ലണ്ടന്‍: അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്കായി പൊതുഖജനാവില്‍ നിന്നും ബ്രിട്ടണ്‍ പണം ധൂര്‍ത്തടിക്കുന്നതിന്റെ മറ്റൊരു കഥ കൂടി പുറത്തു വന്നു. ഹോട്ടലില്‍ താമസിക്കുന്ന അഭ്യാര്‍ത്ഥി കുടുംബത്തെ ഡോക്ടറെ കാണുവാനായി മൈലുകളോളം സര്‍ക്കാര്‍ പണം ഉപയോഗിച്ച് ടാക്സിയില്‍ കൊണ്ടുപോയ വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

അഭയാഭ്യര്‍ത്ഥന തള്ളിയ കുടുംബത്തെയാണ് 250 മൈല്‍ ദൂരെയുള്ള ഡോക്ടറെ കാണാന്‍ 600 പൗണ്ട് മുടക്കി ടാക്സിയില്‍ കൊണ്ടുപോയിരിക്കുന്നത്. കാല്‍മുട്ട് പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ഇത്. വാര്‍ത്ത പുറത്തു വന്നതോടെ ടാക്സി ഉപയോഗത്തെ കുറിച്ച് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് ഒരു അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ഈ വാര്‍ത്ത പുറത്തുകൊണ്ടു വന്ന ബി ബി സിയോട്, ഹോട്ടലില്‍ താമസിക്കുന്ന മറ്റ് അഭയാര്‍ത്ഥികള്‍ പറഞ്ഞത്, നിയമപരമായി ബ്രിട്ടനില്‍ ജോലി ചെയ്യാന്‍ വിലക്കുണ്ടെങ്കിലും അവരെല്ലാം ഇവിടെ ജോലി ചെയ്യുന്നുണ്ട് എന്നാണ്. താന്‍ എന്‍ എച്ച് എസ്സിലേക്ക് ട്രെയിനിപോകാനാണ് താത്പര്യപ്പെട്ടത്എന്നാണ് കാദിര്‍ (പേര് യഥാര്‍ത്ഥമല്ല) എന്ന ഇറാഖി വംശജനായ അഭയാര്‍ത്ഥി പറഞ്ഞത്.

എന്നാല്‍, ഹോം ഓഫീസ് നല്‍കീയ ഗതാഗത മാര്‍ഗ്ഗം ഉപയോഗിക്കാതെ മറ്റ് വഴി ഇല്ലായിരുന്നു എന്നും അയാള്‍ പറയുന്നു. അഭയാര്‍ത്ഥികളെ ഒരു ഹോട്ടലില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റുമ്പോഴും അവര്‍ പഴയ എന്‍ എച്ച് എസ് ഡോക്ടറുടെ സേവനം തന്നെ ഉപയോഗപ്പെടുത്തുന്നതിനാലാണ് ടാക്സി യാത്രകള്‍ ആവശ്യമായി വരുന്നതെന്ന് ബി ബി സി പറയുന്നു.

നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെ ഡോക്ടറെ കാണുവാനായിട്ടാണ് കാദിര്‍ ടാക്സിയില്‍ സഞ്ചരിച്ചത്. ടിപ്പ് ഉള്‍പ്പടെ 600 പൗണ്ടാണ് ഇതിന് ചെലവായത്. ഹോം ഓഫീസ് തനിക്ക് ട്രെയിന്‍ ടിക്കറ്റ് നല്‍കിയിരുന്നെങ്കില്‍ ഇത്രയും തുക ചിലവാകില്ലായിരുന്നു എന്നാണ് കാദിര്‍ പറയുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുവാനോ, നടന്ന് പോകുവാനോ അനുവാദമില്ല. ഹോട്ടലിലെ ഫ്രണ്ട് ഓഫീസിലുള്ള ഓട്ടോമേറ്റഡ് സിസ്റ്റം വഴി അവര്‍ക്കായി ടാക്സികള്‍ ബുക്ക് ചെയ്യാറാണ് പതിവ് എന്ന് ബി ബി സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്‍പത് വര്‍ഷം മുന്‍പാണ് കാദിറും പത്‌നിയും രണ്ട് കുട്ടികളും ബ്രിട്ടനിലെത്തുന്നത്. ഇവിടെ എത്തിയതിന് ശേഷം അവര്‍ക്ക് മറ്റൊരു കുട്ടികൂടി ജനിച്ചു. ഒരു ഹോട്ടലിലെ അടുത്തടുത്തുള്ള രണ്ട് മുറികളിലായാണ് ഈ കുടുംബം താമസിക്കുന്നത്. ഒന്നില്‍ ദമ്പതികളും നവജാത ശിശുവും താമസിക്കുമ്പോള്‍, തൊട്ടടുത്ത മുറിയിലാണ് 12 കാരിയായ മകളും 14 കാരനായ മകനും താമസിക്കുന്നത്. തന്റെ രാജ്യത്ത് ഒരു പരിഭാഷകനായി ജോലി ചെയ്തിരുന്ന തന്നെ തീവ്രവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ട് എന്നാണ് കാദിര്‍ പറയുന്നത്. എന്നാല്‍, തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇയാളുടെ അഭയാപേക്ഷ ഹോം ഓഫീസ് നിരസിച്ചിരുന്നു.

ഹോം ഓഫീസ് തീരുമാനത്തിനെതിരെ രണ്ട് അപ്പീലുകള്‍ നല്‍കിയെങ്കിലും അവ രണ്ടും നിരസിക്കപ്പെടുകയായിരുന്നു. മൂന്നാമത്തെ അപ്പീലിന് മേലുള്ള വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും തടഞ്ഞിട്ടുണ്ട്. എന്നാല്‍, അഭയാര്‍ത്ഥികളില്‍ ചിലരുമായി സ്ഥാപിച്ച ബന്ധങ്ങള്‍ വഴിയാണ് ഹോട്ടലിനകത്ത് കയറിപ്പറ്റിയതെന്ന് ബി ബി സി റിപ്പോര്‍ട്ടര്‍ പറയുന്നു.