വാഷിങ്ടണ്‍: രണ്ടാം ലോകമഹായുദ്ധത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ വിപുലമായ സൈനിക പരേഡ് കണ്ട് പാശ്ചാത്യരാഷ്ട്രങ്ങള്‍ കടുത്ത ആശങ്കയിലാണ്. ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്? സമാധാന നൊബേല്‍ ലക്ഷ്യമിട്ട് സമാധാന ദൂതുമായി ഇറങ്ങിയ ട്രംപിനെ പരിഹസിക്കുന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഒരുഭീഷണിക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ഒരീച്ചയെ പോലും അടുപ്പിക്കാത്ത ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഇവര്‍ മൂവരും ഒത്തുചേര്‍ന്ന സൈനിക പരേഡ് കണ്ട് നാറ്റോ രാഷ്ട്രങ്ങള്‍ക്ക് ചങ്കിടിപ്പ് കൂടിയിരിക്കുകയാണ്. അട്ടിമറിയുടെ അച്ചുതണ്ട് എന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂട്ടായ്മയെ വിശേഷിപ്പിക്കുന്നത്.

രാജ്യത്തിന്റെ പ്രതിരോധ ശേഷി ലോകത്തിനു മുന്നില്‍ ഷി ജിന്‍ പിങ് ഉയര്‍ത്തിക്കാട്ടി. ആയിരത്തിലധികം സൈനികര്‍ അണിനിരന്ന ടിയാനന്‍മെന്‍ സ്‌ക്വയറിലെ പരേഡില്‍ അത്യാധുനിക ആയുധങ്ങളും പ്രദര്‍ശിപ്പിച്ചു. റോഡ് മൊബൈല്‍ മിസൈലുകള്‍ പോലുള്ള പുതിയ ആയുധങ്ങള്‍ പൊതുവേദിയില്‍ ആദ്യമായാണ് അവതരിപ്പിച്ചത്. 2019-ന് ശേഷം ചൈനയുടെ ആദ്യത്തെ വലിയ സൈനിക പ്രകടനമാണിത്.

ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്നിവരുള്‍പ്പെടെ 26 ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. പുടിനെ വലതുവശത്തും കിം ജോങ് ഉന്നിനെ ഇടതുവശത്തും നിര്‍ത്തിയാണ് ഷീ ജിന്‍പിങ് പരേഡിന് നേതൃത്വം നല്‍കിയത്. ഇത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള പരോക്ഷ മറുപടി കൂടിയാണ്.

'ലോകം സമാധാനമാണോ യുദ്ധമാണോ തിരഞ്ഞെടുക്കുന്നത് എന്ന വലിയ ചോദ്യം മുന്നിലുണ്ട്. എന്നാല്‍ ചൈന ഒരു ഭീഷണിക്കും വഴങ്ങില്ല. ചൈനീസ് ചരിത്രം മുന്നോട്ടുപോക്കിന്റേതാണ്,' ഷീ ജിന്‍പിങ് ചടങ്ങില്‍ പറഞ്ഞു.

വഴങ്ങാത്ത പുടിന്‍, ഷിയുടെ മുന്നറിയിപ്പ്; യൂറോപ്യന്‍ മണ്ണില്‍ മഹായുദ്ധം വരുന്നോ?

റഷ്യയുടെയും നാറ്റോ വിരുദ്ധ സഖ്യരാഷ്ട്രങ്ങളുടെയും അധിനിവേശ ഭീഷണിയില്‍ മറ്റൊരു മഹായുദ്ധത്തിന് തയ്യാറെടുക്കുകയാണ് പാശ്ചാത്യരാഷ്ട്രങ്ങളെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നര വര്‍ഷം പിന്നിട്ടിട്ടും യുക്രെയ്‌നിലെ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പിന്നോട്ടില്ല. അദ്ദേഹത്തിന്റെ സൈനിക ലക്ഷ്യങ്ങള്‍ യുക്രെയ്നില്‍ ഒതുങ്ങില്ലെന്നും യൂറോപ്പില്‍ ഒരു വലിയ യുദ്ധത്തിന് സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഷി ജിന്‍പിങ്, പുടിന്‍, കിം ജോങ് ഉന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു പുതിയ ചേരി രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ സഖ്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

അലാസ്‌കയിലും വൈറ്റ് ഹൗസിലുമായി നടന്ന ഉച്ചകോടികള്‍ക്ക് യുക്രെയ്ന്‍ സംഘര്‍ഷത്തിന് ഒരു പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ സൈന്യം വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചകളില്‍ പുടിന് താല്പര്യമില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ആരോപിച്ചു. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ലോകമഹായുദ്ധം എന്ന ഭീഷണിയെ നേരിടാന്‍ തയ്യാറെടുക്കുകയാണ്.




