മോസ്‌കോ: റഷ്യയിലെ കസാനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ബ്രിക്സ് ഉച്ചകോടിയുടെ സമാപനത്തില്‍ ആതിഥേയനായ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ വാര്‍ത്താസമ്മേളനത്തില്‍ പുട്ടിനെ വെള്ളം കുടിപ്പിച്ച ബി.ബി.സി ലേഖകന്‍ താരമായി. ബി.ബി.സിയുടെ മോസ്‌കോ ലേഖകനായ സ്റ്റീവ് റോസന്‍ബര്‍ഗാണ് ചോദ്യശരങ്ങളുമായി റഷ്യന്‍ പ്രസിഡന്റിനോട് നേരിട്ട് ഏറ്റുമുട്ടിയത്.

യുക്രൈനുമായി റഷ്യ നടത്തുന്ന യുദ്ധം ബ്രിക്സ് സംഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലേ എന്ന് ഓരോ കാര്യങ്ങളും അക്കമിട്ടു നിരത്തിക്കൊണ്ട് സ്റ്റീവ് ചോദിച്ചു. എന്നാല്‍ ചോദ്യങ്ങള്‍ പുട്ടിനെ പ്രകോപിതനാക്കി. ലേഖകന്റെ ചോദ്യങ്ങള്‍ വിഡ്ഡിത്തമാണെന്ന്

തിരിച്ചടിച്ച പുട്ടിന്‍ അമേരിക്ക 2014 ല്‍ യുക്രൈനില്‍ നടന്ന സൈനിക അട്ടിമറിക്ക് എല്ലാ സഹായവും നല്‍കിയതായും കിഴക്കന്‍ രാജ്യങ്ങളിലേക്ക് നാറ്റോ സഖ്യം നോട്ടമിട്ടുണ്ടെന്നും പറഞ്ഞു. നേരത്തേയും സ്റ്റീവ് റോസന്‍ബര്‍ഗ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ച് പുട്ടിനെ വെട്ടിലാക്കിയിട്ടുണ്ട്.

2018 ല്‍ റഷ്യയുടെ മുന്‍ ചാരനായ സെര്‍ജി സ്‌കൃപാല്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് റോസന്‍ബര്‍ഗ് ചോദിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ പുട്ടിന്‍ കുഴങ്ങുകയായിരുന്നു. വ്ളാഡിമിര്‍ പുട്ടിനാണോ സെര്‍ജി കൃപാലിന്റെ മരണത്തിന് പിന്നിലെന്ന റോസന്‍ബര്‍ഗിന്റെ ചോദ്യം പുട്ടിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. പുട്ടിന്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി എങ്കിലും ഈ മാധ്യമപ്രവര്‍ത്തകന്റെ ധൈര്യത്തെ എല്ലാവരും അന്ന് അഭിനന്ദിച്ചിരുന്നു.

1997ലാണ് റോസന്‍ബര്‍ഗ് മോസ്‌കോയില്‍ ഒരു മാധ്യമപ്രവര്‍ത്തകനാകുന്നത്. റഷ്യയില്‍ ഒരധ്യാപകനായിട്ടാണ് അദ്ദേഹം ആദ്യം എത്തുന്നത്. പിന്നീട് മാധ്യമപ്രവര്‍ത്തകനായി മാറുകയായിരുന്നു. 2003 ലാണ് റോസന്‍ബര്‍ഗ് ബി.ബി.സിയില്‍ ചേരുന്നത്. 2014 ല്‍ കൊല്ലപ്പെട്ട

ഒരു റഷ്യന്‍ സൈനികന്റെ സഹോദരിയുടെ അഭിമുഖം എടുക്കുന്നതിനിടെ റോസന്‍ബര്‍ഗ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ട്. അക്രമികള്‍ ക്യാമറയും തല്ലിത്തകര്‍ത്തിരുന്നു.

പിന്നീടും പല വട്ടം അദ്ദേഹവും ബി.ബി.സി ടീമും പല തരത്തിലുള്ള ആക്രമണത്തിന് വിധേയരായിട്ടുണ്ട്. 2015 ല്‍ യുക്രൈന്‍ റോസന്‍ബര്‍ഗ് അടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുട്ടിനോട് സംസാരിക്കുമ്പോള്‍ റോസന്‍ബര്‍ഗ് പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. റഷ്യ യുക്രൈനോട് യുദ്ധം ചെയ്യുമ്പോള്‍ അത് ദുരിതത്തിലാക്കുന്നത് റഷ്യയിലെ ജനങ്ങളെ കൂടിയാണെന്ന കാര്യം ഓര്‍ക്കണമെന്നായിരുന്നു ബി.ബി.സി ലേഖകന്റെ ചോദ്യം.

എന്നാല്‍ പുട്ടിന്‍ ആകട്ടെ ചോദ്യം കേട്ടിട്ടും ദേഷ്യത്തോടെ തന്റെ കൈയ്യിലിരിക്കുന്ന നോട്ട്പാഡില്‍ എന്തൊക്കെയോ കുറിക്കുകയായിരുന്നു. തുടര്‍ന്ന് പൊട്ടിത്തെറിച്ച് കൊണ്ട് പുട്ടിന്‍ നാറ്റോ സഖ്യം ഇത്രയും കാലം ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ടാണ്

കിഴക്കന്‍ രാജ്യങ്ങള്‍ക്ക് അംഗത്വം തരാത്തതെന്ന് ചോദിച്ചു. തുടര്‍ന്ന് ക്ഷുഭിതനായ പുട്ടിന്‍ യുക്രൈനില്‍ 2014 ല്‍ നടന്ന അട്ടിമറിക്ക് പിന്നില്‍ അമേരിക്കയല്ലേ പ്രവര്‍ത്തിച്ചത് എന്നും ചോദിച്ചു. എല്ലാത്തിനും പിന്നില്‍ നിങ്ങളുടെ ആര്‍ത്തിയല്ലേ എന്നും കോപത്തോടെ ചോദിച്ചു. അതേ സമയം പുട്ടിനെ പഞ്ഞിക്കിട്ട സ്റ്റീവ് റോസ്ബര്‍ഗിന് പാശ്ചാത്യ ലോകത്ത് നിന്ന് വന്‍ അഭിനന്ദനവും പിന്തുണയുമാണ് ലഭിക്കുന്നത്.