ദോഹ: ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് കടുത്ത നീരസം പ്രകടിപ്പിച്ചതായി വാര്‍ത്ത. ഖത്തറില്‍ ഹമാസിനെ ലക്ഷ്യം വച്ചത് ബുദ്ധിപരമായ തീരുമാനമല്ലെന്ന് പ്രസിഡന്റ് നെതന്യാഹുവിനോട് പറഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേലിന് പകരം അമേരിക്കന്‍ സൈന്യത്തില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്ന കാര്യവും ട്രംപിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും തമ്മിലെ ബന്ധത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്.

എന്ത് കൊണ്ട് ഇസ്രയേല്‍ ഇക്കാര്യം തന്നെ അറിയിച്ചില്ല എന്നാണ് ട്രംപ് പ്രധാനമായും ചോദിച്ചത്. നെതന്യാഹുവിനോട് അങ്ങേയറ്റം രോഷത്തോടെയാണ് അദ്ദേഹം സംസാരിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. ഹമാസിനെതിരെ ആക്രമണം നടത്താന്‍ തനിക്ക് ഒരു ചെറിയ അവസരം മാത്രമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി അതിന് മറുപടി നല്‍കിയത്. കിട്ടിയ അവസരം ഉപയോഗപ്പെടുത്തി എന്നതാണ് വാസ്തവമെന്നാണ് നെതന്യാഹു വിശദീകരിച്ചത്. രണ്ടാമത് വീണ്ടും ട്രംപ് നെതന്യാഹുവിനെ ഫോണില്‍ വിളിച്ചതായും ആക്രമണം വിജയകരമാണോ എന്ന് ട്രംപ് നെതന്യാഹുവിനോട് ചോദിച്ചതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നെതന്യാഹു ആകട്ടെ ഈ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നാണ് മറുപടി നല്‍കിയത്.

ആക്രമണത്തില്‍ നിന്ന് തങ്ങളുടെ അംഗങ്ങള്‍ രക്ഷപ്പെട്ടുവെന്ന് ഹമാസ് നേതാക്കള്‍ അവകാശപ്പെട്ടെങ്കിലും, ആറ് ഹമാസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്താന്‍ പോകുന്നതായി അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് വിവരം ലഭിച്ച ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫിനോട് ഖത്തറിലെ നേതാക്കളെ ഇക്കാര്യം അറിയിക്കാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ആക്രമണം ആരംഭിക്കുന്നതിന് മുമ്പല്ല, മറിച്ച് ആക്രമണം നടക്കുമ്പോഴാണ് മുന്നറിയിപ്പ് ഉണ്ടായതെന്നാണ് ഖത്തര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്‌സില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞത് ആക്രമണത്തെക്കുറിച്ച് ഖത്തറിനെ മുന്‍കൂട്ടി അറിയിച്ചതായി പ്രചരിക്കുന്ന പ്രസ്താവനകള്‍ അടിസ്ഥാനരഹിതമാണ് എന്നും ദോഹയില്‍ ഇസ്രായേല്‍ ആക്രമണം മൂലമുണ്ടായ സ്‌ഫോടനങ്ങളുടെ ശബ്ദത്തിനിടെയാണ് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനില്‍ നിന്നുള്ള കോള്‍ വന്നത് എന്നുമാണ്.

ഇസ്രായേല്‍ ആക്രമണം ഹമാസിനെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ കരാണമായി മാറിയിരിക്കുകയാണ്. ഹമാസിന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ആസന്നമായിരിക്കാമെന്ന് നെതന്യാഹു സൂചിപ്പിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഒരു വീഡിയോ പ്രസ്താവനയില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഭീകരരെ സംരക്ഷിക്കുന്ന ഖത്തറിനോടും എല്ലാ രാജ്യങ്ങളോടും ഞാന്‍ പറയുന്നു, നിങ്ങള്‍ അവരെ പുറത്താക്കുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ ചെയ്യുക. കാരണം നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ ചെയ്യും എന്നാണ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഗാസയില്‍ നടപ്പിലാക്കിയ ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ ഉന്നത ഹമാസ് ഉദ്യോഗസ്ഥരുടെ ഒരു യോഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.