മോസ്‌കോ: രണ്ടര വര്‍ഷമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈന് കനത്ത തോതില്‍ അപ്രതീക്ഷിത തിരിച്ചടി നല്‍കി റഷ്യ. യുക്രൈനിന്റെ ആയുധ സംഭരണ ശാല റഷ്യയുടെ മിസൈലാക്രമണത്തില്‍ കത്തിയമര്‍ന്നു. ഡൊണേറ്റ്സക്കിലെ നിരവധി ഗ്രാമങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രൈന് നല്‍കിയ സൂക്ഷിച്ചിരുന്ന ഒഡേസയിലെ ആയുധപ്പുരയാണ് മിസൈലാക്രമണത്തില്‍ തകര്‍ന്നത്. ഇസ്‌ക്കന്ദര്‍-എം ഇനത്തില്‍ പെട്ട മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ വ്യോമസേന ആയുധപ്പുര ആക്രമിച്ചത്. യുക്രൈനിലെ പ്രമുഖ തുറമുഖനഗരമാണ് ഒഡേസ. ആയുധപ്പുര ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും കനത്ത പുക കൊണ്ട് പരിസരപ്രദേശമാകെ മൂടിയിരിക്കുകയാണെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

കേണല്‍ കസാദ് എന്ന ടെലഗ്രാം ചാനലാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. പല തവണ പൊട്ടിത്തെറികള്‍ ഉണ്ടായതായും സ്ഫോടക വസ്തുക്കള്‍ ചിതറി പറക്കുന്നതായും ചാനല്‍ ദൃശ്യങ്ങള്‍ സഹിതം വെളിപ്പെടുത്തി. യുക്രൈനിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേലൈന്‍ കടന്ന് പോകുന്നത് ഈ ആയുധ സംഭരണശാലക്ക് സമീപത്ത് കൂടിയാണ്. ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഒഡേസയിലെ ആയുധപ്പുരയില്‍ സൂക്ഷിച്ചിരുന്നത് എന്ന കാര്യം ഇനിയും പുറത്ത് വിട്ടിട്ടില്ല.

അമേരിക്കയുടേയും നാറ്റോ ശക്തികളുടേയും സഹായത്തോടെ യുക്രൈന്‍ റഷ്യക്ക് നേരേ ആക്രമണം തുടരുകയാണെങ്കില്‍ അതിന് തടയിടാനുള്ള മാര്‍ഗ്ഗങ്ങള്‍ തങ്ങള്‍ ആലോചിച്ചു വരികയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ഇന്നലെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. പാശ്ചാത്യ ശക്തികള്‍ യുക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയതായും പുട്ടിന്‍ ആരോപിച്ചിരുന്നു. ശീതയുദ്ധത്തിന് ശേഷം റഷ്യയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മില്‍ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

യുക്രൈന് ആയുധം നല്‍കിയതിന് ശേഷം റഷ്യയിലേക്ക് കടന്ന് കയറാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ പല തവണ മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി പുട്ടിന്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇത്തരത്തില്‍ നടത്തുന്ന നീക്കം അമേരിക്കയുടേയും നാറ്റോ സഖ്യകക്ഷികളുടേയും നേരിട്ടുള്ള ഇടപെടലായി തന്നെ കണക്കാക്കുമെന്ന് പറഞ്ഞിരുന്നു.

കിഴക്കന്‍ യുക്രൈനില്‍ റഷ്യ ശക്തമായ കടന്നുകയറ്റം നടത്തുന്ന സാഹചര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച ആയുധങ്ങള്‍ റഷ്യക്ക് നേരേ പ്രയോഗിക്കുന്ന കാര്യം പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി അവരുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിനിടെ യുക്രൈന്‍ സൈന്യം റഷ്യയുടെ ഉള്‍ഭാഗങ്ങളിലേക്ക് നിരന്തരമായി ഡ്രേണാക്രമണം നടത്തുന്നത് ഇ്പ്പോഴും തുടരുകയാണ്.

1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ ശക്തികളും തങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പുട്ടിന്‍ നിരന്തരമായി ആരോപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഈ സമയത്ത് റഷ്യയും യുക്രൈനും തമ്മില്‍ ഇപ്പോഴും തുടരുന്ന ഏറ്റുമുട്ടല്‍ റഷ്യ ഇപ്പോഴും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.

താന്‍ ജയിച്ചാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രസിഡന്‍ര് സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപ് പറയുമ്പോല്‍ താന്‍ പ്രസിഡന്റ് ആയാല്‍ യുക്രൈനുള്ള പിന്തുണ തുടരുമെന്നാണ് കമലാഹാരിസിന്റെ നിലപാട്.