ന്യൂഡല്‍ഹി: തീവ്രവാദത്തിന് ആര് കുട പിടിച്ചാലും ഇനി ഇന്ത്യന്‍ മണ്ണില്‍ അവര്‍ക്ക് സ്ഥാനമുണ്ടാകില്ല. ഇന്ത്യ -പാക്ക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സുരക്ഷാ അനുമതി നിഷേധിച്ച് ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശമാണ് ഇത്. വ്യോമയാന മന്ത്രാലയമാണ് ടര്‍ക്കിഷ് കമ്പനിയായ 'സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡി'ന്റെ സുരക്ഷാ അനുമതി റദ്ദാക്കിയിരിക്കുന്നത്. ദേശസുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ അനുമതി റദ്ദാക്കിയതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഒരു തുര്‍ക്കി കമ്പനിക്കെതിരെ ഇന്ത്യ നടത്തുന്ന ആദ്യ പരസ്യ നീക്കമാണിത്. നിര്‍ണ്ണായക തീരുമാനമാണ് ഇന്ത്യ ഇക്കാര്യത്തില്‍ എടുത്തത്. തുര്‍ക്കിയുമായുള്ള എല്ലാ വ്യാപാര കരാറുകളും അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) അറിയിച്ചു. തുര്‍ക്കിയുടെയും അസര്‍ബൈജാന്റെയും സമ്പൂര്‍ണ്ണ വ്യാപാര ബഹിഷ്‌കരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സിഎഐടി നാളെ ന്യൂഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. തുര്‍ക്കിയും അസര്‍ബൈജാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. അര്‍മീനിയയ്‌ക്കെതിരെ നിലകൊള്ളുന്നവര്‍. ഈ സാഹചര്യത്തില്‍ അര്‍മീനിയയ്ക്ക് കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യ നല്‍കും. വ്യോമ പ്രതിരോധ സംവിധാനമായ ആകാശും കൂടുതലായി അര്‍മീനിയ്ക്ക് കൈമാറും. ഇതിനൊപ്പം ബ്രഹ്‌മോസും നല്‍കിയേക്കും. ഇതിലൂടെ തുര്‍ക്കിയെ ഇന്ത്യ പാഠം പഠിപ്പിക്കും.

ഇന്ത്യയിലെ ഒമ്പത് പ്രധാന വിമാനത്താവളങ്ങളിലെ സേവനങ്ങളില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് സെലെബി ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പഹല്‍ഗാം ഭീകരതയ്ക്ക് ശേഷവും പാക്കിസ്ഥാനെ പിന്തുണച്ച അപൂര്‍വ രാജ്യങ്ങളിലൊന്നായിരുന്നു തുര്‍ക്കി. ഇന്ത്യ നടത്തിയ ആക്രമണത്തിനിടെ പാക്കിസ്ഥാനെ തുര്‍ക്കി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. മേയ് 8ന് രാത്രി ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ പ്രയോഗിച്ച ഡ്രോണുകളില്‍ ഭൂരിഭാഗവും തുര്‍ക്കി നിര്‍മിതമാണെന്നു കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിനു മുന്‍പ് തുര്‍ക്കിയുടെ യുദ്ധക്കപ്പല്‍ കറാച്ചിയില്‍ എത്തിയിരുന്നു. പിന്നാലെ തുര്‍ക്കി വ്യോമസേനയുടെ സി-130 വിമാനവും കറാച്ചിയില്‍ ഇറങ്ങി. ഇതെല്ലാം ഇന്ത്യയെ ഭയപ്പെടുത്താനാ# ആയിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം