ലണ്ടന്‍: ഇറാനില്‍ ജയിലിലായ ബ്രിട്ടീഷ് ദമ്പതികള്‍ അവിടേക്ക് യാത്ര തിരിച്ചത് അവരുടെ സുഹൃത്തുക്കളുടെയും ഫോറിന്‍ ഓഫീസിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച്. ലോകത്തെവിടെയുമുള്ള മനുഷ്യര്‍ നല്ലവരും ദയാലുക്കളുമാണെന്ന തങ്ങളുടെ വിശ്വാസം തങ്ങള്‍ കാത്തു സൂക്ഷിക്കുമെന്നായിരുന്നു മുന്നറിയിപ്പുകളോടുള്ള അവരുടെ പ്രതികരണം. പ്രായം 50 കളിലുള്ള ക്രെയ്ഗ് ഫോര്‍മാനും ലിന്‍ഡ്‌സേ ഫോര്‍മാനും തങ്ങളുടെ ബൈക്കില്‍ കഴിഞ്ഞ ഡിസംബര്‍ 30 ന് ആയിരുന്നു അര്‍മേനിയയില്‍ നിന്നും ഇറാനിലേക്ക് എത്തിയത്.

ഇറാനിലേക്ക് കടന്നതിനു ശേഷം അവര്‍ തബ്രിസ്, ടെഹ്‌റാന്‍, ഇസ്ഫാഹന്‍ എന്നിവിടങ്ങളില്‍ താമസിച്ചുവെങ്കിലും അടുത്ത ലക്ഷ്യമായ കെര്‍മാനിലെ ഹോട്ടലിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് ഉണ്ടെങ്കിലോ, ബ്രിട്ടനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധമുണ്ടെന്നതിന്റെ പേരിലോ അവിടെ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന ഫോറിന്‍ ഓഫീസിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴായിരുന്നു അവര്‍ ഇറാനിലേക്ക് പോയത്. അവ്യക്തമായ രീതിയില്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇപ്പോള്‍ അവരുടെ കുടുംബം സഹായാഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. അറസ്റ്റ് തങ്ങളില്‍ കടുത്ത ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്നും, അവര്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്ന ആഗ്രഹം മാത്രമാണ് തങ്ങള്‍ക്കെന്നും അവര്‍ പറയുന്നു. ലോകത്തെവിടെയുമുള്ള മനുഷ്യരില്‍ ഭൂരിഭാഗവും നല്ലവരും ദയാലുക്കളുമാണ് എന്ന വിശ്വാസമാണ് തങ്ങളുടെയെല്ലാ മുന്നറിയിപ്പ് അവഗണിച്ച് ഇറാനിലേക്ക് പോകാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

അപകട സാധ്യതകള്‍ അറിയാമെന്നും, എന്നാല്‍, വ്യത്യസ്തരായ ആളുകളെ കണ്ടുമുട്ടുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും, വൈവിധ്യമാര്‍ന്ന ഭൂവിഭാങ്ങള്‍ കണുന്നതുമൊക്കെ തരുന്ന സന്തോഷം വെല്ലുവിളി ഉയര്‍ത്തുന്ന ഭയത്തെ അതിജീവിക്കാന്‍ കഴിവുള്ളതാണ് എന്നായിരുന്നത്രെ ലിന്‍ഡ്‌സെ പറഞ്ഞിരുന്നത്. ഇറാനിലെ പരന്നു കിടക്കുന്ന മരുഭൂമിയില്‍ നിന്നും പാകിസ്ഥാനിലെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ വരെയുള്ള സൗന്ദര്യവും ആതിഥേയത്വവും, മനുഷ്യത്വവും ആസ്വദിക്കാന്‍ കഴിയുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യാത്രക്കിടയില്‍ അവര്‍ പറഞ്ഞിരുന്നു.

ഇറാനിയന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവര്‍ക്കും കോണ്‍സുലാര്‍ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ഫോറിന്‍ ഓഫീസ് അറിയിച്ചു. കെര്‍മാനില്‍ ഇവര്‍ അറസ്റ്റിലായ വിവരം ഇറാനിയന്‍ ഭരണകൂറ്റത്തിന്റെ ഉടമസ്ഥതയിലുള്ള മാധ്യമം തന്നെയാണ് പുറത്തുവിട്ടത്. ബ്രിട്ടീഷ് അംബാസിഡര്‍ ഹ്യൂഗോ ഷോര്‍ട്ടറെ ദമ്പതികള്‍ കാണുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതില്‍ ദമ്പതികളുടെ മുഖങ്ങള്‍ വ്യക്തമല്ലാത്ത രീതിയിലാണ് നല്‍കിയിട്ടുള്ളത്.