ലണ്ടന്‍: ഗതികെട്ട് ബ്രിട്ടനും അനധികൃത അഭയാര്‍ത്ഥികളെ കര്‍ശനമായി നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടന്റെസമുദ്രാതിര്‍ത്തിയില്‍ എത്തുന്നതുവരെ ചെറു യാനങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ മാറ്റുന്നത് തടയുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കുന്ന പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് ലേബര്‍ സര്‍ക്കാര്‍. അനധികൃത കുടിയേറ്റക്കാരെ, ചെറുയാനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫ്രഞ്ച് തീരദേശ സൈനികരെ തടയുന്നവരും, തിരക്കുള്ള യാനങ്ങളിലേക്ക് ചാടിക്കയറുന്നവരുമൊക്കെ, സമുദ്രത്തില്‍ ജീവാപായത്തിന് കാരണക്കാര്‍ എന്ന നിലയില്‍ പുതിയ നിയമത്തിന്റെ പരിധിയില്‍ എത്തും.

മാത്രമല്ല, ഇത്തരമനധികൃത യാനങ്ങളില്‍ ബ്രിട്ടീഷ് തുറമുഖത്തെത്തുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കും. മനുഷ്യക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടിത മാഫിയാ സംഘങ്ങളെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനാണിത്. അതുപോലെ തന്നെ, അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ സഹായിക്കുന്ന, റൂട്ടുകള്‍, ബോട്ടുകളുടെ ലഭ്യത തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതും നിയമ വിരുദ്ധമാക്കും. മനുഷ്യക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കാന്‍ കഴിയാത്ത വിധം തീവ്രവാദ വിരുദ്ധ നിയമത്തിന്റെ രീതിയിലുള്ള അധികാരമായിരിക്കും പുതിയ നിയമം പോലീസിന് നല്‍കുന്നത്.

ഹോം ഓഫീസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച രേഖ അനൂസരിച്ച്, മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനധികൃത കുടിയേറ്റം തടയാന്‍ എടുത്ത പല നടപടികളില്‍ നിന്നും ഈ സര്‍ക്കാര്‍ പിന്നോട്ടു പോകും എന്നാണ് വ്യക്തമാക്കുന്നത്. വേണ്ടെന്നു വച്ച റുവാണ്ടന്‍ പദ്ധതി ഔപചാരികമായി റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ട്. എന്നാല്‍, കുട്ടികളെ തടവില്‍ വയ്ക്കാനും, ആധുനിക അടിമത്ത നിയമത്തിന്റെ കീഴില്‍ അനധികൃത കുടിയേറ്റക്കാര്‍ സംരക്ഷണം തേടുന്നത് തടയാനും ഉള്ള അധികാരം ലേബര്‍ സര്‍ക്കാരും നിലനിര്‍ത്തും. തെരഞ്ഞെടുപ്പിന് മുന്‍പായി ലേബര്‍ ഈ നയത്തിന് എതിരായിരുന്നു എന്നതാണ് വസ്തുത.

ഏകദേശം 37,000 ന് അടുത്ത ആളുകളാണ് 2024 ല്‍ ചെറു യാനങ്ങളില്‍ അനധികൃതമായി ബ്രിട്ടനിലേക്ക് എത്തിയത്. ഇതിനിടയില്‍ ഏറ്റവും അധികം മരണങ്ങള്‍ കണ്ട വര്‍ഷം കൂടിയായിരുന്നു 2024.മനുഷ്യക്കടത്തുകാര്‍ കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് ബോട്ടുകളില്‍ അവയ്ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികം ആളുകളെ കയറ്റുന്നതിനാലാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള അപകടങ്ങളില്‍ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞത് 78 പേരായിരുന്നു. ഇതുകൂടി, ചാനല്‍ വഴിയുള്ള കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി എടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷക്കാലമായി മനുഷ്യക്കടത്തു നടക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍, ബ്രിട്ടീഷ് അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയായിരുന്നു എന്നും, ഈ ക്രിമിനലുകളെ തടയുന്നതിനുള്ള അധികാരം പുതിയ നിയമപ്രകാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിക്കുമെന്നും ഹോം സെക്രട്ടറി യുവെറ്റ കൂപ്പര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ദുര്‍ബലമായ ഒരു സര്‍ക്കാര്‍ രൂപപ്പെടുത്തുന്ന ദുര്‍ബലമായ നിയമം എന്നാണ് ഷാഡോ സെക്രട്ടറി ഇതിനെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നടപടികള്‍ വീണ്ടും പ്രഖ്യാപിക്കുക മാത്രമാണ് ലേബര്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാഡോ സെക്രട്ടറി ക്രിസ് ഫിപിപ്പ് ആരോപിച്ചു. ഫോണ്‍ പിടിച്ചെടുക്കുന്നതു പോലുള്ള ചില ചെറിയ കാര്യങ്ങള്‍ കൂട്ടി ചേര്‍ത്തു എന്ന് മാത്രം. അതുകൊണ്ടൊന്നും ബോട്ടുകളുടെ വരവ് തടയാന്‍ കഴിയില്ലെന്നും ക്രിസ് ഫിലിപ് പറഞ്ഞു.