- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിര്‍ത്തിയില്‍ പട്ടാളമിറങ്ങി കുടിയേറ്റക്കാരെ തടയുന്നു; ഫെഡറല്‍ പോലീസ് റോന്ത് ചുറ്റി വിസയില്ലാത്തവരെ പൊക്കുന്നു; ട്രംപിന്റെ ഉഗ്ര ശാസനക്ക് മുന്പില് കിടുങ്ങി വിറച്ച് അനധികൃത കുടിയേറ്റക്കാര്‍; മുഖം വരെ ടാറ്റൂ അടിച്ചുവരുന്നവരെ പൊക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ തടയാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശക്തമായ നിലപാടിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കി അധികൃതര്‍. അതിര്‍ത്തി മേഖലയില്‍ പട്ടാളം ഇറങ്ങിയാണ് കുടിയേറ്റക്കാരെ തടയുന്നത്. ഫെഡറല്‍ പോലീസും അതിര്‍ത്തി മേഖലകളില്‍ റോന്തുചുറ്റി വിസയില്ലാത്തവരെ പിടികൂടുകയാണ്. ഇക്കാര്യത്തില്‍ എല്ലാ ഏജന്‍സികള്‍ക്കും സര്‍്ക്കാര്‍ പൂര്‍ണ സ്വാതന്ത്യമാണ് നല്‍കിയിരിക്കുന്നത്.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന അധികാരങ്ങളാണ് പ്രത്യേക ഉത്തരവിലൂടെ സൈന്യത്തിനും ഫെഡറല്‍ പോലീസിനും നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക്് അനധികൃത കുടിയേറ്റക്കാരെ പ്രത്യേക ഉത്തരവില്ലാതെ തന്നെ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനും പുതിയ ഉത്തരവ് അധികാരം നല്‍കുന്നു. നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥന്‍മാരോടും ഇക്കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച പ്രസിഡന്റ് ട്രംപ് അതിര്‍ത്തിയിലെ ജീവനക്കാരെ സഹായിക്കുന്നതിന് വേണ്ടി കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ പെന്റഗണിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
1500 ഓളം സൈനികരാണ് ഇപ്പോള്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയിരുന്ന സി.ബി.പി വണ്‍ ആപ്പിന്റെ പ്രവര്‍ത്തനം ട്രംപ് ഭരണത്തില്‍ എത്തിയതോടെ അവസാനിപ്പിച്ചിരുന്നു. നിലവില്‍ അനധികൃത കുടിയേറ്റക്കാരെ തടയുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി 2500 ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ 1500 സൈനികര്‍ കൂടി എത്തുന്നതോടെ കുടിയേറ്റക്കാരെ തടയുന്ന കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞു. 4500 ഓളം നാഷണല്‍ ഗാര്‍ഡിന്റെ ഒരു വിഭാഗത്തേയും അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്.
രാജ്യസുരക്ഷായി പ്രസിഡന്റ് ട്രംപ് നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലിവിറ്റ് വ്യക്തമാക്കിയിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ നാടു കടത്തുമ്പോള്‍ ഇവര്‍ക്ക് താത്ക്കാലികമായി താമസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് മെക്സിക്കോയിലെ സര്‍ക്കാര്‍. മെക്സിക്കന്‍ നാവികസേനയുടേയും മുന്‍സിപ്പല്‍ സ്ഥാപനങ്ങളുടേയും നേതൃത്വത്തിലാണ് ഇതിന്റെ ജോലികള്‍ നടക്കുന്നത്.
അതിനിടയില്‍ മുഖം വരെ ടാറ്റൂ അടിച്ച് നടക്കുന്നവരെ പിടികൂടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് കടക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ പലരും ഇത്തരത്തില്‍ ടാറ്റൂ അടിച്ചവരാണെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നല്‍കിയ ആദ്യ ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.