ഇന്ത്യ നടത്തുന്നത്. നയതന്ത്ര തലത്തില്‍ തുര്‍ക്കിയുമായുള്ള സൗഹൃദം ഇന്ത്യ കുറയ്ക്കും. തുര്‍ക്കിയിലെ സെലിബി ഏവിയേഷന്‍സിന് കീഴില്‍ രണ്ട് സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ സെലിബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യയും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സെലിബി ഡല്‍ഹി കാര്‍ഗോ ടെര്‍മിനല്‍ മാനേജ്മെന്റ് ഇന്ത്യയും. സുരക്ഷാ അനുമതി റദ്ദാക്കിയതോടെ ഈ രണ്ട് കമ്പനികളുടെയും ഇന്ത്യയിലെ പ്രവര്‍ത്തനം നിശ്ചലമാകും. കൊച്ചി വിമാനത്താവളത്തില്‍ അടക്കം ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതെല്ലാം ഇനി നടക്കാതെ വരും. പാക്കിസ്ഥാന് തുര്‍ക്കി നല്‍കുന്ന പിന്തുണയ്ക്ക് എതിരെ വന്‍ പ്രതിഷേധമാണ് ഇന്ത്യയില്‍ ഉയരുന്നത്. തുര്‍ക്കിയുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയരുന്നുണ്ട്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുര്‍ക്കി യാത്രകള്‍ റദ്ദാക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ജെഎന്‍യു ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി സര്‍വകലാശാലകള്‍ തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള പരിപാടികളും റദ്ദാക്കി. പല യാത്രാ വെബ്സൈറ്റുകളും തുര്‍ക്കി ടൂറിസം പരിപാടികള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയോട് തുര്‍ക്കിയ്ക്ക് ഉള്ളിലൊരു പകയുണ്ട്. അര്‍മീനിയയെ പിന്തുണയ്ക്കുന്നതിന്റെ ദേഷ്യം. ഇതുകൊണ്ടാണ് പാക്കിസ്ഥാനെ അവര്‍ ആയുധം നല്‍കി സഹായിക്കുന്നത്. എന്നാല്‍ ഇതിന് പകരമെനനോണം അര്‍മീനിയയ്ക്ക് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ ഉടന്‍ കൈമാറാനാണ് ഇന്ത്യന്‍ നീക്കം. ആകാശ് 1 എസ് മിസൈലിന്റെ രണ്ടാം ബാച്ച് ഇന്ത്യയില്‍ നിന്നും ഉടന്‍ അര്‍മീനിയയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവരുടെ എക്സ് ഹാന്‍ഡിലുകളാണ് ഇത്തരമൊു വാര്‍ത്ത പുറം ലോകത്തിന് നല്‍കുന്നത്. ബ്രേക്കിംഗ്.. ഇന്ത്യ ഈസ് റെഡി ടു ഷിപ്പ് സെക്കന്‍ഡ് ബാച്ച് ഓഫ് ആകാശ് 1 എസ് മിസൈല്‍ സിസ്റ്റം ടു അര്‍മീനിയ എന്നാണ് ആ പോസ്റ്റ്. അര്‍മീനിയയേയും തുര്‍ക്കിയുടെ ആയുധ കരുത്ത് ഭീഷണിപ്പെടുത്തുന്ന ഒന്നാണ്. ഈ തുര്‍ക്കി പ്രതിരോധ മികവാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ തകര്‍ന്ന് വീണത്. അതിന് പ്രധാന കാരണമായി മാറിയത് റഷ്യന്‍ സംവിധാനങ്ങള്‍ക്കൊപ്പം ആകാശും ആയിരുന്നു. ഇതേ ആകാശിന്റെ കരുത്താണ് തുര്‍ക്കിയ്ക്ക് കൂടുതലായി കിട്ടാന്‍ പോകുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധം അതിശക്തമാണെന്ന വസ്തുത ഓപ്പറേഷന്‍ സിന്ദൂറും തുടര്‍ ഓപ്പറേഷനുകളും വ്യക്തമാക്കിയിട്ടുണ്ട്. അര്‍മീനിയ അടക്കമുള്ള പല രാജ്യങ്ങളും കൂടതല്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

പല കാര്യങ്ങളില്‍ സമാനതകളുള്ള രണ്ട് അയല്‍രാജ്യങ്ങളാണ് അസര്‍ബൈജാനും അര്‍മീനിയയും. ഇരുരാജ്യങ്ങള്‍ക്കും തൊട്ടടുത്തുള്ളത് ജോര്‍ജിയയും ഇറാനും തുര്‍ക്കിയും. ഇതിനുപുറമേ റഷ്യയുമായും അതിര്‍ത്തി പങ്കിടുന്നുണ്ട് അസര്‍ബൈജാന്‍. പടിഞ്ഞാറ് കാസ്പിയന്‍ കടല്‍. 95% ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരുള്ള അര്‍മേനിയയില്‍ 30 ലക്ഷമാണ് ജനസംഖ്യ. അസര്‍ബൈജാനില്‍ ഒരു കോടിയാണ് ജനസംഖ്യ, അതില്‍ 99% മുസ്ലീങ്ങള്‍. മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ റഷ്യയ്ക്ക് റോളുണ്ട്, താത്പര്യവുമുണ്ട്. തുര്‍ക്കിക്കുമുണ്ട് രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യം. 'കൈയേറ്റം ചെയ്യപ്പെട്ട പ്രദേശങ്ങളെ സ്വതന്ത്രമാക്കാനും സ്വന്തം മണ്ണ് സംരക്ഷിക്കാനുമുള്ള അസീറി സഹോദരങ്ങളുടെ പോരട്ടത്തിനൊപ്പമാണ് ഞങ്ങള്‍'. എന്ന തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയ്യിബ് എര്‍ദോഗന്റെ പഴയ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. സംഘര്‍ഷത്തില്‍ അസര്‍ബൈജാനൊപ്പമാണ് തങ്ങളെന്ന് സംശയമേതുമില്ലാതെ തുര്‍ക്കി പറഞ്ഞുവെക്കുന്നു. 'ഒരു ദേശീയതയും രണ്ടു രാജ്യങ്ങളുമെന്നാണ് ഇരുരാജ്യങ്ങളേയും ഞങ്ങള്‍ വിശേഷിപ്പിക്കാറുള്ളത്. അവിടെ നടക്കുന്നതെന്തും ഞങ്ങളേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അത് ഞങ്ങളുടെ അതിര്‍ത്തികളേയും പ്രദേശത്തേയും ബാധിക്കും.' തുര്‍ക്കി പലതവണയായി വ്യക്തമാക്കിയതാണിത്. തുര്‍ക്കിയുടെ പിന്തുണ അര്‍ബൈജാന് കരുത്താണ്. അര്‍മീനിയയ്ക്ക് പരോക്ഷമായി റഷ്യയുടെ പിന്തുണയുണ്ട്. എന്നാല്‍ അവര്‍ ഒരിക്കലും അവരെ സൈനികമായി സഹായിക്കുന്നില്ല. എന്നാല്‍ അര്‍ബൈജാനെ തുര്‍ക്കി എല്ലാ അര്‍ത്ഥത്തിവും സഹായിക്കുന്നുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് തുര്‍ക്കി കടന്നുവന്നത് 2016-ലെ യുദ്ധത്തിന് ശേഷമാണ്. 2020-ല്‍ വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റമുട്ടിയപ്പോള്‍ തുര്‍ക്കി അസര്‍ബൈജാന് പിന്തുണ നല്‍കി. സംസ്‌കാരികതയാണ് ഇരുരാജ്യങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്നത്. ഭൂരിപക്ഷം അസീറിയന്‍ ജനതയും വംശീയമായി തുര്‍ക്കികളാണ് എന്ന കാരണമായിരുന്നു അന്ന് തുര്‍ക്കി അതിന് കാരണം പറഞ്ഞത്. അസര്‍ബൈജാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമെന്നതിന് പുറമേ അവരുടെ ഭാഷ തമ്മിലും സാമ്യമുണ്ട്. തുര്‍ക്കിയില്‍നിന്നും ഇസ്രയേലില്‍നിന്നും അസര്‍ബൈജാന് ആയുധസഹായം ലഭിക്കുന്നു. 2020-ലെ സംഘര്‍ഷത്തില്‍ അത്യാധുനിക ഡ്രോണുകള്‍ അടക്കം വലിയ അളവില്‍ ആയുധസഹായം അസര്‍ബൈജാനു തുര്‍ക്കി നല്‍കി. അന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന ഉടമ്പടിയുണ്ടാവുന്ന ഘട്ടത്തില്‍ റഷ്യയുടെ മധ്യസ്ഥതയ്ക്കു പുറമേ തുര്‍ക്കിയും രംഗത്തുവന്നു. തുര്‍ക്കിയുടെ ആയുധങ്ങള്‍ അസര്‍ബൈജാന് വലിയ അനുഗ്രഹവും ആയിരുന്നു. തുര്‍ക്കിക്കും അസര്‍ബൈജാനും ഇടയില്‍ റോഡ് നിര്‍മ്മിക്കാനും റഷ്യയുമായി ചേര്‍ന്ന് അവരുടെ സമാധാന വാഹകസംഘത്തെ അയക്കുമെന്നും തുര്‍ക്കി ഉറപ്പുനല്‍കി. സിറിയന്‍ സൈനികരെ തുര്‍ക്കി അര്‍മേനിയക്കെതിരെ പോരാടാന്‍ ലഭ്യമാക്കുന്നുവെന്നും ആരോപണമുണ്ട്. എന്നാല്‍, ഇത് അസര്‍ബൈജാനും തുര്‍ക്കിയും നിഷേധിക്കാറുണ്ട്.

അസര്‍ബൈജാനില്‍നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് തുര്‍ക്കി. തുര്‍ക്കിയിലെ പ്രധാന നിക്ഷേപകരാണ് അസര്‍ബൈജാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിയുടെ നിലപാടിനൊപ്പമാണ് പാകിസ്ഥാന്‍ എന്നതും ശ്രദ്ധേയമാണ്. അങ്ങനെ ആരുമില്ലാത്ത അര്‍മേനിയയെ ഇന്ത്യ സഹായിക്കാന്‍ കൂടുതല്‍ ശക്തമായ തീരുമാനം വരും ദിനങ്ങളില്‍ എടുക്കുമെന്നാണ് സൂചന. അര്‍മേനിയ ഇന്ത്യയില്‍നിന്നു പലതവണ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. ആയുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന സ്ഥാനങ്ങള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ നാല് സ്വാതി റഡാറുകള്‍ അര്‍മീനിയ 2020-ല്‍ വാങ്ങിയിരുന്നു. ഇതിനുപുറമേ, കഴിഞ്ഞ 2022 സെപ്റ്റംബറില്‍ ഇന്ത്യയുടെ മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറുകളായ പിനാകയും ടാങ്കുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന കോണ്‍കുര്‍ മിസൈലുകളും അര്‍മേനിയ വാങ്ങിയിരുന്നു.

ഇന്ത്യയും അര്‍മീനിയയും തമ്മിലുള്ള വളര്‍ന്നുവരുന്ന പ്രതിരോധ സഹകരണം മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ ചലനാത്മകതയെ അടിവരയിടുന്നു, ഇരു രാജ്യങ്ങളും അവരുടെ തന്ത്രപരമായ സ്വാധീനം വികസിപ്പിക്കാന്‍ ശ്രമിക്കുന്നു. അര്‍മേനിയയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയുമായുള്ള പങ്കാളിത്തം വിപുലമായ സൈനിക ശേഷികള്‍ മാത്രമല്ല, കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും പ്രാദേശിക സുരക്ഷയിലേക്കും ഒരു പുതിയ നയതന്ത്ര, സാമ്പത്തിക പാതയും വാഗ്ദാനം ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.