ന്നലെ ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കി ഇസ്രയേല്‍. ആക്രമണം നടത്തിയ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് ഭീകരര്‍ ഒരു ബസ് സ്റ്റോപ്പിന് നേരെയും ബസിന് നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്.

ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയായിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവസ്ഥലം സന്ദര്‍ശിച്ചു. രാജ്യം ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധത്തിലാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഭീകരര്‍ വന്ന ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഫലസ്തീനികളാണ് രണ്ട് ഭീകരരും. റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അല്‍-ഖുബൈബ പട്ടണങ്ങളില്‍ നിന്നുള്ളവരാണ് ഇവരെന്നാണ് നെതന്യാഹു വെളിപ്പെടുത്തിയത്.

നേരത്തേ വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം ആക്രമണം നടത്തിയ ഭീകരരുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരുപത്തിയൊന്നുകാരനായ മുഹമ്മദ് താഹ, ഇരുപതുകാരനായ മുത്തന്ന അമ്രോ എന്നിവരാണ് ഇവര്‍. നേരത്തേ ഇവര്‍ ഒരു കുറ്റകൃത്യങ്ങളിലും പിടിയിലായവര്‍ അല്ല എന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്.

റമള്ളയുടെ പ്രാന്തപ്രേദശങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. ഇവരുടെ വീട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.ഇവരെ സഹായിച്ചവര്‍ ആരാണ് എന്ന കാര്യവും പോലീസ് അന്വേഷിക്കുകയാണ്. ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ച മെഷീന്‍ ഗണ്ണുകള്‍ ഫലസ്തീനിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലകളില്‍ നിര്‍മ്മിച്ചതാണ് എന്നാണ് വ്യക്തമായിരിക്കുന്നത്. കാര്‍ലോ എന്നാണ് ഈ തോക്കുകള്‍ അറിയപ്പെടുന്നത്.

ഇവരെ സംഭവ സ്ഥലത്തേക്ക് കാറില്‍ എത്തിച്ചു എന്ന് കരുതപ്പെടുന്ന ഒരാളിനെ പോലീസ് പിടികൂടിയിട്ടുണ്ട്. തീവ്രവാദികളെ വധിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. അതേ സമയം ഭീകരാക്രമണത്തെ ഹമാസ് അഭിനന്ദിച്ചു. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നെതന്യാഹു പിന്നീട് ഉന്നതതലയോഗം വിളിച്ചു ചേര്‍ത്തു. സംഭവത്തെ യൂറോപ്യന്‍ യൂണിയന്‍ ശക്തിയായി അപലപിച്ചു. എന്നാല്‍ അമേരിക്കന്‍ ഭരണകൂടം സംഭവത്തില്‍ ഇനിയും പ്രതികരണം അറിയിച്ചിട്ടില്ല.