വാഷിങ്ടണ്‍: അമേരിക്കയില്‍ എങ്ങും ദുരൂഹത ഉയര്‍ത്തി ഡ്രോണുകള്‍ കാണപ്പെടുന്നത് ജനങ്ങള്‍ക്കിടിയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരം ഡ്രോണുകളെ വെടിവെച്ചിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂജഴ്സി, ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, വെര്‍ജീനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് ഇത്തരം ദുരൂഹ ഡ്രോണുകള്‍ നിരന്തരമായി കാണപ്പെടുന്നത്. പല സ്ഥലങ്ങളിലും ദിവസവും അമ്പതോളം ഡ്രോണുകള്‍ വരെ കാണപ്പെട്ടു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 48 മണിക്കൂറിനുള്ളില്‍ ഏതാണ്ട് മൂവായിരത്തോളം ഫോണ്‍ കോളുകളാണ് ജനങ്ങളില്‍ നിന്ന് അധികൃതര്‍ക്ക് ലഭിച്ചത്.

ശത്രു രാജ്യങ്ങളായ റഷ്യയോ ചൈനയോ ഇറാനോ മറ്റോ ആണോ ഇതിന് പിന്നിലെന്ന് ജനങ്ങള്‍ സംശയിക്കുന്നു. കഴിഞ്ഞ ദിവസം ട്രൂത്ത് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തിയ പ്രസ്താവനയില്‍ നിയുക്ത പ്രസിഡന്റ് ട്രംപ് ഇത്തരത്തില്‍ ഡ്രോണുകള്‍ കാണപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ അറിവോടെ തന്നെയാണോ ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നതെന്ന് ചോദിച്ച ട്രംപ് താന്‍ അങ്ങനെ കരുതുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് ഇതേ പറ്റി അറിയാനുള്ള അവകാശം ഉണ്ടെന്ന് പറഞ്ഞ ട്രംപ് ഇത്തരം ഡ്രോണുകളെ അടിയന്തരമായി തന്നെ വെടിവെച്ചിടണം എന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി കഴിഞ്ഞ ദിവസം വെര്‍ജീനിയയിലും പെന്‍സില്‍വാനിയയിലും ഉള്ള സൈനിക കേന്ദ്രങ്ങളുടേയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് കോഴ്സിന് മുകളിലൂടെയും വിമാനങ്ങള്‍ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും കൂറ്റന്‍ ഡ്രോണുകള്‍ എങ്ങനെയാണ് ഇവിടേക്ക് പറന്നെത്തുന്നത് എന്നതാണ് ചോദ്യം. ഈ ഡ്രോണുകളില്‍ ചുവപ്പും പച്ചയും ലൈറ്റുകള്‍ ഉള്ളതായിട്ടാണ് ജനങ്ങള്‍ പറയുന്നത്. ചില ഡ്രോണുകള്‍ക്ക് ഒരു കാറിന്റെ വലിപ്പം ഉണ്ടെന്നാണ് കണ്ടവര്‍ പറയുന്നത്. ഇവയെ റഡാറില്‍ കാണാന്‍ കഴിയുന്നില്ല എന്ന കാര്യം ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.

പോലീസും ഇതേ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് എഹ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 18ന് ആദ്യമായി ഇത്തരത്തില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതിന് മുമ്പ് ന്യൂജെഴ്സിയുടെ തീരത്ത് നിന്ന് അകലെയായി ഒരു ഇറാന്‍ കാണപ്പെട്ടതായി പറയപ്പെടുന്നു. ഈ ഡ്രോണുകള്‍ തീരത്ത് നിന്ന് വളരെ ദൂരെ നിലയുറപ്പിച്ചിട്ടുള്ള ഏതോ ശത്രു രാജ്യത്തിന്റെ കപ്പലില്‍ നിന്നാണ് അയയ്ക്കുന്നതെന്ന് സംശയിക്കുന്നതായി യു.എസ് കോണ്‍ഗ്രസിലെ അംഗമായ ജെഫ് വാന്‍ ഡ്രൂ അഭിപ്രായപ്പെട്ടു. ഇത്തരം ഡ്രോണുകള്‍ക്ക് ഏരെ ദൂരം താണ്ടാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈനയേക്കാള്‍ ഇക്കാര്യത്തില്‍ താന്‍ സംശയിക്കുന്നത് ഇറാനെയാണെന്നും ജെഫ് വാന്‍ ഡ്രൂ വ്യക്തമാക്കി. പെന്റഗണിനെ ഇതിനെ കുറിച്ച് ഇനിയും ഒന്നും മനസിലാക്കാന്‍ കഴിയാത്തതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഒരു ബോട്ടിനെ 13 ഡ്രോണുകള്‍ പിന്തുടര്‍ന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സംഭവം ഇപ്പോള്‍ അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് അന്വേഷിക്കുന്നുണ്ട്. ഡ്രോണുകളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് കൂട്ടായ്മയും ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്.

ഡ്രോണുകള്‍ അന്യഗ്രഹങ്ങളില്‍ നിന്ന് വരുന്നതാണോ എന്നും ചിലര്‍ സംശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഡ്രോണുകളെ വെടിവെച്ചിടരുതെന്നാണ് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.