- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയന്‍ പൗരനായ പാകിസ്താനിലെ സൈനിക ഡോക്ടര്‍; ഷിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ ആരംഭിച്ചത് ഭീകരതയെ വളര്‍ത്താന്‍; മുംബൈ ഭീകരാക്രമണത്തിന് എത്തിയവരെ സഹായിച്ചത് ഇയാള്‍; തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കിട്ടും; ട്രംപിനെ കൊണ്ടും സമ്മതിപ്പിച്ച് മോദി; ഭീകരതയെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയും
വാഷിംഗ്ടണ്‍: ഭീകരവാദത്തെ ഒരുമിച്ച് നേരിടാന്‍ ഇന്ത്യയും അമേരിക്കയും. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ മോദി-ട്രംപ് കൂടിക്കാഴ്ചയില്‍ ധാരണയായി. അമേരിക്കയില്‍നിന്ന് ഇന്ത്യ കൂടുതല്‍ ഇന്ധനം വാങ്ങുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി പറഞ്ഞു. ഈ വര്‍ഷം മുതല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍, എഫ്- 35 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ നല്‍കുമെന്ന് ട്രംപും വ്യക്തമാക്കി. തീവ്രവാദവും സൈനിക സഹകരണവും വ്യാപാര ബന്ധവുമാണ് പ്രധാനമായും മോദി-ട്രംപ് ചര്‍ച്ചകളില്‍ നിറഞ്ഞത്.
മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് നേരത്തെ അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപും പ്രഖ്യാപനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് കൈമാറ്റം. പാകിസ്താന്‍ വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. പാകിസ്താനിലെ ഈ സൈനിക ഡോക്ടര്‍ പിന്നീട് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കര്‍ ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായാണ് തഹാവൂര്‍ റാണയെ കൈമാറണമെന്നും വിചാരണ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചതോടെ കഴിഞ്ഞ ഡിസംബര്‍ 16ന് അമേരിക്കന്‍ സോളിസിറ്റര്‍ ജനറല്‍ റാണയുടെ ഹര്‍ജി തള്ളണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കും. ഇതാണ് ട്രംപുമായുള്ള ചര്‍ച്ചയില്‍ മോദി ഉറപ്പിച്ചെടുത്ത സുപ്രധാന കാര്യം.
2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടു. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുള്‍മുനയില്‍ നിന്നു. നവംബര്‍ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഒമ്പതു ഭീകരരെ സൈന്യം വധിച്ചു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളി എന്‍ എസ് ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബര്‍ 21-ന് ഇന്ത്യ തൂക്കിലേറ്റി. ഇതിന് ശേഷം തഹാവൂര്‍ റാണയേയും ശിക്ഷിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് കിട്ടുകയാണ്. ഇതാണ് ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ ഇന്ത്യയ്ക്ക് സാധ്യമാകുന്നത്.
വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, താരിഫ്, കുടിയേറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചര്‍ച്ചയായി. യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന നാലാമത്തെ ലോകനേതാവാണ് നരേന്ദ്ര മോദി. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുനേതാക്കളും പരസ്പരം ഹസ്തദാനം നല്‍കിയ ശേഷം ആലിംഗനം ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപും മോദിയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. അതും സൗഹൃദപരമായിരുന്നു. പ്രസിഡന്റ് ട്രംപ് എല്ലായ്പ്പോഴും ദേശീയ താല്‍പര്യം പരമോന്നതമായി നിലനിര്‍ത്തുന്നുവെന്ന് മോദി പറഞ്ഞു. പ്രസിഡന്റ് ട്രംപിനെപ്പോലെ, ഇന്ത്യയുടെ താല്‍പര്യങ്ങള്‍ പരമോന്നതമായി നിലനിര്‍ത്താനും പ്രവര്‍ത്തിക്കാനും തനിക്കും വലിയ ഭാഗ്യം ലഭിച്ചുവെന്ന് മോദി പറഞ്ഞു. തീവ്രവാദത്തെ തുടച്ചു നീക്കാന്‍ ഒരുമിക്കാനും ധാരണയായി.
നരേന്ദ്ര മോദിയുമായി മികച്ച സൗഹൃദം പങ്കിടുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് മോദി നടത്തുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നത് തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമാണ് യുഎസ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അതിനാല്‍ ഇന്ത്യയും യുഎസും ഒരുമിച്ച് ചേരുമ്പോള്‍ നമ്മള്‍ 1+1 =11 ആകുന്നു. ഇതാണ് മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ പോകുന്ന 11ന്റെ ശക്തി. തന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് നന്ദി പറയുന്നു, ഒപ്പം നമ്മുടെ രാഷ്ട്രങ്ങളുടെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും ഒരുമിച്ച് നീങ്ങുമെന്നും മോദി പറഞ്ഞു.
ഇന്ത്യയ്ക്ക് പ്രധാനമന്ത്രി മോദിയെ ലഭിച്ചത് വലിയ ബഹുമതിയാണെന്ന് ട്രംപ് പറഞ്ഞു. മോദി വളരെക്കാലമായി തന്റെ വലിയ സുഹൃത്താണ്. തങ്ങളുടെ നാല് വര്‍ഷത്തെ കാലയളവില്‍ മികച്ച ബന്ധം നിലനിര്‍ത്തി. തങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുന്നു. തങ്ങള്‍ വ്യാപാരത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ പോകുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ തനിക്ക് മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ അവസരം തന്നു. ഈ ടേമില്‍ പ്രസിഡന്റ് ട്രംപിനൊപ്പം അടുത്ത നാല് വര്‍ഷം വീണ്ടും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു, അത് വളരെ സന്തോഷകരമാണെന്നും മോദി പറഞ്ഞു.
ഇന്ത്യ - യുഎസ് പുരോഗതിക്കു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആദ്യ ഘട്ടത്തേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. ഇരു രാജ്യങ്ങളും ഒന്നിച്ച് വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങുമെന്നും മോദി പറഞ്ഞു. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. സൈനികവ്യാപാരം വര്‍ധിപ്പിക്കും. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു.