ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റം ചൂടേറിയ രാഷ്ട്രീയ വിഷയമായി മാറുമ്പോള്‍, കുടിയേറ്റത്തിന്റെ മറ്റൊരു മുഖം പ്രതിഫലിപ്പിക്കുകയാണ് അല്‍ബേനിയന്‍ പട്ടണങ്ങള്‍. അക്കരെപ്പച്ച തേടി പുരുഷന്മാര്‍ സ്വയം മനുഷ്യക്കടത്തിന് വിധേയരാകാന്‍ നിന്ന് കൊടുത്തപ്പോള്‍, പ്രിയപ്പെട്ടവരെയും കാത്ത്, കണ്ണിലെണ്ണയൊഴിച്ചിരിക്കുന്ന വിരഹിണികളുടെ ഭൂമികയായി മാറിയിരിക്കുകയാണ് അല്‍ബേനിയന്‍ പട്ടണങ്ങള്‍. സ്വന്തം രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി മാറിയപ്പോള്‍, ഒരു ജീവിതം കരുപ്പിടിപ്പിക്കുക എന്ന ഉദ്ദേശ്യവുമായാണ് നൂറ് കണക്കിന് ആളുകള്‍ അനധികൃതമായി ബ്രിട്ടനിലേക്ക് കടന്നത്.

ആര്‍ബെന്‍ അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. അല്‍ബേനിയയില്‍ സ്റ്റാറ്റിസ്റ്റിഷ്യനായിരുന്ന അര്‍ബെന്‍, കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടീയാണ് ഭാര്യ ബെസ്മിരയേയും കുട്ടികളെയും തനിച്ചാക്കി ബ്രിട്ടനിലേക്ക് കടന്നത്. 5000 പൗണ്ട് നല്‍കി,ചാനലിലൂടെ അനധികൃതമായി യാത്ര ചെയ്ത് ബ്രിട്ടനിലെത്തിയ ഇയാള്‍ ഇപ്പോള്‍ ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ആഴ്ചയില്‍ ആറ് ദിവസം, പ്രതിദിനം 12 മണിക്കൂര്‍ ജോലി ചെയ്താലാണ് വീട്ടിലേക്ക് അയയ്ക്കാന്‍ മാത്രം പണം ലഭിക്കുക. ഭാര്യ ബെസ്മിരയാണെങ്കില്‍, ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വഴിക്കണ്ണും നട്ട് കാത്തിരിക്കുന്നു.

2022 ല്‍ മാത്രം 13,000 അല്‍ബേനിയക്കാരാണ് ബ്രിട്ടനിലേക്ക് അനധികൃതമായി എത്തിയത്. ഇവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. പണമുണ്ടാക്കാന്‍ നിരവധി അവസരങ്ങള്‍ ഒരുക്കുന്ന, പാലും തേനുമൊഴുകുന്ന രാജ്യം എന്നതായിരുന്നു ബ്രിട്ടനെ കുറിച്ച് മനുഷ്യക്കടത്തുകാര്‍ അവരുടെ മനസ്സില്‍ കുറിച്ച സ്വപ്നം. അതായിരുന്നു അല്‍ബേനിയയില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ബ്രിട്ടനിലെക്ക് ഒഴുകാന്‍ കാരണമായത്. ഇപ്പോള്‍, ഇംഗ്ലണ്ടില്‍ നിന്നുമെത്തുന്ന പണമാണ് അല്‍ബേനിയന്‍ പട്ടണങ്ങളെ ജീവനോടെ നിലനിര്‍ത്തുന്നത്. എന്നാല്‍, അതിനു പിറകെ നിരവധി സ്ത്രീകളുടെ വിരഹദുഃഖത്തില്‍ ചാലിച്ച കണ്ണുനീരിന്റെ നനവുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

