ലണ്ടന്‍: മോട്ടോര്‍ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയ ബ്രിട്ടീഷ് ദമ്പതികളെ ഇറാന്‍ അറസ്റ്റ് ചെയ്തത് ചാരവൃത്തി ആരോപിച്ചെന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. പ്രായം അന്‍പതുകളിലുള്ള ക്രെയ്ഗ്- ലിന്‍ഡ്‌സെ ഫോര്‍മാന്‍ ദമ്പതികളെ ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വ്യക്തമാക്കാത്ത സുരക്ഷാ കാരണങ്ങളാല്‍ അറസ്റ്റ് ചെയ്തത്. വിനോദസഞ്ചാരികള്‍ എന്ന ഭാവത്തില്‍ ദമ്പതികള്‍ ഇറാനില്‍ പ്രവേശിക്കുകയും, കെര്‍മാന്‍ പ്രവിശ്യയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ഇവര്‍ പല വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി ജ്യൂഡിഷറി വക്താവ് അസ്ഗാര്‍ ജഹാംഗീര്‍ പറയുന്നു.

ദമ്പതികള്‍ക്ക് വിദേശ ചാര സംഘടനകളുമായുള്ള ബന്ധം സ്ഥിരീകരിച്ചെന്ന് കെര്‍മന്‍ ജ്യുഡിഷറി ചീഫ് ഇബ്രാഹിം ഹമിദി പറഞ്ഞതായി ജ്യുഡിഷറിയുടെ മിസാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റില്‍ പറയുന്നു. ഒന്നിലധികം പ്രവിശ്യകളില്‍ നിന്നും ഈ ദമ്പതികള്‍ വിവരം ശേഖരിച്ചതായും, ശത്രു രാജ്യങ്ങളിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും രഹസ്യാന്വേഷണ സംഘടനകളുമായി ബന്ധം പുലര്‍ത്തുന്ന ചില ഗൂഢ സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും വക്താവ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 ന് ആയിരുന്നു കാര്‍പ്പെന്റര്‍ ആയ ക്രെയ്ഗ് ഫോര്‍മാനും, ലൈഫ് കോച്ച് ആയ ഭാര്യ ലിന്‍ഡ്‌സെയും അര്‍മീനിയ വഴി ഇറാനിലെത്തിയത്. ജനുവരി 4ന് ഇവര്‍ ഇറാനില്‍ നിന്നും ആസ്‌ട്രേലിയയിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇറാനിലെത്തിയതിന് ശേഷം അവര്‍ ടബ്രിസ്, ടെഹ്‌റാന്‍, ഇസ്ഫഹാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചിരുന്നു. കെര്‍മാനിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ അറസ്റ്റിലായത്. ഇറാനില്‍ അങ്ങോളമിങ്ങോളം കറങ്ങി പല വിവരങ്ങളും ശേഖരിച്ചതായാണ് ഇറാന്‍ ജ്യുഡിഷറി വക്താവ് ആരോപിക്കുന്നത്.

നേരത്തെ ചാനല്‍ 4 ലെ 'എ ന്യൂ ലൈഫ് ഇന്‍ ദി സണ്‍' എന്ന പരിപാടിയിലൂടെ ഈ ദമ്പതികള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സസ്സെക്സില്‍ നിന്നും സ്പെയിനിലെ ആന്‍ഡാലുസിയ പ്രദേശത്തേക്ക് താമസം മാറ്റിയത് ഒരു ഡോക്യുമെന്‍ടറിയായി സംപ്രേക്ഷണം ചെയ്തപ്പോഴാണത്. കുറഞ്ഞ ജീവിത ചെലവ്, അതിശയകരമായ കാലാവസ്ഥ, ജീവിതശൈലി, കൂടുതല്‍ സമാധാനപരമായ അന്തരീക്ഷം എന്നിവയുടെയൊക്കെ പ്രയോജനം പരമാവധി ഉപയോഗിക്കുവാനാണ് ഈ മാറ്റം എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞിരുന്നത്.

ലോകം മുഴുവന്‍ മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കാന്‍ ഇറങ്ങിത്തിരിച്ച ദമ്പതികള്‍ അഞ്ച് ദിവസമായിരുന്നു ഇറാനില്‍ തങ്ങാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റിടങ്ങളില്‍ ചെയ്തതുപോലെ ഇറാനിലെ ദിവസങ്ങളും അവര്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ സഹിതം പങ്കുവച്ചിരുന്നു. ഇറാന്റെ സൗന്ദര്യത്തെയും തദ്ദേശീയ ഭക്ഷണത്തിന്റെ രുചിഭേദങ്ങളെയും ഏറെ പുകഴ്ത്തിക്കൊണ്ടായിരുന്നു ഓരോ പോസ്റ്റും. മനഃശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് ഉള്ള ലിന്‍ഡ്‌സ ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കുകയായിരുന്നു എന്നും യാത്രകഴിഞ്ഞ് തിരികെയെത്തിയാല്‍ അത് ബ്രിസ്‌ബെയ്‌നില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയുമായിരുന്നു എന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോറിന്‍ ഓഫീസിന്റെയും മുന്നറിയിപ്പ് വകവെയ്ക്കാതെയായിരുന്നു ഇവര്‍ ഇറാനിലേക്ക് പോയത്. ലോകത്തിലെ ഭൂരിഭാഗം ആളുകളും നല്ലവരാണെന്നും, അര്‍ത്ഥവത്തായ ഒരു ജീവിതത്തിനായി കൊതിക്കുന്ന നിഷ്‌കളങ്കരാണെന്നുമായിരുന്നു അവര്‍ വാദിച്ചത്. യാത്രയിലെ വെല്ലുവിളികള്‍ മനസ്സിലാക്കുമ്പോഴും, വ്യത്യസ്ത തരം ആളുകളുമായി ഇടപഴകുന്നതിലൂടെ ലഭിക്കുന്ന ആനന്ദം ആ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.