- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പളളി വികാരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു; ഹോളി ഫാമിലി പളളി വളപ്പില്‍ അഭയം തേടിയിരുന്നത് നൂറുകണക്കിന് ഫലസ്തീന്‍കാര്‍; അപലപിച്ച് മാര്‍പ്പാപ്പ; അബദ്ധം പറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഇസ്രയേല്‍
ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരേ ഇസ്രയേലിന്റെ ഷെല്ലാക്രമണം
ഗസ്സ: ഗസ്സയിലെ ഏക കത്തോലിക്ക പള്ളിക്ക നേരേയുണ്ടായ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍, രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പോപ്പ് ഫ്രാന്‍സിന്റെ അടുപ്പക്കാരനായ പള്ളിവികാരി ഫാ.ഗബ്രിയേല്‍ റോമാനെല്ലിയും ഉള്‍പ്പെടുന്നു. 60 വയസുള്ള കാവല്‍ക്കാരനും, പളളി വളപ്പില്‍ ഒരു ടെന്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 84 കാരിയുമാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ പ്രതിരോധ സേനയുടെ ടാങ്കില്‍ നിന്നുള്ള ഷെല്ലാണ് ഹോളി ഫാമിലി പള്ളിവളപ്പില്‍ പതിച്ചതെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാട്രിയാര്‍ക്ക് പിയര്‍ബാറ്റിസ്റ്റ പിസബല്ല വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. 'അബദ്ധം പറ്റിയതാണെന്ന് ഐഡിഎഫ് പറയുന്നു. അതിനെ കുറിച്ച് ഞങ്ങള്‍ക്ക് ഉറപ്പില്ല. അവര്‍ പള്ളിയെ നേരിട്ട് ആക്രമിക്കുകയായിരുന്നു', ലാറ്റിന്‍ പാട്രിയാര്‍ക്ക് പറഞ്ഞു. ഗസ്സയില്‍ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൂര്‍ണ വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോളി ഫാമിലി കത്തോലിക്ക പള്ളി വളപ്പിലാണ് യുദ്ധക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന നൂറുകണക്കിന് ഫലസ്തീന്‍കാര്‍ അഭയം തേടിയിരിക്കുന്നത്. ആക്രമണത്തില്‍ പള്ളിക്കും കേടുപാടുകളുണ്ടായി. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. സാധാരണക്കാര്‍ക്കും, സാധാരണക്കാരുടെ വീടുകള്‍ക്കും, മതസ്ഥാപനങ്ങള്‍ക്കും പരമാവധി നാശം കുറയ്ക്കണമെന്ന ഉദ്ദേശത്തോടെയാണ് ഐഡിഎഫ് ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യാറുള്ളതെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ പോപ്പ് ലിയോ പതിനാലാമന്‍ ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. പള്ളിക്ക് നേരേയുള്ള ആക്രമണത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇസ്രയേലിനെ കുറ്റപ്പെടുത്തി. ഒരു സൈനിക നടപടിയുടെ പേരിലും സാധാരണക്കാരുടെ നേരേയുള്ള ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്ന് മെലോണി പറഞ്ഞു.
പള്ളി വളപ്പില്‍ ഒരേസമയം, ക്രൈസ്തവരും, മുസ്ലീങ്ങളും അഭയം തേടിയിരുന്നു. അക്കൂട്ടത്തില്‍, ധാരാളം കുട്ടികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അപൂര്‍വമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഖേദം പ്രകടിപ്പിച്ചു.