സൈനിക ശക്തിയില്‍ ആരാണ് മുമ്പര്‍?

ഒരു വെല്ലുവിളി ഉണ്ടായാല്‍, സൈനിക ശക്തിയുടെ കരുത്തില്‍ നാറ്റോ സഖ്യത്തിന് റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് നേരിടാന്‍ കഴിയും. എന്നാല്‍ ഈ രാജ്യങ്ങള്‍ ഒരുമിച്ച് നിന്നാല്‍ അത് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകും. ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവയുടെ സംയുക്ത സൈനിക ശക്തിയെ നാറ്റോയ്ക്ക് എങ്ങനെ നേരിടാനാകുമെന്നത് വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമാകും.

ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തി നാറ്റോ തന്നെ. സഖ്യത്തിലെ 32 രാഷ്ട്രങ്ങള്‍ക്ക് 30 ലക്ഷത്തിലേറെ സജീവ സൈനികരുണ്ട്. 30 ലക്ഷം കരുതല്‍ സൈനികരും, സേവനശേഷിയുള്ള 18 കോടി പേരുമുണ്ട്. ആള്‍ക്കരുത്തിനൊപ്പം നാറ്റോ സഖ്യത്തിനാകെ 14,000 യുദ്ധ ടാങ്കുകളും 3000 പോര്‍വിമാനങ്ങളും 1500 ഓളം ഹെലികോപ്ടറുകളും ഉണ്ട്. ആണവശക്തിയുള്ള യുഎസും, യുകെയും, ഫ്രാന്‍സും നാറ്റോയില്‍ അംഗങ്ങളാണ്. അതായാത് നാറ്റോയ്ക്കാകെ 4200 ലേറെ ആണവ പോര്‍മുനകളുണ്ട്.





എന്നാല്‍, റഷ്യയുടെയും, ചൈനയുടെയും ഉത്തര കൊറിയയുടെയും സംയുക്ത ശേഷി കണക്കിലെടുക്കുമ്പോള്‍ നാറ്റോ സഖ്യത്തിന്റെ സൈനിക കരുത്ത് മങ്ങി പോകും. അതാണ് പാശ്ചാത്യ രാഷ്ട്രങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

നാറ്റോയുടെ 30 ലക്ഷം സൈനികര്‍ക്ക് ബദലായി ഷിയ്ക്കും, കിമ്മിനും, പുടിനും കൂടി 50 ലക്ഷം സൈനികരുണ്ട്. പാശ്ചാത്യ രാഷ്ട്രങ്ങളേക്കാള്‍ 10 ലക്ഷം കൂടുതല്‍ കരുതല്‍ സൈനികരുണ്ട്. സേവനശേഷിയുള്ള 70 കോടി സൈനികരുമുണ്ട്. നാറ്റോ സഖ്യത്തേക്കാള്‍ 3000 യുദ്ധ ടാങ്കുകള്‍ അധികാമായുണ്ട്. അന്തര്‍വാഹിനികള്‍, വിമാനവാഹിനികള്‍, പോര്‍വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയുടെ കാര്യത്തില്‍ നാറ്റോ മുമ്പിലാണെങ്കിലും ഉത്തര കൊറിയയുടെയും, ചൈനയുടെയും റഷ്യയുടെയും സംയുക്ത ആണവശേഷി 6000 പോര്‍മുനകളാണ്. നാറ്റോയ്ക്ക് 4200 മാത്രം.

റഷ്യയുടെയും ചൈനയുടെയും ഉത്തരകൊറിയയുടെയും കൂട്ടുകെട്ട് ഒരു പുതിയ ലോകക്രമം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, നാറ്റോയും സഖ്യകക്ഷികളും ഈ വെല്ലുവിളിയെ നേരിടാന്‍ തയ്യാറെടുക്കുകയാണ്. ഈ സംഭവവികാസങ്ങള്‍ ലോകസമാധാനത്തിനും സ്ഥിരതയ്ക്കും വലിയ ഭീഷണി ഉയര്‍ത്തുകയാണ്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.