- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് അറബ്-മുസ്ലീം രാജ്യങ്ങള്‍ ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു; ഇസ്രയേലിന് അനുകൂലമായി വൈറ്റ് ഹൗസ് മാറ്റം വരുത്തിയത് നെതന്യാഹു ഇടപെട്ടതോടെ; ഹമാസിന് കൈമാറിയത് ആദ്യം ധാരണയായ രേഖയല്ലെന്ന് മാധ്യമങ്ങളായ ആക്സിയോസും എപിയും; ഗസ്സ സിറ്റി വളഞ്ഞ് ഇസ്രയേല്‍; തെക്കോട്ട് നീങ്ങാത്തവരെ ഭീകരരായി കണക്കാക്കും
ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി അംഗീകരിച്ച ശേഷം അന്തിമ രേഖയില്‍ വെള്ളം ചേര്‍ത്തു
വാഷിംഗ്ടണ്‍: നിലവിളികള്‍ മാത്രം ഉയരുന്ന ഗസ്സയില്‍, ശാന്തിയും സമാധാനവും പുലരുമെന്ന ശുഭപ്രതീക്ഷയിലാണ് ലോകം. വിശേഷിച്ചും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ 20 ഇന ഗസ്സ സമാധാന പദ്ധതിക്ക് ഇസ്രയേല്‍ പച്ചക്കൊടി വീശിയതോടെ. ഖത്തറും പാക്കിസ്ഥാനും അടക്കം എട്ട് മുസ്ലിം, അറബ് രാഷ്ട്രങ്ങളും പദ്ധതിയെ അംഗീകരിച്ചു. എന്നാല്‍, ഫലസ്തീന്‍ തീവ്രഗ്രൂപ്പായ ഹമാസിന് പൂര്‍ണമായും വ്യത്യസ്തമായ സമാധാന പദ്ധതിയാണ് കൈമാറിയതെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. നേരത്തെ ധാരണയായ പദ്ധതിയുടെ ഉള്ളടക്കത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇടപെട്ട് വൈറ്റ് ഹൗസിനെ കൊണ്ട് പതിനൊന്നാം മണിക്കൂറില്‍ മാറ്റങ്ങള്‍ വരുത്തിയെന്നാണ് ആക്ഷേപം. മുഖ്യഇടനിലക്കാരായ ഖത്തര്‍ കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
അമേരിക്ക കേന്ദ്രമായ മാധ്യമം ആക്സിയോസാണ് ഹമാസിന് കൈമാറിലെ കരാറിലെ വ്യവസ്ഥകള്‍ വ്യത്യസ്തമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രംപുമായി അറബ്-മുസ്ലീം രാജ്യങ്ങള്‍ ധാരണയിലെത്തിയ യഥാര്‍ഥ കരാറില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന് അസോസിയേറ്റഡ് പ്രസും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന് അനുകൂലമായാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്. കരാര്‍ അംഗീകരിക്കാന്‍ മൂന്നു-നാല് ദിവസമാണ് ട്രംപ് ഹമാസിന് നല്‍കിയിരിക്കുന്നത്.
ഈജിപ്റ്റ്, ജോര്‍ദ്ദാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, തുര്‍ക്കി, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ 8 രാജ്യങ്ങളാണ് സെപ്റ്റംബര്‍ 30 ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത്. ഹമാസിന് കൈമാറിയപ്പോള്‍ ഈ കരാര്‍ രേഖയില്‍ മാറ്റം വരുത്തിയെന്ന് ഒരുദിവസം കഴിഞ്ഞപ്പോഴാണ് വ്യക്തമായത്.
