- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിനിടെ ജുണ്‍ 23ന് ഖത്തറിനെ ഇറാന്‍ ആക്രമിച്ചിരുന്നു; അതിന്റെ നടുക്കം മാറും മുമ്പ് ഇസ്രയേലും ആക്രമിക്കുന്നു; പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാന്‍ മുന്നില്‍ നിന്നവര്‍ക്കൊരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല; ഖത്തറിന് ലോക രാഷ്ട്രങ്ങളുടെ പിന്തുണ; ഹമാസും ഇസ്രയേലും തമ്മിലെ അകലം കൂടും
ദോഹ: ജെറുസലേം നടന്ന ആക്രമണത്തിന് പ്രതികാരം ഹമാസിനെതിരെ തീര്‍ക്കുമെന്ന സന്ദേശം നല്‍കുകയായിരുന്നു ഇസ്രയേല്‍. രണ്ടു ദിവസം മുമ്പ് ജറുസലേമില്‍ നടന്ന വെടിവെപ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിരുന്നു ഇസ്രയേല്‍. ആക്രമണം നടത്തിയ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനില്‍ വാഹനത്തിലെത്തിയ രണ്ട് ഭീകരര്‍ ഒരു ബസ് സ്റ്റോപ്പിന് നേരെയും ബസിന് നേരേയും വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് സമാനമായിരുന്നു ഇത്. പിന്നില്‍ ഹമാസായിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറില്‍ തിരിച്ചടിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമേരിക്കയുടെ സൗഹൃദ രാഷ്ട്രമാണ് ഖത്തര്‍. ഇന്ത്യയ്ക്കും ഖത്തര്‍ പ്രധാനപ്പെട്ട പങ്കാളികളാണ്. ഏഴ് ലക്ഷത്തോളം മലയാളികള്‍ അവിടെയുണ്ട്. ഈ സാഹചര്യത്തില്‍ ഖത്തറിനെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഇന്ത്യയ്ക്ക് പോലും അംഗീകരിക്കാന്‍ കഴിയില്ല. അതിനിടെ ആക്രമണം വ്യോമ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് ഖത്തറും യുഎഇയും അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്നും ഖത്തര്‍ ആരോപിച്ചു. ആക്രമണം യുഎസിനെ നേരത്തെ അറിയിച്ചിരുന്നു എന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമായിരുന്നു ഖത്തര്‍. ലോകരാജ്യങ്ങളെല്ലാം ഖത്തറിലെ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്. പലസ്തീനുമായി നിരന്തരം സംഘര്‍ഷം തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളോടു നേരിട്ട് ഏറ്റുമുട്ടലിന് ഇസ്രയേല്‍ തുനിഞ്ഞിരുന്നില്ല. എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോഴും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായി അനുരഞ്ജന വഴിയാണ് ഗള്‍ഫ് രാജ്യങ്ങളും സ്വീകരിച്ചിരുന്നത്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഖത്തര്‍ ആക്രമിക്കപ്പെടുന്നത്. ഇസ്രയേല്‍-ഇറാന്‍ യുദ്ധത്തിനിടെ കഴിഞ്ഞ ജുണ്‍ 23ന് ഇറാന്‍ ഖത്തറിനെ ആക്രമിച്ചിരുന്നു. അന്ന്, ഖത്തറിലെ അമേരിക്കന്‍ സൈനിക ക്യാംപ് ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ഇത്തവണ ഖത്തറിലെ ഹമാസ് താവളമാണ് ഇസ്രയേല്‍ ലക്ഷ്യമാക്കിയത്. സമാധാന ശ്രമങ്ങളില്‍ അടക്കം ഖത്തര്‍ നിര്‍ണ്ണായക പങ്കാളിയായിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാക്കാനായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ഇറാനും ഇസ്രയേലുമാണ് പ്രധാന ശത്രുക്കള്‍. ഈ ര്ടു പേരും ഖത്തറിനെതിരെ ആക്രമണം നടത്തുന്നുവെന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. കരുതലോടെയാണ് ഖത്തര്‍ ഇപ്പോഴും പ്രതികരിക്കുന്നത്. ഖത്തറിനെ പോലൊരു രാജ്യം ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്മാറുന്നത് പ്രതിസന്ധി അതിരൂക്ഷമാക്കും.
ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. കിഴക്കന്‍ ജറുസലമില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പില്‍ 6 ഇസ്രയേലുകാര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഖത്തറിലെ ആക്രമണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിക്കുകയും ചെയ്തു. ലെഗ്തിഫ്യ പെട്രോള്‍ സ്റ്റേഷനു സമീപത്തായുള്ള വസതിയില്‍ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരും ആക്രമണം നടക്കുമ്പോള്‍ അല്‍ ഹയ്യയ്ക്കൊപ്പം വസതിയില്‍ ഉണ്ടായിരുന്നു.
അല്‍ ഹയ്യ ഉള്‍പ്പെടെ നേതാക്കള്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അദ്ദേഹം ആക്രമണത്തെ അതിജീവിച്ചതായി ഹമാസിന്റെ രാഷ്ട്രീയ ഓഫിസ് സ്ഥിരീകരിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇസ്രയേലിന് തിരിച്ചടിയാണ്. എന്നാല്‍, അല്‍ ഹയ്യയുടെ മകന്‍ ഹുമാം ഉള്‍പ്പെടെ 2 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് രാഷ്ട്രീയ ഓഫിസ് അംഗം സുഹൈല്‍ അല്‍ ഹിന്ദി അല്‍ ജസീറയോടു പറഞ്ഞു. ഖത്തര്‍ സുരക്ഷാസേനാംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
''ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്'' - ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖത്തര്‍ രംഗത്തെത്തി. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചതായി ഖത്തര്‍ അറിയിച്ചു. അടിയന്തരമായ അന്വേഷണം നടത്തിവരികയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ശക്തമാക്കിയിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
''ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് വെളിവായിരിക്കുന്നത്. ഖത്തര്‍ പരമാധികാരത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല''-ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.