- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ അവയെ വെടിവെച്ചിടാന്‍ നാറ്റോ രാജ്യങ്ങള്‍ മടിക്കരുത്; റഷ്യയെ യുക്രെയിന് തോല്‍പ്പിക്കുമെന്നും ഉറപ്പ്; ട്രംപ് വീണ്ടും നിലപാട് മാറ്റി; സെലന്‍സ്കിയ്ക്ക് ആശ്വാസം; റഷ്യന്‍ പ്രകോപനങ്ങള്‍ക്ക് ഇനി തിരിച്ചടി കാലമോ?
ന്യൂയോര്‍ക്ക്: റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ അവയെ വെടിവെച്ചിടാന്‍ നാറ്റോ രാജ്യങ്ങള്‍ മടിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. യുക്രൈനുമായി റഷ്യയുടെ യുദ്ധം തുടരുന്നതിനിടെ ഈയാഴ്ച പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് റഷ്യന്‍ ഡ്രോണുകള്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രസ്താവന.
യു.എന്‍. ആസ്ഥാനത്ത് യുക്രൈന്‍ പ്രസിഡന്റ് വോലോഡിമിര്‍ സെലെന്‍സ്‌കിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. 'റഷ്യന്‍ വിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ നാറ്റോ രാജ്യങ്ങള്‍ അവയെ വെടിവെച്ചിടേണ്ടതുണ്ടോ?' എന്ന ചോദ്യത്തിന്, 'ഉണ്ട്' എന്ന് ട്രംപ് കൃത്യമായി മറുപടി നല്‍കി. അത്തരമൊരു സാഹചര്യത്തില്‍ യു.എസ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് പിന്തുണ നല്‍കുമോ എന്ന ചോദ്യത്തിന്, 'അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, എന്നാല്‍ നാറ്റോയോട് ഞങ്ങള്‍ക്ക് ശക്തമായ നിലപാടാണുള്ളത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എന്‍. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയിരിക്കുകയാണ്. ഈ സമ്മേളനത്തിന്റെ ഭാഗമായി ട്രംപ് യുക്രൈന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി ഉന്നതരുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ട്രംപ് അതൃപ്തനാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളോടുള്ള വിമുഖതയില്‍ അദ്ദേഹത്തിന് ക്ഷമ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ പ്രകോപനങ്ങള്‍ക്ക് നാറ്റോ രാജ്യങ്ങള്‍ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
ഈ മാസം യുക്രൈന്‍ അല്ലാത്ത രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ച മൂന്ന് പ്രധാന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെപ്റ്റംബര്‍ 19-ന് മൂന്ന് റഷ്യന്‍ മിഗ്-31 ജെറ്റുകള്‍ ഫിന്‍ലന്‍ഡ് ഉള്‍ക്കടലിലൂടെ 12 മിനിറ്റോളം എസ്‌തോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. അന്ന് നാറ്റോ വിമാനങ്ങള്‍ അവയെ തടഞ്ഞെങ്കിലും വെടിവെച്ചില്ല. ഏതാനും ദിവസങ്ങള്‍ക്കുശേഷം, സെപ്റ്റംബര്‍ 21-നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയുടെ ഭാഗത്തുനിന്നുള്ള പ്രകോപനങ്ങളെ നേരിടുന്നതില്‍ നാറ്റോയുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സംവാദങ്ങള്‍ക്ക് ട്രംപിന്റെ ഈ പ്രസ്താവന പുതിയ തലം നല്‍കും. ഭാവിയിലെ നയതന്ത്ര നിലപാടുകളിലും ഇത് സ്വാധീനം ചെലുത്തും.
റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ മുഴുവനും തിരിച്ചുപിടിക്കാന്‍ യുക്രെയ്‌നു സാധിക്കുമെന്നും ട്രംപ് പറയുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകള്‍. ക്രൈമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ പ്രസ്താവനയും നിലപാട് മാറ്റമാണ്.
'യുക്രെയ്‌ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോള്‍, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ യൂറോപ്യന്‍ യൂനിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാന്‍ യുക്രെയ്‌ന് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ അതിര്‍ത്തികള്‍ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്‌ന് തിരികെ വരാനാകും. റഷ്യ വെറും 'കടലാസു പുലി'യാണ്. യഥാര്‍ഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാന്‍ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവര്‍ മൂന്നരവര്‍ഷമായി പോരാടിക്കൊണ്ടിരിക്കുന്നത്. പുട്ടിനും റഷ്യയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതാണ് യുക്രെയ്‌ന് പറ്റിയ സമയം. ഞങ്ങള്‍ നാറ്റോയ്ക്ക് ആയുധം നല്‍കുന്നത് തുടരും. അതുകൊണ്ട് എന്തുചെയ്യണമെന്ന് നാറ്റോ തീരുമാനിക്കും' ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.
2014ല്‍ റഷ്യ യുക്രെയ്‌നില്‍നിന്നു പിടിച്ചെടുത്ത ക്രൈമിയ തിരിച്ചു നല്‍കുന്നതു ചര്‍ച്ചയാക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിന്റെ നിലപാട്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ച ട്രംപ്, യുക്രെയ്‌ന് മുന്നില്‍ നാറ്റോയുടെ വാതില്‍ തുറക്കില്ലെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളില്‍ നിലപാട് മാറ്റുകയാണ് ട്രംപ്.