- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക ഫസ്റ്റ് അജണ്ട നടപ്പാക്കാന്‍ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടങ്ങി; മാഗ നയവുമായി ഒത്തുപോകാത്ത ആയിരത്തിലധികം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ പുറത്താക്കുന്നു; ബൈഡന്റെ അടുപ്പക്കാരായ ജോസ് ആന്‍ഡ്രസും മാര്‍ക്ക് മില്ലിയും അടക്കം നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുറത്ത്; വിദേശകാര്യ സര്‍വീസിലും അഴിച്ചുപണി
അമേരിക്ക ഫസ്റ്റ് അജണ്ട നടപ്പാക്കാന്‍ ട്രംപിന്റെ വെട്ടിനിരത്തല്‍ തുടങ്ങി
ന്യൂയോര്‍ക്ക്: അമേരിക്കയെ വീണ്ടും ഏറ്റവും മഹത്തരമാക്കുക എന്ന തന്റെ ദര്‍ശനം യാഥാര്‍ഥ്യമാക്കുക എന്ന ശപഥത്തോടെയാണ് രണ്ടാമൂഴത്തില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റേത്. തന്റെ ഈ ദര്‍ശനവുമായി ചേര്‍ന്നുപോകാത്ത ആയിരത്തിലധികം വൈറ്റ് ഹൗസ് ജീവനക്കാരെയാണ് ട്രംപ് പുറത്താക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ ബൈഡന്‍ ഭരണകാലത്ത് സുപ്രധാന പദവികള്‍ അലങ്കരിച്ചിരുന്നവരെല്ലാം ഇനി പടിക്ക് പുറത്താണ്. നിരവധി മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതായി തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌പോമില്‍ അദ്ദേഹം പ്രഖ്യാപിച്ചു. 'മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ദര്‍ശനത്തിനോട് ഒത്തുപോകാത്ത മുന്‍ഭരണകാലത്തെ ആയിരത്തിലേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്ന പ്രക്രിയയിലാണ് പ്രസിഡന്റിന്റെ ഓഫീസ്. വൈറ്റ് ഹൗസിലെ ഞങ്ങളുടെ ആദ്യ ദിവസം ഇനിയും അവസാനിച്ചിട്ടില്ല',ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.
ഇതിനകം തന്നെ നാല് പേരെ പുറത്താക്കിയതായി ട്രംപ് വ്യക്തമാക്കി. ബൈഡന്റെ ഭരണകാലയളവില്‍, നിര്‍ണായക പങ്കുവഹിച്ചവരായ ജോസ് ആന്‍ഡ്രസ്, മാര്‍ക്ക് മില്ലി ബ്രയാന്‍ ഹുക്ക്, കെയ്ഷ ലാന്‍സ് ബോട്ടംസ് എന്നിവരാണ് നാലുപേര്‍. അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്കൊപ്പം നല്‍കുന്ന പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ച ഉദ്യോഗസ്ഥനാണ് ജോസ് ആന്‍ഡ്രസ്. സ്പോര്‍ട്സ്, ഫിറ്റ്നസ്, ന്യൂട്രീഷന്‍ എന്നിവയ്ക്കുള്ള കൗണ്‍സിലില്‍ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അഡൈ്വസറി കൗണ്‍സിലില്‍ നിന്നാണ് മാര്‍ക്ക് മില്ലിയെ പുറത്താക്കിയത്. വില്‍സണ്‍ സെന്റര്‍ ഫോര്‍ സ്‌കോളേഴ്‌സിന്റെ ചുമതലക്കാരനായിരുന്നു ബ്രയാന്‍ ഹുക്ക്. കെയ്ഷ ലാന്‍സ് ബോട്ടംസിന് പ്രസിഡന്റിന്റെ എക്‌സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചുമതലയായിരുന്നു. ഇവരെയെല്ലാം പുറത്താക്കി എന്നാണ് ട്രംപിന്റെ പോസ്റ്റ്.
സ്ഥാനമൊഴിയുന്നതിന് മുമ്പ്, ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശകര്‍ക്ക് ബൈഡന്‍ മാപ്പ് നല്‍കിയിരുന്നു. അവരില്‍ ഒരാളാണ് മില്ലി. ട്രംപിന്റെ പ്രോസിക്യൂഷന്‍ നടപടിയില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ് ഇവര്‍ക്ക് മാപ്പ് നല്‍കിയിരുന്നത്. ജോ ബൈഡന്‍ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുന്‍പാണ് നിര്‍ണായക നീക്കം നടത്തിയത്.
അമേരിക്കന്‍ വിദേശകാര്യ സര്‍വീസിനെ സമൂലമായി അഴിച്ചുപണിയാനും ട്രംപ് നീക്കം തുടങ്ങി. 12 ലേറെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധികളുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്ക ഫസ്റ്റ് എന്ന അജണ്ട നടപ്പാക്കാനും വിദേശകാര്യനയത്തില്‍ കടിഞ്ഞാണ്‍ മുറുക്കാനുമാണ് ട്രംപിന്റെ തീരുമാനം.