത്.

കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രരക്ഷാ സമിതിയില്‍ അങ്ങേയറ്റം വികാരഭരിതയായിട്ടാണ് അവര്‍ ഹമാസ് തടവറയിലെ തന്റെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്ക് വെച്ചത്. തന്നെ ഒരു മുറിയില്‍ ചങ്ങലക്കിട്ട് ഒറ്റക്കാണ് പാര്‍പ്പിച്ചിരുന്നതെന്നും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോകാന്‍ പോലും ഭീകരരോട് കരഞ്ഞ് പറയേണ്ടി വന്നു എന്നും സൂസന്ന വെളിപ്പെടുത്തി. തനിക്ക് കാവല്‍ നിന്ന ഹമാസ് ഭീകരന്‍ പല പ്രാവശ്യം തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് അവര്‍ വ്യക്തമാക്കി.

കുളിക്കാന്‍ പോയാലും തനിക്ക് നേരേ അയാള്‍ തോക്ക് ചൂണ്ടി നില്‍ക്കുമായിരുന്നു എന്നും സൂസന്ന കൂട്ടിചേചര്‍ത്തു. ആരുടേയും കൂട്ടില്ലാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന തന്നോട് ഈ ഭീകരര്‍ അങ്ങേയറ്റം മോശമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ അറിയിച്ചു. കുറേ ദിവസങ്ങള്‍ക്ക് ശേഷം തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി. അവിടെ നേരത്തേ അനുഭവിച്ചതിനേക്കാള്‍ ക്രൂരതകളാണ് തനിക്ക് നേരിടേണ്ടി വന്നത്.

തലകീഴാക്കിയിട്ടാണ് ഹമാസ് ഭീകരര്‍ തങ്ങളെ മര്‍ദ്ദിച്ചിരുന്നതെന്നും സൂസന്ന കണ്ണീരോടെ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് സൂസന്ന ആവശ്യപ്പെട്ടു.