ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ ചുമത്താന്‍ ഉദ്ദേശിക്കുന്ന പുതിയ ലെവികളും, അതുപോലെ വിസ ചട്ടങ്ങളില്‍ വരുത്തുന്ന നിയന്ത്രണങ്ങളും ആദ്യ വര്‍ഷം മാത്രം ബ്രിട്ടീഷ് സമ്പദ്ഘടനയില്‍ 1.8 ബില്യന്‍ പൗണ്ടിന്റെ നഷ്ടം വരുത്തുമെന്നാണ് കണക്കാക്കുന്നത്. ലണ്ടനെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണത്തിലാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ 6 ശതമാനം നികുതി ചുമത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതിനു പൂറമെ, ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയാല്‍, ബ്രിട്ടനില്‍ തുടരുവാനുള്ള കാലാവധി രണ്ട് വര്‍ഷം എന്നതില്‍ നിന്നും 18 മാസമായി കുറയ്ക്കും. ഇമിഗ്രേഷന്‍ വൈറ്റ് പേപ്പറിന്റെ ഭാഗമാണിത്. എന്നാല്‍, പോളിസി കണ്‍സള്‍ട്ടന്‍സിയായ പബ്ലിക് ഫസ്റ്റിന്റെ പുതിയ കണക്കുകള്‍ പരകാരം, യു കെയിലെ 12 മേഖലകളില്‍ ഒന്‍പതെണ്ണത്തില്‍ ഇതുമൂലം 100 മില്യന്‍ പൗണ്ടിലേറെ നഷ്ടമുണ്ടാകും എന്നാണ് പറയുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നതിനാലാണിത്.

ഇതിന്റെ പ്രത്യാഘാതം ഏറ്റവുമധികം ഉണ്ടാവുക ലണ്ടനിലായിരിക്കും. 480 മില്യന്‍ പൗണ്ടിന്റെ നഷ്ടമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. തൊട്ടു പുറമെ 197 മില്യന്‍ പൗണ്ട് നഷ്ടവുമായി സ്‌കോട്ട്‌ലാന്‍ഡും, 163 മില്യന്‍ പൗണ്ട് നഷ്ടവുമായി തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടുമുണ്ട്. ഈ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഏറ്റവും രൂക്ഷമായ 10 പാര്‍ലമെന്റ് നിയോജകമണ്ഡലങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ലെവി മൂലം ശരാശരി 40 മില്യന്‍ പൗണ്ടിന്റെ നഷ്ടം ഗ്രോസ് വാല്യു ആഡെഡ് (ജി വി എ) ല്‍ ഉണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.

പ്രധാനമന്ത്രിയുടെ നിയോജകമണ്ഡലമായ ഹോള്‍ബോണ്‍ ആന്‍ഡ് സെയിന്റ് പാന്‍ക്രാസിന് 72 മില്യന്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. തൊട്ടു പുറകെ ലണ്ടന്‍, വെസ്റ്റ്മിനിസ്റ്റര്‍, കവന്‍ട്രി സൗത്ത് എന്നിവ ഉണ്ടായിരിക്കും. ഈ നയം ഏറ്റവുമധികം ബാധിക്കുന്ന 50 നിയോജകമണ്ഡലങ്ങളില്‍ 37 എണ്ണവും ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് ലേബര്‍ എം പിമാരാണ്. സാമ്പത്തിക വളര്‍ച്ച, സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കുന്ന സമയത്ത് ട്യൂഷന്‍ ഫീസില്‍ ചുമത്തുന്ന ലെവി രാജ്യത്തിന്റെ വലിയൊരു കയറ്റുമതി മേഖലയെ കനത്ത നഷ്ടത്തിലാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലെവി ഈടാക്കാന്‍ തുടങ്ങുന്നതോടെ വിദേശ വിദ്യാര്‍ത്ഥികളുടെ വരവില്‍ കുറവുണ്ടാകും. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പല യൂണിവേഴ്സിറ്റികളെയും ഇത് കൂടുതല്‍ ആഴത്തിലേക്ക് തള്ളിയിടും. ഗവേഷണ പദ്ധതികളെ ഇത് പ്രതികൂലമായി ബാധിക്കും, വിദഗ്ധര്‍ പറയുന്നു. ലെവി നല്‍കേണ്ടി വരുന്നതിനാല്‍, ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കേണ്ടതായി വരും. ഇത് ആദ്യവര്‍ഷം 16,100 വിദ്യാര്‍ത്ഥികളെയും, ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ 77,000 വിദ്യാര്‍ത്ഥികളെയും ബ്രിട്ടനിലെക്ക് വരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കും എന്നാണ് പബ്ലിക് ഫസ്റ്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിദേശ വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന ഫീസാണ് തദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസ് ഉറപ്പാക്കുന്നത് എന്നതിനാല്‍, വിദേശ വിദ്യാര്‍ത്ഥികള്‍ കുറയുന്നതോടെ ആദ്യ വര്‍ഷം തദ്ദേശീയര്‍ക്കുള്ള സീറ്റുകളില്‍ 33,000 എണ്ണത്തിന്റെ കുറവുണ്ടാകും. അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ 1,35,000 സീറ്റുകള്‍ കുറയും. മാത്രമല്ല, ട്യൂഷന്‍ ഫീസ് ഇനത്തില്‍ മാത്രം 2,2 ബില്യന്‍ പൗണ്ടിന്റെ കുറവായിരിക്കും യു കെ സമ്പദ്ഘടനയിലുണ്ടാവുക എന്ന് യൂണിവേഴ്സിറ്റികളുടെ ഒരു കണ്‍സോര്‍ഷ്യം കമ്മീഷന്‍ ചെയ്ത പഠനത്തില്‍ കണ്ടെത്തിയിരുന്നു.