വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ച് തന്നെ. ഗാസ യുഎസ് ഏറ്റെടുത്താല്‍ പലസ്തീന്‍ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശദീകരിച്ചു. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടും. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. അറബ് രാജ്യങ്ങള്‍ അടക്കം ഇത് അംഗീകരിക്കാന്‍ ഇടയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രഖ്യാപനങ്ങളിലൂടെ ട്രംപ് ലക്ഷ്യമിടുന്നത് എന്തെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. പശ്ചിമേഷ്യയെ സംഘര്‍ഷ ഭരിതമാക്കാന്‍ മാത്രമേ ഇതിലൂടെ കഴിയൂവെന്നും വിലയിരുത്തലുണ്ട്.

ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. 'ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂര്‍ണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനര്‍നിര്‍മിക്കും '-ട്രംപ് പറഞ്ഞു. എന്നാല്‍, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാന്‍ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല. ഇതേ ചൊല്ലി വാദ പ്രതിവാദങ്ങള്‍ സജീവമാണ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശമുണ്ടാകില്ലെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. കാനഡ പിടിച്ചെടുത്ത് അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറ്റുന്നത് ഗൗരവമായി പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷം 20,000 കോടി ഡോളര്‍ (17 ലക്ഷം കോടി രൂപ) കാനഡയ്ക്ക് സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്നും ഇതിനെക്കാള്‍ ഭേദം രാജ്യത്തെ അമേരിക്കയോട് ചേര്‍ക്കുന്നതാണെന്നും ട്രംപ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാനഡയുടെ പ്രകൃതിവിഭവങ്ങളിലാണ് ട്രംപിന്റെ കണ്ണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചിരുന്നു.

പ്രസിഡന്റ് ട്രംപ് ജോര്‍ഡന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള ചര്‍ച്ചയില്‍ പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പ്രഖ്യാപനത്തോട് പലസ്തീനിലെ ഭൂമി വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചിരുന്നു. ഗാസയിലെ ജനവാസ മേഖലയില്‍ സൈനിക നീക്കം ആഗോള നിയമ പ്രകാരം തടഞ്ഞിട്ടുള്ളതാണെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കിയത്.

ഇതിനിടെ, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. 25 ശതമാനം തീരുവ ഈടാക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ചു. അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാനഡ, മെക്‌സിക്കോ, ചൈന അടക്കം എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും. ട്രംപിന്റെ നീക്കം അമേരിക്ക കാനഡ ബന്ധം കൂടുതല്‍ വഷളാക്കും. യുഎസ് സര്‍ക്കാരിന്റെയും അമേരിക്കന്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കണക്കു പ്രകാരം അമേരിക്കയിലേക്കുള്ള മൊത്തം ഉരുക്ക് ഇറക്കുമതിയുടെ 79 ശതമാനവും കാനഡയില്‍നിന്നാണ്. ബ്രസീല്‍, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും അമേരിക്കയിലേക്ക് ഉരുക്ക് കയറ്റി അയക്കുന്നു. ചൈന, മെക്സിക്കോ, യുഎഇ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും അമേരിക്കയിലേക്ക് അലുമിനിയം എത്തുന്നത്. പ്രതിരോധം, കപ്പല്‍നിര്‍മാണം തുടങ്ങി അമേരിക്കയിലെ പ്രധാന വ്യവസായങ്ങള്‍ കാനഡയില്‍ നിന്നുള്ള ഉരുക്കും അലുമിനിയവുമാണ് ഉപയോ?ഗിക്കുന്നതെന്ന്- കനേഡിയന്‍ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ ചൂണ്ടിക്കാട്ടി.

കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നുള്ള ഉല്‍പ്പന്ന ഇറക്കുമതിക്ക് 25 ശതമാനം തീരുവയും ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം തീരുവയും ഏര്‍പ്പെടുത്തുമെന്ന് അധികാരമേറ്റതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതു കൂടാതെയാണ് പുതിയ പ്രഖ്യാപനം. അതിനിടെ യൂറോപ്യന്‍ യൂണിയനെതിരെ അമേരിക്ക തീരുവ ചുമത്തിയാല്‍ മണിക്കൂറിനുള്ളില്‍ തന്നെ തിരിച്ചടിയ്ക്കാന്‍ യൂറോപ്പിന് കഴിയുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളി ഫ്രെഡ്റിക് മെര്‍സുമായുള്ള സംവാദത്തിനിടെയാണ് ഷോള്‍സിന്റെ പരാമര്‍ശം. 2018ലെ ആദ്യ ഭരണകാലത്ത്, ട്രംപ് യൂറോപ്യന്‍ യൂണിയനു മേല്‍ ഉരുക്ക്, അലുമിനിയം കയറ്റുമതിയില്‍ തീരുവ ചുമത്തിയിരുന്നു. തുടര്‍ന്ന് വിസ്‌കി, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയാണ് യൂറോപ്യന്‍ യൂണിയന്‍ തിരിച്ചടിച്ചത്.