- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈനെ സംരക്ഷിക്കാന്‍ അണുവായുധവും ഉപയോഗിക്കുമെന്ന് ഫ്രാന്‍സ്; മാക്രോണ്‍ ഹിറ്റ്‌ലര്‍ ആവാന്‍ ശ്രമിക്കരുതെന്ന് റഷ്യ: ട്രംപുമായി തെറ്റിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിക്കുമ്പോള്‍ കലിപൂണ്ട് പുട്ടിന് രംഗത്ത്; മുന്നാം ലോകമഹായുദ്ധം തൊട്ടടുത്തോ?
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ പറഞ്ഞു കേട്ടിരുന്ന ഒന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയാല്‍ ലോകക്രമം മാറുമെന്ന്. റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയിനെ അമേരിക്ക കൈവിടുകയും, യൂറോപ്പ് കൂടുതല്‍ ശക്തമായി യുക്രെയിനൊപ്പം നില്‍ക്കുകയും ചെയ്യുമ്പോള്‍ ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന ആശങ്ക വര്‍ദ്ധിക്കുകയാണ്. യൂറോപ്യന്‍ സഖ്യകക്ഷികളെ സംരക്ഷിക്കുവാന്‍ തങ്ങളുടെ ആണവായുധങ്ങള്‍ വരെ ഉപയോഗിക്കാന്‍ മടിക്കില്ലെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.
യൂറോപ്പിന്റെ സുരക്ഷ ഒരു പുതിയ യുഗത്തിലേക്ക് കടക്കുന്നു എന്ന് വ്യാഖ്യാനിക്കപ്പെട്ട, ബ്രസല്‍സില്‍ നടന്ന ഉച്ചകോടിക്ക് ശേഷമാണ് ഈ പ്രസ്താവന വന്നിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും യുക്രെയിന്‍ പ്രസിഡണ്ട് വൊളോഡിമിര്‍ സെലെന്‍സ്‌കിയും ഉച്ചകോടിയില്‍ പങ്കെടുത്തു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മറ്റാരുമില്ലെന്ന തിരിച്ചറിവോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ബജറ്റ് നിയന്ത്രണങ്ങള്‍ എറ്റടുത്തുകളയും.
ഫ്രാന്‍സ് പങ്കുവയ്ക്കാന്‍ തയ്യാറായ ആണവായുധങ്ങളുടെ സധ്യത ഉപയോഗിക്കാന്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറാണെന്നും യോഗത്തിനു ശേഷം സെലെന്‍സ്‌കി പറഞ്ഞു. മാത്രമല്ല, സമാധാന ശ്രമത്തിനായി യൂറോപ്യന്‍ സൈന്യത്തെ യുക്രെയിനില്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ വരുന്ന ചൊവ്വാഴ്ച യൂറോപ്യന്‍ സൈനിക മേധാവിമാരുടെ യോഗം പാരിസില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ മിസൈലുകളും ഡ്രോണുകളും തടയാന്‍ ഫ്രാന്‍സിന്റെ മിറാഷ് ജറ്റ് വിമാനങ്ങള്‍ യുക്രെയിന്‍ ആദ്യമായി ഉപയോഗിച്ചതിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.
അതേസമയം റഷ്യയെ ആക്രമിച്ച നെപ്പോളിയന്‍, ഹിറ്റ്‌ലര്‍ തുടങ്ങിയവരുടെ പാതയാണ് മാക്രോണ്‍ പിന്തുടരുന്നതെന്ന കുറ്റപ്പെടുത്തലുമായി റഷ്യയും രംഗത്തെത്തി. എന്നാല്‍, മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി മാക്രോണ്‍ നയതന്ത്രബന്ധം വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു. വ്‌ളാഡിമിര്‍ പുടിന്റെ ഈ വാക്കുകള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ആവര്‍ത്തിച്ചു. റഷ്യയെ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിച്ച നെപ്പോളിയന്റെ പാത മാക്രോണ്‍ പിന്തുടരുന്നത് തന്നെ അദ്ഭുതപ്പെടുത്തുകയാണെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സിന്റെ ആണവായുധങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനെ കഴിഞ്ഞയാഴ്ച ലാവ്‌റോവ് അതി നിശിതമായി വിമര്‍ശിച്ചിരുന്നു. അത് റഷ്യയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആണവശക്തിയില്‍ റഷ്യയ്ക്കൊപ്പമെത്താനാണ് ഇപ്പോള്‍ യൂറോപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. റഷ്യന്‍ - യുക്രെയിന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ഈ പുതിയ സംഭവ വികാസങ്ങള്‍.