- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം; ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം പിന്മാറും; ഫലസ്തീന്‍ അതോറിറ്റിയെ ടോണി ബ്ലയര്‍ നയിക്കും; ട്രംപിന്റെ പദ്ധതി ഇസ്രയേലിന് സ്വീകാര്യം; അറിയേണ്ടത് ഹമാസിന്റെ മനസ്സ്! പശ്ചിമേഷ്യയില്‍ പുതിയ പ്രതീക്ഷ
വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ സമാധാനം എത്തുമോ? ഗാസ വെടിനിര്‍ത്തലിന് അമേരിക്ക തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍ അനുകൂലമായി പ്രതികരിച്ചു. ഇനി അറിയേണ്ടത് ഹമാസിന്റെ തീരുമാനമാണ്. വൈറ്റ്ഹൗസില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. ഗാസയില്‍ നിന്നും ഹമാസിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് അമേരിക്കന്‍ പദ്ധതി. ഗാസയിലെ രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സമാധാന പദ്ധതി. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, ഫലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍- പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇരുവരും തയാറായില്ല. അതേസമയം, ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ പദ്ധതി രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് ഹമാസ് പ്രതികരിച്ചു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയ ശേഷം ബെന്യാമിന്‍ നെതന്യാഹുവിന്റെ നാലാം യുഎസ് സന്ദര്‍ശനമാണിത്. ഗാസ വെടിനിര്‍ത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയിലുള്ള ചര്‍ച്ചയ്ക്കാണ് നെതന്യാഹു വൈറ്റ്ഹൗസിലെത്തിയത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും ഫലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടിയന്തര വെടിനിര്‍ത്തല്‍, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ പിന്‍വാങ്ങല്‍ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. നേരത്തെ ട്രംപുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേടിയായി ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനിയെ ഫോണില്‍വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേല്‍ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പുപറഞ്ഞത്. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപനം. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്.
'യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നു. ഗാസയ്ക്ക് യാഥാര്‍ത്ഥ്യബോധമുള്ള പാത ഒരുക്കുന്നതാണ് ട്രംപിന്റെ പദ്ധതി. യുദ്ധത്തില്‍ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതാണ് ആ പദ്ധതി. ഗാസയില്‍ സമാധാനപരമായ സിവിലിയന്‍ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്നു പിന്മാറും. ഗാസ ഒരു പരിവര്‍ത്തനത്തിന് വിധേയമാകാതെ ഫലസ്തീന്‍ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിര്‍വഹിക്കാന്‍ കഴിയില്ല. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിലും മധ്യപൂര്‍വദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനു പ്രതിജ്ഞാബദ്ധമാണ്. ഒക്ടോബര്‍ 7 മറക്കില്ല. ഇസ്രയേലിനെ ആക്രമിച്ചാല്‍ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കള്‍ക്കു മനസിലായിട്ടുണ്ട്. ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ അതിന്റെ ജോലി പൂര്‍ത്തിയാക്കും.' നെതന്യാഹു പറഞ്ഞു.
നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ ഔദ്യോഗികമായി അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനര്‍നിര്‍മാണത്തിന് തന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഹമാസിനും മറ്റു ഭീകരസംഘടനകള്‍ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യുഎന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെ ഏജന്‍സികള്‍ വഴി നടത്തും. ഗാസയില്‍നിന്ന് ആരെയും പുറത്താക്കില്ല. പദ്ധതിപ്രകാരം അറബ് രാജ്യങ്ങള്‍ ഗാസയെ സൈനികമുക്തമാക്കാനും ഹമാസിന്റെയും മറ്റ് എല്ലാ ഭീകര സംഘടനകളുടെയും സൈനികശേഷി ഇല്ലാതാക്കാനും പ്രതിജ്ഞാബദ്ധമാകും. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്മാറും. നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചാല്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തിവയ്ക്കും. ഹമാസില്‍ നിന്ന് ഏറ്റവും ശുഭകരമായ മറുപടി ലഭിക്കുമെന്നാണ് വിശ്വാസം. വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഹമാസിന്റെ ഭീഷണി ഇല്ലാതാക്കുകയെന്ന ജോലി പൂര്‍ത്തിയാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ട്. അതിന് യുഎസ് പൂര്‍ണ പിന്തുണ നല്‍കും. പലസ്തീന്‍ രാഷ്ട്രത്തോടുള്ള എതിര്‍പ്പില്‍ നെതന്യാഹുവിന് വ്യക്തതയുണ്ട്.' ട്രംപ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാടിനെ അവിവേകമെന്ന് ട്രംപ് വിമര്‍ശിച്ചു.
ഗാസ, യുക്രെയ്ന്‍ യുദ്ധങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്‍പ് നടത്തിയ അവകാശവാദങ്ങള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലായിരുന്നു നെതന്യാഹുവുമായി നടന്ന ചര്‍ച്ച. വെടിനിര്‍ത്തല്‍ കരാറിന് അടുത്തെത്തിയെന്ന് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഖത്തറിലെ ആക്രമണത്തോടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇസ്രയേല്‍ ഒറ്റപ്പെടുന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. 26ന് യുഎന്‍ പൊതുസഭയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രസംഗിക്കാന്‍ എഴുന്നേറ്റതിനു പിന്നാലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂക്കിവിളിക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതെല്ലാം അമേരിക്കയെ അതിവേഗ തീരുമാനങ്ങളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചു.