ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച ലോകമൊട്ടാകെ ചര്‍ച്ചചെയ്യുമ്പോള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ മറ്റൊരു രസകരമായ ചര്‍ച്ചകൂടി വൈറലാകുകയാണ്. ട്രംപുമായി ചര്‍ച്ച നടത്തിയത് പുടിനല്ലെന്നും അത് അപരന്മാരില്‍ ഒരാളാണെന്നുമാണ് വാദം. പുട്ടിന്റെ രൂപവും നടക്കുന്ന രീതിയുമൊക്കെയാണ് അവര്‍ ചര്‍ച്ചയാക്കുന്നത്. അലാസ്‌കയില്‍ എത്തിയ പുടിന് കൂടുതല്‍ വീര്‍ത്ത കവിളുകളുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാനായി കാണപ്പെട്ടതാണ് മറ്റു ചിലരില്‍ സംശയം ജനിപ്പിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റിന് വേണ്ടി കാലാകാലങ്ങളില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി അപരന്മാര്‍ ഉണ്ടെന്ന തരത്തിലേക്കും ചര്‍ച്ചകള്‍ വ്യാപിച്ചിട്ടുണ്ട്. ഇത് പുതിന്റെ അഞ്ചാമത്തെ അപരനാണെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. കവിളുകള്‍ കൂടുതല്‍ ഉരുണ്ടതാണെന്നും വലതുകൈ അധികം ചലിപ്പിക്കാതെയുള്ള പുടിന്റെ പതിവ് നടത്തമല്ല കാണാന്‍ കഴിയുന്നതെന്നും കമന്റില്‍ പറയുന്നു. അദ്ദേഹം ഒരുപാട് ചിരിക്കുന്നു. എപ്പോഴും ചിരിയടക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നുന്നു. എന്നതാണ് മറ്റൊരാളുടെ കണ്ടെത്തല്‍. പുടിന്‍ തനിക്ക് പകരമായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ അപരന്മാരെ ഉപയോഗിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ പുതിയതല്ല.

പല അവസരങ്ങളിലും, റഷ്യന്‍ പ്രസിഡന്റിനെ നിരീക്ഷിക്കുന്നവര്‍ അദ്ദേഹത്തിന് ഒന്നിലധികം അപരന്മാരുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. പുടിന്റെ അപരന്മാര്‍ അദ്ദേഹവുമായി പരമാവധി സാമ്യം തോന്നിക്കാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ടെന്ന് പോലും പ്രചരണങ്ങളുണ്ട്. സാധാരണയായി വലതുകൈ അസ്വാഭാവികമായി ശരീരത്തോട് ചേര്‍ത്ത് നിശ്ചലമായി വെക്കുകയും മറ്റേ കൈ സാധാരണപോലെ വീശിയുമാണ് പുടിന്‍ നടക്കുന്നത്. ഇത് അനുകരിക്കാന്‍ പ്രയാസമാണെന്നും ഇത്തരത്തില്‍ അപരന്‍മാരെ തിരിച്ചറിയാന്‍ കഴിയുമെന്ന വാദവും സജീവമാണ്.

നേരത്തേ ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെയും ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്ലറെ കുറിച്ചും ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. യുക്രൈനും പല തവണ പുടിനെതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. 2020 ല്‍ നല്‍കിയ ഒരഭിമുഖത്തില്‍ പുടിന്‍ ഈ ആരോപണം തള്ളിക്കളയുകയായിരുന്നു. പുടിന്‍ യുവത്വം നിലനിര്‍ത്താനായി ഒരു സംഘം ഗവേഷകരെ നിയോഗിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഒരു നല്ല അപരനെ അല്ല അലാസ്‌ക്കയിലേക്ക് റഷ്യ അയച്ചതെന്നാണ് ചിലര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കളിയാക്കുന്നത്.

അലാസ്‌കയിലെ ഉച്ചകോടിയിലേയ്ക്കാണ് ലോകം ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനും നടത്തിയ കൂടികാഴ്ചയ്ക്ക് പ്രതീക്ഷിച്ചപോലെയുള്ള വലിയചലനമൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലുമുണ്ട്. അലാസ്‌ക ഉച്ചകോടിയില്‍ 'വലിയ പുരോഗതി' ഉണ്ടായതായി ട്രംപ് അവകാശപ്പെട്ടുവെങ്കിലും , യുക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. ഇത് ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ബാക്കിയാക്കിയിരിക്കുന്നത്. പുതിന്റെ പ്രത്യേക സൈനിക നടപടിയുടെ' യഥാര്‍ത്ഥ ലക്ഷ്യം - യുക്രൈയ്നെ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ തകര്‍ക്കുക എന്നതാണ്. ഇതിനെതിരേ മൂന്നര വര്‍ഷത്തെ പലരുടേയും ശ്രമങ്ങളൊന്നും അദ്ദേഹത്തിന്റെ മനസ്സ് മാറ്റിയില്ല. അതില്‍ ഇനി അലാസ്‌ക ഉച്ചകോടിയും ഉള്‍പ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷവും തുടരുന്ന അനിശ്ചിതത്വം ആശങ്കാജനകമാണ്.

അലാസ്‌കയുടെ തലസ്ഥാനമായ ആങ്കറേജിലെ എല്‍മന്‍ഡോര്‍ഫ്- റിച്ചാഡ്സണ്‍ സൈനികത്താവളത്തില്‍ ലോകത്തില്‍ ഏറ്റവും ശക്തരായ രണ്ട് നേതാക്കളുടെ കൂടിക്കാഴ്ചയാണ് നടന്നത്. ശീതയുദ്ധം മുതല്‍ യുഎസ്-റഷ്യ ബന്ധങ്ങള്‍ സങ്കീര്‍ണ്ണവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്. സഹകരണം, സംഘര്‍ഷം, ചര്‍ച്ചകള്‍, അവിശ്വാസം എന്നിവയുടെ നീണ്ട ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായമാണ് അലാസ്‌ക ഉച്ചകോടി.