ടെഹ്‌റാന്‍: യെമനിലെ അമേരിക്കന്‍ ബോംബാക്രമണം ഇറാനെ വിരട്ടാന്‍. ഹൂത്തികളെ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന സന്ദേശമാണ് ഇതിലൂടെ അമേരിക്ക നല്‍കുന്നത്. 74 പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. മരണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അമേരിക്കയുടെ ഈ പ്രകോപനത്തോട് എങ്ങനെയാണ് ഇറാന്‍ പ്രതികരിക്കുക എന്നതാണ് ശ്രദ്ധേയം. ഹൂത്തികളുടെ ശക്തികേന്ദ്രമാണ് അമേരിക്കന്‍ ബോംബിങില്‍ തകര്‍ന്നത്. എണ്ണ തുറമുഖത്തിന് അടുത്തായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം നടത്തുന്ന പ്രധാനപ്പെട്ട വ്യോമാക്രമണങ്ങളിലൊന്നാണ് ഇത്. റാസ് ഇസാ തുറമുഖത്തെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തില്‍ ഹൂത്തികള്‍ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ഇറാനും നയതന്ത്ര ചര്‍ച്ച തുടരുകയാണ്. രണ്ടാം ഘട്ട ചര്‍ച്ചയും ഏതാണ് നല്ല രീതിയില്‍ അവസാനിച്ചു. മൂന്നാം ഘട്ടം നടക്കുകയും ചെയ്യും. ഈ ചര്‍ച്ചകളെ ഹൂത്തി കേന്ദ്രത്തിലെ ആക്രമണം സ്വാധീനിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്. വിഷയത്തിലെ ഇറാന്‍ പ്രതികരണം നിര്‍ണ്ണായകമാണ്.

ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ ആക്രമണമെന്നാണ് അമേരിക്കയുടെ പക്ഷം. യമനിലെ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. മേഖലയില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് യമന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ചരക്കു കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഹൂത്തികളെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. അടുത്ത മാസം ഇറാന്റെ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ഇസ്രായേല്‍ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

അമേരിക്കയുമായുള്ള ഇറാന്റെ രണ്ടാം ആണവ ചര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം. ഇറാനില്‍ സുപ്രധാന കൂടിക്കാഴ്ച്ചകള്‍ നടത്തി സൗദി പ്രതിരോധമന്ത്രിയുടേ നേതൃത്വത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കാനും ശ്രമിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയിയുമായും, പ്രസിഡന്റ് പെസഷ്‌കിയാനുമായും ഇറാന്‍ സൈനിക മേധാവിയുമായും സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം, സൈനിക സഹകരണം എന്നിവ ചര്‍ച്ചയായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് ഒരു സൗദി പ്രതിരോധമന്ത്രി ഇറാന്‍ സന്ദര്‍ശിക്കുന്നത്. പരസ്പരം വഷളായിരുന്ന ഇറാന്‍ - സൗദി നയതന്ത്ര ബന്ധം 2 വര്‍ഷത്തിന് മുന്‍പാണ് മെച്ചപ്പെട്ട് തുടങ്ങിയത്. 1997 ന് ശേഷമുള്ള ഏറ്റവും വലിയ ഉന്നതതല സന്ദര്‍ശനമാണിത്. അമേരിക്ക - ഇറാന്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാക്കാന്‍ സൗദിയുടെ നിര്‍ണായക ഇടപെടലുകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഇറാനെ പ്രകോപിപ്പിച്ചുള്ള അമേരിക്കന്‍ ബോംബാക്രമണം.

2018ല്‍ ആണവ കരാറില്‍നിന്ന് യു.എസ് പിന്മാറിയ ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ച കഴിഞ്ഞ ആഴ്ച നടന്നത്. രണ്ടാം ഘട്ടം നടക്കുമ്പോഴാണ് ഹൂത്തികളെ അമേരിക്ക ആക്രമിച്ചത്. ഇറാന്‍-അമേരിക്ക ചര്‍ച്ചക്ക് മധ്യസ്ഥത വഹിച്ച ഒമാന്റെ നടപടികള്‍ നയതന്ത്രമേഖലയിലെ തിളക്കമുള്ള ഒരു പൊന്‍തൂവല്‍ കൂടിയായി വിശേഷിക്കപ്പെട്ടിരുന്നു. മസ്‌കറ്റില്‍ നടന്ന ചര്‍ച്ചയെ പോസീറ്റിവും ക്രിയാത്മകമെന്നും വിശേഷിപ്പിച്ച വൈറ്റ് ഹൗസ്, സംഭാഷണത്തിന് സൗകര്യമൊരുക്കിയതിന് ഒമാനിനോട് നന്ദിപറയുകയും ചെയ്തു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ഇരുരാജ്യങ്ങളുടെയും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് തനിക്ക് നിര്‍ദ്ദേശമുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യു.എസ് പ്രത്യേക ദൂതന്‍ വിറ്റ്‌കോഫ് അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാണ്, പരസ്പര പ്രയോജനകരമായ ഫലം കൈവരിക്കുന്നതിനുള്ള ഒരു മുന്നേറ്റമായിരുന്നു ചര്‍ച്ചയെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെയാണ് അമേരിക്കന്‍ പ്രകോപനം.

ഇറാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചാണ് ചര്‍ച്ച നടക്കുന്നത്. യുഎസ് പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ വാക്പോര് മറുകുകയും സംഘര്‍ഷ സാധ്യത വര്‍ധിക്കുകയും ചെയ്തു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് ട്രംപ് കഴിഞ്ഞ മാസം ഇറാന്‍ പ്രസിഡന്റിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിരസിച്ചെങ്കിലും ഒമാന്റെ മധ്യസ്ഥതയുമായി പരോക്ഷ ചര്‍ച്ചകള്‍ക്ക് സമ്മതിച്ചു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി കരാറിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ബോംബാക്രമണവും സാമ്പത്തിക ഉപരോധവും നേരിടേണ്ടിവരുമെന്ന് ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. 2015-ലെ കരാറിന് പകരമായി പുതിയ ആണവ കരാര്‍ ചര്‍ച്ച ചെയ്യാന്‍ പുതിയ യുഎസ് ഭരണകൂടം ഇറാനെ പ്രേരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്, ട്രംപ് പ്രസിഡന്റായിരിക്കെ 2018 മെയില്‍ മാസത്തില്‍ ആദ്യ കരാറില്‍ നിന്ന് യുഎസ് പിന്മാറിയതോടെ കരാര്‍ ഇല്ലാതായി.

ബൈഡന്‍ ഭരണകാലത്ത്, യൂറോപ്യന്‍ യൂണിയന്റെ മധ്യസ്ഥതയില്‍ വിയന്നയില്‍ പലവട്ടം പരോക്ഷ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനത്തില്‍ എത്താനായില്ല. പുതിയ ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. എന്നാല്‍ ഇറാനോട് ചേര്‍ന്ന് നില്‍ക്കുന്ന ഹൂത്തിക്കളെ അമേരിക്ക ആക്രമിക്കുന്നത് ചര്‍ച്ചകളെ ഏത് തരത്തില്‍ കൊണ്ടു പോകുമെന്ന ആശങ്ക ശക്തമാണ്. ഏതായാലും മൂന്നാം ഘട്ട ചര്‍ച്ചയ്ക്ക് ഇറാനും അമേരിക്കയും സമ്മതിച്ചിട്ടുണ്ട്.