- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാന്‍ ചത്തിട്ടില്ല! ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജ വാര്‍ത്തയെന്നും ട്രംപ്; മരിച്ചുവെന്ന വാര്‍ത്തകളോട് അവസാനം നേരിട്ട് പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ്; ഓവല്‍ ഓഫീസില്‍ 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ച് ട്രംപിസം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ മരിച്ചു എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്ത്. ഇന്നലെ വൈറ്റ്ഹൗസില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. ട്രംപിനെ കുറേ നാളുകളായി പുറത്ത് കാണാനില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ കുറിച്ച് പല വാര്‍ത്തകളും പുറത്തു വന്നത്. കൂടാതെ വൈറ്റ്ഹൗസില്‍ പൊതു പരിപാടികള്‍ ഒന്നും നടക്കുന്നില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ് മരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നത്. സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തകള്‍ ഒന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ തന്റെ ജീവനക്കാരില്‍ നിന്ന് അതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇത് ഒരുതരം ഭ്രാന്താണ് എന്നും എല്ലാം വ്യാജവാര്‍ത്തകളാണ് എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്ന തൊഴിലാളി ദിനത്തില്‍ താന്‍ വളരെ സജീവമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അതേ നിലവാരത്തില്‍ മാധ്യമങ്ങള്‍ തന്നെ ഉയര്‍ത്തിപ്പിടിക്കുന്നില്ല എന്നും ട്രംപ് കളിയാക്കി. ആകെ രണ്ട് ദിവസം മാത്രമാണ് താന്‍ പരിപാടികളില്‍ പങ്കെടുക്കാതിരുന്നത്. അതിനാണ് തനിക്ക് എന്തോ കുഴപ്പം പറ്റിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ നേരത്തേ പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ മാസങ്ങളോളം ഒരു ചടങ്ങിലും പങ്കെടുക്കാതിരുന്നാലും ആര്‍ക്കും ഒരു കുഴപ്പവും ഇല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇന്നലെ ട്രംപ് ഓവല്‍ ഓഫീസില്‍ ഏതാണ്ട് 50 മിനിട്ടോളം മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു. തന്റെ ആരോഗ്യത്തെ കുറിച്ച് ഉണ്ടായ വാര്‍ത്തകള്‍ വെറും കിംവദന്തികളാണ് എന്ന് ബോധ്യപ്പെടുത്താന്‍ ട്രംപ് ഈ അവസരത്തില്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വെയര്‍ ഈസ് ട്രംപ് എന്ന പേരിലുള്ള ഹാഷ്ട്ാഗ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പല ദിവസങ്ങളിലും ട്രംപ് തന്റെ ഗോള്‍ഫ് കോഴ്സിലേക്ക് പോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഒരു ദിവസം ചെറുമകളും ട്രംപിനൊപ്പം ഉണ്ടായിരുന്നു. പ്രസിഡന്റ് ട്രംപിന് ഇപ്പോള്‍ 79 വയസ്സുണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന് 82 വയസ് തികയും. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ജൂലൈയില്‍ പ്രസിഡന്റിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി വെളിപ്പേടുത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ കാലുകളില്‍ 'നേരിയ വീക്കം' ഉണ്ടാക്കി. ട്രംപിന് കൈയുടെ പിന്‍ഭാഗത്ത് ചതവുണ്ടെന്നും അത് ഹൃദയ സംബന്ധമായ പ്രതിരോധ ചികിത്സയുടെ ഭാഗമായി ആസ്പിരിന്‍ ഉപയോഗിക്കുന്നതിലൂടെയും നിരന്തരമായി ഹസ്തദാനം നടത്തുന്നതിലൂടെയും ആണെന്നാണ് ട്രംപിന്റെ ഡോക്ടര്‍ വെളിപ്പെടുത്തിയത്.
പ്രസിഡന്റ് നല്ല ആരോഗ്യവാനാണെന്ന് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കഴിഞ്ഞ ആഴ്ച വീണ്ടും സ്ഥിരീകരിച്ചിരുന്നു. 'അമേരിക്കന്‍ പ്രസിഡന്റിന്റെ കൂടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കിലും, ഉറങ്ങാന്‍ പോകുന്ന അവസാന വ്യക്തി ട്രംപാണെന്നും രാവിലെ ഉണരുന്ന ആദ്യ വ്യക്തിയും ആദ്യം ഫോണ്‍ വിളിക്കുന്ന ആദ്യ വ്യക്തിയും അദ്ദേഹമായിരിക്കും എന്നുമാണ് വാന്‍സ് വിശദീകരിച്ചത്.