ക്വാലാലംപൂർ: അമേരിക്കയിലെ വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മലേഷ്യയിലെത്തി. പോർട്ട് ക്ലാങിലാണ് യുഎസ് കപ്പൽ എത്തുന്നത്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു യുഎസ് കപ്പൽ മലേഷ്യയിൽ എത്തുന്നത്.

2012ൽ യുഎസ്എസ് ജോർജ് വാഷിം​ഗ്ടൺ ആണ് അവസാനമായി മലേഷ്യയിലെത്തിയ യുഎസ് കപ്പൽ. അതേസമയം, യുഎസ്എസ് എബ്രഹാം ലിങ്കൻ്റെ സന്ദർശനം ചൈനയെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പോർട്ട് ക്ലാങ് ക്രൂയിസ് ടെർമിനലിൽ യുഎസ് വിമാനവാഹിനിക്കപ്പലിനെ റോയൽ മലേഷ്യൻ നേവിയിലെ റിയർ അഡ്മിറൽ മുഹമ്മദ് അദ്സാം ഒമറാണ് സ്വാഗതം ചെയ്തത്. മലേഷ്യയിലെ യുഎസ് ഡിഫൻസ് അറ്റാഷെ, ക്യാപ്റ്റൻ പാസിത് സോംബൂൺപാക്രോൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

യുഎസ് കപ്പലിന്റെ വരവിനെ ചരിത്രപരമെന്നാണ് മലേഷ്യയിലെ യുഎസ് അംബാസഡർ എഡ്ഗാർഡ് ഡി കഗൻ വിശേഷിപ്പിച്ചത്. അമേരിക്ക മലേഷ്യയെ അത്രയേറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ, യുഎസ് കപ്പലിന്റെ അപ്രതീക്ഷിത മലേഷ്യൻ സന്ദർശനം ചൈനയെ വല്ലാതെ ആശങ്കപ്പെടുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുഎസ്എസ് എബ്രഹാം ലിങ്കൻ്റെ വരവ് യുഎസ്-മലേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്.

ദക്ഷിണ ചൈനക്കടലിലും തായ്വാനിലുമായി ചൈന പ്രകോപനങ്ങൾ തുടരുന്നതിനിടെയാണ് മലേഷ്യയിലേയ്ക്ക് യുഎസ് കപ്പൽ ഇപ്പോൾ എത്തിയിരിക്കുന്നത്.