- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ട്രംപ് തീര്‍ത്തും അസന്തുഷ്ടന്‍; കൂടുതല്‍ ഡിമാന്‍ഡുകളുമായി പുടിന്; റഷ്യ-യുക്രെയിന് യുദ്ധം തുടരും; ഉപരോധം വരുമോ?
മോസ്‌കോ: യുദ്ധ അവസാനിപ്പിക്കുന്നതില്ഡ ഒളിച്ചു കളിച്ച് റഷ്യ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയതായി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ തള്ളി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍. പുതിയതായി ചില ഡിമാന്‍ഡുകള്‍ പുട്ടിന്‍ മുന്നോട്ട് വെച്ചിരിക്കുകയാണ്. അതേ സമയം അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവതരമാണെന്നും റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഭരണകൂടം മുന്നോട്ട് വെച്ച മാതൃകകളും നിര്‍ദ്ദേശങ്ങളും എല്ലാം റഷ്യ അതീവ ഗൗരവകരമായി തന്നെ കണക്കാക്കുന്നു എന്നും എന്നാല്‍ അവയെ നിലവിലെ രൂപത്തില്‍ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും റഷ്യന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റിയാബ്കോവ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റ അടിസ്ഥാന കാരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് റഷ്യ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അതിന് ആവശ്യമായ ഒരു നിര്‍ദ്ദേശങ്ങളും അമേരിക്ക മുന്നോട്ട് വെച്ചിട്ടില്ല എന്നാണ് റിയാബ്കോവ് വ്യക്തമാക്കി.
അത് പൂര്‍ണമായി ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധിയെ മറികടക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത് എന്നാണ് റഷ്യന്‍ ഭരണകൂടം പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കും എന്ന സ്വന്തം വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതില്‍ ട്രംപ് തീര്‍ത്തും അസന്തുഷ്ടനാണ്. യുദ്ധം തുടരുന്നതില്‍ കടുത്ത നിരാശ അറിയിച്ചു കൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം പുട്ടിനേയും സെലന്‍സ്‌കിയേയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചര്‍ച്ചകളില്‍ പുരോഗതി ഉള്ളതായി ട്രംപ് തറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കൂടാതെ അമേരിക്കയ്ക്ക് ധാതുവിഭവങ്ങള്‍ കൈമാറാനുള്ള കരാറില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പിന്നോട്ട് പോകുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നാല്‍ ഇന്നലെ ഇക്കാര്യത്തില്‍ ആദ്യവട്ടം ചര്‍ച്ചകള്‍ നടന്നതായിട്ടാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ അറിയിച്ചത്. മുപ്പത് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ട്രംപിന്റെ നിര്‍ദ്ദേശമാണ് പുട്ടിന്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. കൂടാതെ കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നു പോകുന്നതിനായി ഭാഗികമായി വെടിനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്.
സമാധാന അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങളെ റഷ്യ പരിഹസിക്കുന്നു എന്നാണ് സെലന്‍സ്‌കിയുടെ ആരോപണം. ശാശ്വതമായ പരിഹാരം ഉറപ്പാക്കുന്ന സമഗ്രമായ ഒരു കരാര്‍ ആണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്. റഷ്യക്കെതിരെ എണ്ണ ഉപരോധം പരിഗണനയില്‍ ആണെന്നും ട്രംപ് സൂചന നല്‍കിയിരുന്നു. ചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് ഉടനേ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് റഷ്യന്‍ വക്താവ് ഡിമിത്രി പെസ്‌കോവും വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം റഷ്യയും യുക്രൈനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
കഴിഞ്ഞ ദിവസം യുക്രൈനിലേക്ക് വന്‍ തോതിലുള്ള ഡ്രോണ്‍ ആക്രമണമാണ് റഷ്യ നടത്തിയത്. റഷ്യ അയച്ച ക്രൂയിസ് മിസൈലുകള്‍ തകര്‍ത്തതായി യുക്രൈനും അവകാശപ്പെട്ടിരുന്നു.