ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്തി പൊതു ഖജനാവിലെ പണംകൊണ്ട് ഹോട്ടലുകളില്‍ സുഖിച്ച് താമസിക്കുന്ന അഭയാര്‍ത്ഥികള്‍ ബ്രിട്ടനിലാകെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി മെയില്‍ ഓണ്‍ സണ്‍ഡേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ 708 വ്യത്യസ്ത കുറ്റകൃത്യങ്ങള്‍ക്കായി ചുരുങ്ങിയത് 312 അഭയാര്‍ത്ഥികളുടെ പേരിലെങ്കിലും കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗവും, ലൈംഗിക പീഢനവും, എമര്‍ജന്‍സി ജീവനക്കാരെ ആക്രമിച്ചതും മോഷണവുമെല്ലാം അതില്‍ ഉള്‍പ്പെടും.

ചാനല്‍ കടന്ന് എത്തിയവര്‍ ഉള്‍പ്പടെയുള്ള അനധികൃത അഭയാര്‍ത്ഥികള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദാര്യത്തില്‍ ബ്രിട്ടീഷ് ജനതയ്ക്ക് തന്നെ വലിയ ഭീഷണിയാകുന്നു എന്നാണ് സുരക്ഷാ മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതി രേഖകള്‍ ഉള്‍പ്പടെയുള്ളവയിലൂടെ വിശകലനത്തിലൂടെ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, നികുതിദായകരുടെ പണം കൊണ്ട് അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന 220 ഹോട്ടലുകളില്‍ 70 എണ്ണത്തില്‍ കുറ്റകൃത്യങ്ങള്‍ നടന്നു എന്നാണ്. കോടതികളില്‍ ഹാജരാക്കപെടുമ്പോള്‍ ഇവര്‍ നല്‍കുക താമസിക്കുന്ന ഹോട്ടലിന്റെ വിലാസമായിരിക്കും.

ഇത്തരത്തില്‍ കണ്ടെത്തിയ കേസുകളില്‍ 18 ബലാത്സംഗ കേസുകളും, 5 ബലാത്സംഗ ശ്രമങ്ങളും, 35 ലൈംഗിക പീഢനങ്ങളും 51 മോഷണ കേസുകളും ഉണ്ട്. അക്രമം ഉള്‍പ്പെടുന്ന 89 കേസുകളില്‍ 27 എണ്ണത്തില്‍ അഭയാര്‍ത്ഥികളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത് പോലീസ് ഉദ്യോഗസ്ഥരോ എമര്‍ജന്‍സി ഉദ്യോഗസ്ഥരോ ആണ്. 43 മയക്കുമരുന്ന് കടത്ത് കേസുകളും 18 കൊള്ളയും 16 മോഷണക്കുറ്റങ്ങളുമുണ്ട്. ചെറുബോട്ടുകളില്‍ അഭയാര്‍ത്ഥികളെത്തുന്ന പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തലുണ്ടാകുന്നത്. മാത്രമല്ല, 32,000 അഭയാര്‍ത്ഥികളെ സര്‍ക്കാര്‍ ചെലവില്‍ പ്രതിവര്‍ഷം 3 ബില്യന്‍ പൗണ്ട് മുടക്കിഹോട്ടലുകളില്‍ താമസിപ്പിക്കുന്നതിനെതിരെയും പുതിയ ചോദ്യങ്ങള്‍ ഉയരും.

ബ്രിട്ടീഷ് സമൂഹത്തിന് അനധികൃത അഭയാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് മെയിലിന്റെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ് പറഞ്ഞു. ബ്രിട്ടനിലെത്തുമ്പോള്‍ തന്നെ എല്ലാ അനധികൃത അഭയാര്‍ത്ഥികളെയും തിരിച്ചയയ്ക്കുന്നതിനുള്ള സംവിധാനമാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷല്‍ പ്രക്രിയകള്‍ക്കൊന്നും കാത്തു നില്‍ക്കാതെ റുവാണ്ടയിലേക്കോ മറ്റെവിടേക്കെങ്കിലുമോ അവരെ നാടുകടത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.