ന്യുയോര്‍ക്ക്: റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം സെലന്‍സ്‌കി ഒറ്റയ്ക്കാകില്ല എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ നേതാക്കളുടെ വന്‍ സംഘം തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ അറിയിച്ച്് അമേരിക്കയിലെത്തും.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഉള്‍പ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് കരുതപ്പെടുന്നത്. യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്. യുദ്ധം അവസാനിപ്പിക്കാനായി റഷ്യന്‍ പ്രസിഡന്റ് പുടിന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്കാണ് ട്രംപ്, സെലന്‍സ്‌കിയെ ക്ഷണിച്ചിരിക്കുന്നത്. ഡോണ്‍ബാസ് പൂര്‍ണമായും വിട്ടുകൊടുക്കണമെന്ന് അലാസ്‌ക കൂടിക്കാഴ്ചയില്‍ പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായാണ് സൂചന. വിട്ടുകൊടുക്കില്ലെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് യുക്രൈനൊപ്പം എന്ന് വ്യക്തമാക്കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഒന്നടങ്കം വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.

സെലന്‍സ്‌കിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദര്‍ശനത്തിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് യൂറോപ്യന്‍ നേതാക്കളുടെ പങ്കാളിത്തം.കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ സെലന്‍സികിയോട് ട്രംപ് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് സെലന്‍സ്‌കി ഇറങ്ങി പോകുകയും ചെയ്തിരുന്നു. ഇക്കുറി അത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ എത്തുന്നത്. യുക്രൈനും യൂറോപ്യന്‍ യൂണിയന്‍ സഖ്യ കക്ഷികളും തമ്മിലുള്ള ഒരു ഐക്യമുന്നണിയെ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഫ്രഞ്ച്് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വ്യക്തമാക്കിയത്.

യുക്രൈനിലെ ശേഷിക്കുന്ന സ്ഥലങ്ങള്‍ക്ക് കൂടി സുരക്ഷ വാഗ്ദാനം ലഭിക്കണമെന്നും ഒരു രാജ്യത്തിനും അവരുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ മാക്രോണ്‍ യൂറോപ്പ് ദുര്‍ബലമായാല്‍ നാളെ അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി. അതേ സമയം ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് അദ്ദേഹം ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് യുദ്ധം തുടരാം എന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധം എങ്ങനെ ആരംഭിച്ചുവെന്ന കാര്യം ഓര്‍ക്കണമെന്നും ക്രിമിയ നല്‍കിയത് തിരികെ ലഭിക്കില്ലെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി. യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയും വാഷിംഗ്ടണില്‍ ഉക്രെയ്‌നിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകല്‍ പങ്കെടുക്കും.

സെലെന്‍സ്‌കി ആഗ്രഹിച്ചാല്‍ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ് വിശദീകരിച്ചു കഴിഞ്ഞു. യുക്രൈന് നാറ്റോയില്‍ പ്രവേശനം നല്‍കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലന്‍സ്‌കിയോട് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയുമായി വൈറ്റ്ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനില്‍നിന്ന് ക്രിമിയ പിടിച്ചെടുത്തത്. 'യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദ്ദേഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല (12 വര്‍ഷം മുന്‍പ്, ഒരു വെടി പോലും ഉതിര്‍ക്കാതെ!), യുക്രൈന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല' ട്രംപ് കുറിച്ചു.

ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനുപകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തുംമുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുതിനും പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള യുക്രൈന്റെ ശ്രമങ്ങളെ തുടക്കംമുതലേ പുതിനും റഷ്യയും എതിര്‍ക്കുന്നുണ്ട്.