കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തില്‍ കീഴില്‍ അവിടുത്തെ ജനങ്ങള്‍ അനുഭവിക്കുന്നത് ചില്ലറ ദുരിതങ്ങളല്ല. പ്രത്യേകിച്ച് അവിടുത്തെ പ്രാകൃത നിയമത്തിന്‍ കീഴില്‍ ഇരകളാകുന്നത് സ്ത്രീകളാണ്. നേരത്തെ അഫ്ഗാനില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ അഭിമുഖീകരിക്കുന്ന കെട്ടിടങ്ങളില്‍ ജനാലകള്‍ നിര്‍മിക്കുന്നത് നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ജനാലകള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചത്.

സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്ന് വിചിത്ര വാദമായിരുന്നു ഇവര്‍ ഉന്നയിച്ചത്. ഏറ്റവും കൂടുതല്‍ ഇരകളാകുന്ന സ്ത്രീകളാണെങ്കിലും പുരുഷന്മാരുടെ അവസ്ഥയും പിന്നിലല്ല

റമദാന്‍ മാസത്തില്‍ പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാത്തതിനും, തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയിലല്ലാതെ മുടിവെട്ടിയതിനും യുവാക്കളെയും അവര്‍ക്ക് മുടി വെട്ടി നല്‍കിയ ബാര്‍ബാര്‍മാരെയും താലിബാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തുവെന്ന എന്ന റിപ്പോര്‍ട്ടാണ് പുരുഷന്മാരുടെ ദുരിതവും വ്യക്തമാക്കുന്നത്. ആളുകളുടെ പെരുമാറ്റം നിയന്ത്രിക്കുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന് ആറ് മാസത്തിന് ശേഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നതെന്നാണ് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതുഗതാഗതം ഉപയോഗിക്കുന്നതിനും, സംഗീതം ആസ്വദിക്കുന്നതിനും, ഷേവ് ചെയ്യുന്നത് തുടങ്ങി ആഘോഷങ്ങള്‍ക്ക് വരെ നിയന്ത്രണമേര്‍പ്പെടുത്തുന്ന നിരവധി നിയമങ്ങള്‍, ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിനുള്ള ചുമതലയുള്ള വൈസ് ആന്‍ഡ് വെര്‍ച്യു മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇതില്‍ പ്രധാനമായും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു. അതിന്‍ പ്രകാരം പൊതുവിടങ്ങളില്‍ സ്ത്രീകളുടെ ശബ്ദം ഉയരുന്നതിനോ, മൂടുപടമില്ലാത മുഖം കാണുന്നതിനോ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതേ മാസം തന്നെ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മേലുള്ള തൊഴില്‍, വിദ്യാഭ്യാസം, വസ്ത്രധാരണ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് രാജ്യത്ത് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് യുഎന്‍ വക്തതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം ഇതിനെ പുച്ഛിച്ച് തള്ളുകയായിരുന്നു താലിബാന്‍ ഭരണകൂടം.

വ്യാഴാഴ്ച പുറത്തു വന്ന അഫ്ഗാനിസ്ഥാനിലെ യുഎന്‍ മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം. ഈ പുതിയ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള പകുതിയിലധികം പുരുഷന്മാരുടെ അറസ്റ്റും നിയമപ്രകാരമല്ലാത്ത രീതിയില്‍ മുടി വെട്ടിയതിനോ, അനുചിതമല്ലാത്ത രീതിയില്‍ താടി ട്രിം ചെയ്തതിനോ ആയിരുന്നു. ശരിയായ നടപടിക്രമങ്ങള്‍ പാലിക്കാതെയും, നിയമ സംരക്ഷണം നല്‍കാതെ സദാചാര പോലീസ് ആളുകളെ പതിവായി സ്വമേധയാ കസ്റ്റഡിയിലെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റമദാന്‍ മാസത്തില്‍, നിര്‍ബന്ധിത പ്രാര്‍ത്ഥനകളില്‍ പുരുഷന്മാരുടെ സാന്നിധ്യം സൂക്ഷ്മമായി താലിബാന്‍ ഭരണകൂടം നിരീക്ഷിച്ചിരുന്നു. അതിനാലാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുത്താവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഈ പ്രാകൃത നിയന്ത്രണങ്ങെല്ലാം തന്നെ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ബാര്‍ബര്‍മാര്‍, ഹെയര്‍ഡ്രെസ്സര്‍മാര്‍, തയ്യല്‍ക്കാര്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ചെറുകിട ബിസിനസുകള്‍ നടത്തുന്ന ആളുകളെ, ലിംഗഭേദ വ്യത്യാസമില്ലാതെ പ്രതികൂലമായി ബാധിച്ചുവെന്നും, വരുമാനത്തിലും തൊഴിലവസരങ്ങളിലും ഇത് മൂലം കുറവുണ്ടാക്കുന്നുവെന്നും യുഎന്‍ മിഷന്‍ പറയുന്നു.

ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നത് അഫ്ഗാനിസ്ഥാന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്തിന് പ്രതിവര്‍ഷം 1.4 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്ന് ലോകബാങ്ക് പഠനം വിലയിരുത്തി.

എന്നാല്‍ താലിബാന്‍ നേതാവായ ഹിബത്തുള്ള അഖുന്‍സാദ ഇത്തരം ഇസ്ലാമിക നിയമങ്ങള്‍ അഫ്ഗാന്‍ സമൂഹത്തെയും അവിടുത്തെ ജനങ്ങളെയും കൂടൂതല്‍ രൂപാന്തരപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നാണ് വാദിക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഒരു സന്ദേശത്തില്‍. സമൂഹത്തെ അഴിമതിയില്‍ നിന്നും മുക്തമാക്കുന്നതിനും, ഭാവി തലമുറയെ തെറ്റായ വിശ്വാസങ്ങളുടെയും ദോഷകരമായ ആചാരങ്ങളുടെയും അധാര്‍മ്മികതയുടെയും ഇരകളാകുന്നതില്‍ നിന്ന് മോചിപ്പിക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഹിബത്തുള്ള പറഞ്ഞത്.

നിയമാവബോധം നല്‍കാന്‍ മൂവായിരം പുരുഷ ഇന്‍സ്പെടകര്‍മാരെയാണ് നിയമിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളുടെ പരാതികള്‍ മന്ത്രാലയം പരിഹരിച്ചുവെന്നും അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുവെന്നും മന്ത്രാലയ വക്താവ് സൈഫ് ഉര്‍ റഹ്‌മാന്‍ ഖൈബര്‍ പറഞ്ഞു. മന്ത്രാലയം എല്ലാ ഇസ്ലാമിക, മനുഷ്യാവകാശങ്ങളും നടപ്പിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അക്കാര്യം പ്രായോഗികമായി തെളിയിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളതെല്ലാം ഇത്തര കാര്യങ്ങള്‍ 'അട്ടിമറി നടത്താനോ കിംവദന്തികള്‍ പ്രചരിപ്പിക്കാനോ' ഉള്ള ശ്രമങ്ങളാണെന്നുമാണ് ഖൈബറിന്റെ വാദം.