ലണ്ടന്‍: കുടിയേറ്റം നിയന്ത്രിക്കാന്‍ അമേരിക്കയും ബ്രിട്ടനും, കാനഡയുമൊക്കെ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കുമ്പോള്‍, രാജ്യത്തെ തൊഴില്‍സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കാനും അതുവഴി സാമ്പത്തിക പുരോഗതി കൈവരിക്കാനും ന്യൂസിലാന്‍ഡ് കുടിയേറ്റ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുകയാണ്. പുതിയ രണ്ട് റെസിഡന്‍സി പാത്ത്വേകള്‍ പ്രഖ്യാപിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ചാകാര്യ മന്ത്രി നിക്കോള വില്ലിസ് പറഞ്ഞത് നൈപുണ്യവുള്ളവരും അനുഭവസമ്പത്തുള്ളവരുമായ കുടിയേറ്റക്കാര്‍ക്ക് തൊഴില്‍സേനയില്‍ ദൗര്‍ബല്യങ്ങളും പിഴവുകളും പരിഹരിക്കാന്‍ കഴിയുമെന്നാണ്.

വളരെ പ്രധാനപ്പെട്ട മേഖലകളില്‍ അസാമാന്യ വൈദഗ്ധ്യം ഉള്ള കുടിയേറ്റക്കാര്‍ക്ക് പോലും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കാന്‍ പ്രയാസമാണെന്ന് വ്യവസായമേഖലയില്‍ നിന്നും പരാതി വന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചുരുങ്ങി വരുന്ന ജി ഡി പി കാരണം കൂടുതല്‍ കൂടുതല്‍ ന്യൂസിലാന്‍ഡുകാര്‍ രാജ്യം ഉപേക്ഷിച്ച് വിദേശങ്ങളിലേക്ക് പറക്കുന്ന സമയത്താണ് വിദേശ തൊഴിലാളികളേയും നിക്ഷേപവും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.

പുതിയതായി പ്രഖ്യാപിച്ച റെസിഡന്‍സി പാത്ത്വേകള്‍ 2026 പകുതിയോടെയാകും പ്രാബല്യത്തില്‍ വരിക. അതില്‍ ഒന്ന്, ആവശ്യമായ നൈപുണികളും, പ്രവൃത്തി പരിചയവും അതുപോലെ, ശമ്പള പരിധിയും പാലിക്കുന്നവര്‍ക്ക് ഉള്ളതാണ്. രണ്ടാമത്തേത് യോഗ്യതയും, പ്രവൃത്തി പരിചയും വേതന പരിധിയും പാലിക്കുന്ന വ്യാപാരികള്‍ക്കും സാങ്കേതിക മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്കും ഉള്ളതാണ്. അനുഭവസമ്പത്തുള്ള തൊഴിലാളികളെ, സ്ഥാപനങ്ങളില്‍ പിറ്റിച്ചു നിര്‍ത്താന്‍ തൊഴിലുടമകളെ സഹായിക്കുന്നതാണ് വര്‍ക്ക് എക്സ്പീരിയന്‍സ് പാത്ത്വേ എന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.

ഇത്തരത്തിലുള്ളവര്‍ ഇപ്പോള്‍ തന്നെ ന്യൂസിലാന്‍ഡിന്റെ സമ്പദ്വ്യവസ്ഥക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്നുണ്ട്. അവരെ ചേര്‍ത്ത് നിര്‍ത്തുക എന്നതാണ് ഈ പുതിയ റെസിഡന്‍സി പാത്ത്വേയുടെ ഉദ്ദേശ്യം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം വ്യവസായങ്ങളുടെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ പ്രായോഗിക നൈപുണികളും അനുഭവസമ്പത്തും ഉള്ളവരെ ഉദ്ദേശിച്ചുള്ളതാണ് രണ്ടാമത്തെ പാത്ത്വേ ആയ ട്രേഡേഴ്സ് ആന്‍ഡ് ടെക്നീഷ്യന്‍സ് പാത്ത്വേ എന്നും എറിക്ക സ്റ്റാന്‍ഫോര്‍ഡ് പറഞ്ഞു.

അതേസമയം, വലിയതോതിലാണ് ന്യൂസിലാന്‍ഡുകാര്‍ നാടുവിട്ട് പോകുന്നത്. 2024 ജൂലായ്ക്കും 2025 ജൂലായ്ക്കും ഇടയില്‍ 73,400 പേര്‍ നാട് വിട്ടപ്പോള്‍ 25,800 പേര്‍ മാത്രമാണ് തിരികെ ഇവിടെയെത്തി സ്ഥിരതാമസമാക്കാന്‍ തയ്യാറായത്. യാത്ര ചെയ്യുമ്പോള്‍ തന്നെ, വിദൂര കേന്ദ്രങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്ന ഡിജിറ്റല്‍ നാടോടികള്‍ എന്നറിയപ്പെടുന്ന സാങ്കേതിക വിദഗ്ധരെ ആകര്‍ഷിക്കുന്നതിനായി ഇക്കഴിഞ്ഞ ജനുവരിയില്‍ തന്നെ സര്‍ക്കാര്‍ സന്ദര്‍ശന വിസ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. അതുപോലെ, വിദേശ കമ്പനികളില്‍ നിന്നും വേതനം കൈപ്പറ്റുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് വിസ നീട്ടിക്കൊടുക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരിയില്‍ ആക്റ്റീവ് ഇന്‍വെസ്റ്റര്‍ പ്ലസ് വിസ മാനദണ്ഡങ്ങളിലും ന്യൂസിലാന്‍ഡ് ഇളവുകള്‍ വരുത്തിയിരുന്നു. ഗോള്‍ഡന്‍ വിസ എന്നറിയപ്പെടുന്ന ഈ വിസ സമ്പന്നരായ വിദേശികള്‍ക്ക് ന്യൂസിലന്‍ഡില്‍ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുന്ന ഒന്നാണ്.