ന്യൂഡല്‍ഹി: ഇന്ത്യയെ പിണക്കി മുമ്പോട്ട് പോകാന്‍ കഴിയില്ലെന്ന് അമേരിക്ക തിരിച്ചറിഞ്ഞു. ഇതിന്റെ സൂചനയായിരുന്നു അമേരിക്കന്‍ പ്രിസഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ പുകഴ്ത്തല്‍. ഇതായാലും അവസാനമായി ട്രംപ് പറഞ്ഞത് ശരിയാണെന്ന് സമ്മതിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ കുറിച്ചും ഇന്ത്യയെ കുറിച്ചും 'പ്രസിഡന്റ് ട്രംപിന്റെ നല്ല വാക്കുകളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ക്രിയാത്മകമായ വിലയിരുത്തലിനെയും അഭിനന്ദിക്കുന്നു' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ഞാന്‍ എപ്പോഴും മോദിയുമായി സൗഹൃദത്തിലായിരിക്കുമെന്നും അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. ആശങ്കപ്പെടാന്‍ ഒന്നുമില്ല. നമുക്കിടയില്‍ ഇടയ്ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്ന് മാത്രമേയുള്ളൂവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. 'ഞാന്‍ എപ്പോഴും (നരേന്ദ്ര) മോദിയുമായി സൗഹൃദത്തിലായിരിക്കും, അദ്ദേഹം ഒരു മികച്ച പ്രധാനമന്ത്രിയാണ്. അദ്ദേഹം മഹാനാണ്. ഞാന്‍ എപ്പോഴും സൗഹൃദത്തിലായിരിക്കും, എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല,' വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് പറഞ്ഞു.

ട്രംപിന്റെ അതേ വികാരം പൂര്‍ണ്ണമായി പങ്കുവെക്കുന്നുവെന്ന് അറിയിച്ച മോദി ഇന്ത്യയും യുഎസും തമ്മില്‍ വളരെ ക്രിയാത്മകവും കാഴ്ചപ്പാടുള്ളതും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തമുണ്ടെന്നും എക്സില്‍ കൂട്ടിച്ചേര്‍ത്തു. അതായത് ക്രിയാത്മക പ്രതികരണങ്ങള്‍ക്ക് ക്രിയാത്മക മറുപടിയെന്ന സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. ഇതിനെ മഞ്ഞുരുക്കലിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ വിദഗ്ധരും വിലയിരുത്തുന്നു. അമേരിക്കയെ ശത്രുവാക്കാന്‍ ഇന്ത്യയും ആഗ്രഹിക്കുന്നില്ലെന്നതാണ് യഥാര്‍ത്ഥ്യം. അമേരിക്കയിലെ ചിലര്‍ ഇന്ത്യയെ കടന്നാക്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ട്രംപിന്റെ സ്‌നേഹ നയതന്ത്രം തുടങ്ങുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ ഘട്ടത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോകുമ്പോള്‍, ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിനായിരുന്നു ട്രംപ് മോദിയെ പ്രകീര്‍ത്തിച്ചതും ഇന്ത്യയുമായി പ്രത്യേക ബന്ധമാണ് യുഎസിനെന്ന് പറഞ്ഞതും. ഇതിനെ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയും കാണുന്നത്. ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിലെ ഇടപെടല്‍ സംബന്ധിച്ചും താരിഫ് സംഘര്‍ഷങ്ങളേയും തുടര്‍ന്ന് മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുനേതാക്കളും പരസ്പരം അംഗീകരിക്കുന്നത്.

മോദിയുമായി എല്ലായ്പ്പോഴും സൗഹൃദത്തിലായിരിക്കുമ്പോഴും ഈ പ്രത്യേക നിമിഷത്തില്‍ അദ്ദേഹം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമര്‍ശം. 'ഇന്ത്യ റഷ്യയില്‍ നിന്ന് ഇത്രയധികം എണ്ണ വാങ്ങുന്നതില്‍ ഞാന്‍ വളരെ നിരാശനായിരുന്നു, ഞാനത് അവരെ അറിയിക്കുകയും ചെയ്തു. ഞങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ വളരെ വലിയ താരിഫ് ചുമത്തി, 50 ശതമാനം താരിഫ്, ഞാന്‍ മോദിയുമായി വളരെ നല്ല ബന്ധത്തിലാണ്, അദ്ദേഹം മഹാനാണ്' ട്രംപിന്റെ പുതിയ പ്രസ്താവന ഇങ്ങനെയാണ്. മുമ്പൊന്നും ഇന്ത്യന്‍ വിരുദ്ധ പ്രസ്താവനകളോട് മോദി പ്രതികരിച്ചിരുന്നില്ല.

അതേസമയം, ഈ മാസം അവസാനം നടക്കുന്ന യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നാണ് സൂചന. സമ്മേളനത്തില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ മോദിയുടെ പേരില്ല. പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ സെപ്റ്റംബര്‍ 27ന് യുഎന്നില്‍ പ്രസംഗിക്കുമെന്നാണ് വിവരം. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ തീരുവയെ തുടര്‍ന്ന് ഇന്ത്യ യുഎസ് ബന്ധം വഷളായിരിക്കെയാണ് പ്രധാനമന്ത്രി സന്ദര്‍ശനം റദ്ദാക്കുന്നത്.