പല കുട്ടികളും, തങ്ങളുടെ അച്ഛന്മാരെ കാണുന്നത് വീഡിയോ കോളുകളിലൂടെയാണ്. അകലങ്ങളിലിരുന്നുള്ള, ആത്മാവില്ലാത്ത സംവേദം മടുത്തു തുടങ്ങി എന്ന് ബെസ്മിര പറയുന്നു. ഇത് അവരുടെ മാത്രം പ്രശ്നമല്ല, നീണ്ടകാലത്തെ ഒറ്റപ്പെടല്‍ അല്‍ബേനിയയിലെ പല സ്ത്രീകളെയും സാവധാനം വിഷാദരോഗത്തിലേക്ക് തള്ളിയിടുകയാണെന്ന് സമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നു. പുരുഷന്മാരുടെ കുടിയെറ്റം നിരവധി കുടുംബ ബന്ധങ്ങളെയാണ് നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. മാത്രമല്ല, ഒരിക്കല്‍, ഏറെ ഇഴയടുപ്പം കാത്തുസൂക്ഷിച്ചിരുന്ന അല്‍ബേനിയന്‍ കുടുംബങ്ങളില്‍ വിവാഹമോചനങ്ങളും വര്‍ദ്ധിച്ചു വരികയാണ്.

കുടിയേറ്റ വിരുദ്ധരെ നേരിടാന്‍ കുടിയേറ്റ അനുകൂലികളും ഇറങ്ങിയതോടെ ബ്രിട്ടന്‍ സംഘര്‍ഷഭരിതം

ഹാംപ്ഷയര്‍, സൗത്ത്സീയിലെ റോയല്‍ ബീച്ച് ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ കുടിയേറ്റ വിരുദ്ധര്‍ക്കെതിരെ, വംശീയ വിവേചനത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കുടിയേറ്റ അനുകൂലികളും എത്തിയതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. ഹോട്ടല്‍ അടച്ചുപൂട്ടണമെന്നായിരുന്നു കുടിയേറ്റ വിരുദ്ധരുടെ ആവശ്യം. ഇന്നലെ തെക്കന്‍ ഇംഗ്ലണ്ടിന്റെ മറ്റു ഭാഗങ്ങളിലും കുടിയേറ്റ വിരുദ്ധ പ്രതിഷേധം നടന്നിരുന്നു. പോര്‍ട്ട്‌സ്മത്ത്, സൗത്താംപ്ടണ്‍, ബേണ്മത്ത് എന്നിവിടങ്ങള്‍ ഉള്‍പ്പടെ പലയിടങ്ങളിലും നൂറു കണക്കിന് കുടിയേറ്റ വിരുദ്ധരാണ് ഒത്തു കൂടിയത്.

എല്ലായിടങ്ങളിലും, അനധികൃത കുടിയേറ്റക്കാര്‍ക്കായി സര്‍ക്കാര്‍ താമസം ഒരുക്കിയ ഇടങ്ങളിലായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. സൗത്ത്സീയില്‍, സ്റ്റാന്‍ഡ് അപ് ടു റേസിസം പോര്‍ട്ട്‌സ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു കുടിയേറ്റാനുകൂലികള്‍ പ്രകടനം നടത്തിയത്. 'അഭയാര്‍ത്ഥീകള്‍ക്ക് സ്വാഗതം' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം. നേരത്തെ എപ്പിംഗില്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെ തെക്കന്‍ തീരമേഖലയില്‍ ദര്‍ശിക്കാനായത്.

ലണ്ടന്‍ കനേറി വാര്‍ഫില്‍, അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ബ്രിട്ടാനിയ ഇന്റര്‍നാഷണല്‍ ഹോട്ടലിനു മുന്‍പില്‍ പോലീസ് കനത്ത സുരക്ഷാ വലയം തീര്‍ത്തിരുന്നു. ഹാംപ്ഷയര്‍, വാട്ടര്‍ലൂവില്ലെയിലെ ഷോപ്പുകള്‍ക്ക് മുകളിലുള്ള ഹോട്ടലില്‍ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ആയിരക്കണക്കിന് തദ്ദേശവാസികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.