നിരായൂധീകരണം അടക്കം സമാധാന പദ്ധതിയില്‍ മാറ്റങ്ങള്‍ വേണമെന്നാണ് ഹമാസിന്റെ ആവശ്യം. കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ഖത്തറിന്റെ ആവശ്യവും അറബ് രാജ്യങ്ങളുടെ അസംതൃപ്തിയാണ് സൂചിപ്പിക്കുന്നത്. ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ പ്രതിരോധ സേനയുടെ പിന്മാറ്റവും ഹമാസിന്റെ നിരായുധീകരണവും സംബന്ധിച്ചാണ് മാറ്റങ്ങള്‍. ബന്ദി മോചനത്തിന് തയ്യാറെടുക്കാനുള്ള യുഎസ് പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫിന്റെ നിര്‍ദ്ദേശം അവതരിപ്പിക്കുന്ന സമയത്ത് ഇസ്രയേല്‍ സേന പിന്മാറുമെന്നാണ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ മൂന്നാമത്തെ പോയിന്റ്. എന്നാല്‍, പുതിയ രേഖയില്‍ നേരത്തെ ധാരണയായ ഇടത്തേക്ക് സേന മാറുമെന്നാണ് പറയുന്നത്. പുതിയ ഭൂപടപ്രകാരം ആദ്യ പിന്മാറ്റത്തിന് ശേഷവും ഐഡിഎഫിന് ഗസ്സയുടെ ഭൂരിഭാഗം പ്രദേശത്തും തുടരാന്‍ അനുവദിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അറബ്-മുസ്ലീം രാജ്യങ്ങളുടെ രാജ്യാന്തര സ്‌റ്റെബിലൈസേഷന്‍ സേനയെ നിയോഗിക്കുകയും ഹമാസിനെ നിരായുധീക്കുകയും ചെയ്ത ശേഷവും ഐഡിഎഫ് ഗസ്സയില്‍ തുടരും.
ഹമാസിന്റെ നിരായുധീകരണത്തിലും നെതന്യാഹു ഇടപെട്ട് മാറ്റം വരുത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സന്നദ്ധരാകുന്ന ഹമാസ് അംഗങ്ങള്‍ക്ക് മാപ്പ് നല്‍കുമെന്നാണ് ആദ്യ കരാറിലെങ്കില്‍, പുതിയ കരാറില്‍ ഈ അംഗങ്ങളും ആയുധം വച്ച് കീഴടങ്ങണം.
ഹമാസില്‍ അഭിപ്രായ ഭിന്നത
എന്നാല്‍, ട്രംപിന്റെ ഗാസ സമാധാന പദ്ധതി സ്വീകരിക്കുന്ന കാര്യത്തില്‍ ഹമാസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കുന്നതിനെച്ചൊല്ലിയാണ് ഹമാസില്‍ ഭിന്നത രൂക്ഷമായിരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയോടെ ട്രംപ് മുന്നോട്ട് വെച്ച പദ്ധതിയില്‍ വെടിനിര്‍ത്തല്‍, 72 മണിക്കൂറിനകം ബന്ദികളെ മോചിപ്പിക്കല്‍, നിരായുധീകരണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ ഘട്ടം ഘട്ടമായി പിന്മാറണം തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.
എന്നാല്‍, ട്രംപിന്റെ 20 ഇന പദ്ധതിയിലെ ചില വ്യവസ്ഥകളില്‍, പ്രത്യേകിച്ച് നിരായുധീകരണം സംബന്ധിച്ച കാര്യങ്ങളില്‍ ഭേദഗതി വേണമെന്ന് ഹമാസ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റു ചില അംഗങ്ങള്‍ ഈ പദ്ധതി പൂര്‍ണ്ണമായി അംഗീകരിക്കാന്‍ തയ്യാറാണെങ്കിലും, ചില വിഭാഗങ്ങള്‍ ഇത് പൂര്‍ണ്ണമായും നിരസിച്ചിരിക്കുകയാണ്. ട്രംപിന്റെ 20-ഇന പദ്ധതിയില്‍, പ്രത്യേകിച്ച് നിരായുധീകരണ വിഷയത്തില്‍, ചില ഉദ്യോഗസ്ഥര്‍ ഭേദഗതികള്‍ ആഗ്രഹിക്കുന്നുവെന്ന് ഗ്രൂപ്പിന്റെ നേതൃത്വവുമായി അടുത്ത ഒരു ഫലസ്തീന്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു.
നിരായുധീകരണം, ഹമാസ്, മറ്റ് വിഭാഗങ്ങളിലെ നേതാക്കളെ പുറത്താക്കല്‍ തുടങ്ങിയ വ്യവസ്ഥകളില്‍ ഭേദഗതി വേണമെന്നും, ഗാസയില്‍ നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്മാറുമെന്നും, പ്രദേശത്തിനകത്തും പുറത്തും വെച്ച് തങ്ങള്‍ക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടാകില്ലെന്നും ഉറപ്പ് നല്‍കണമെന്നും ഹമാസ് ആവശ്യപ്പെടുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം ദോഹയില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകള്‍ക്കിടെ 6 ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം ഈ ആവശ്യങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. വിശദാംശങ്ങള്‍ നല്‍കാതെ ഹമാസ് മറ്റ് പ്രാദേശിക, അറബ് കക്ഷികളുമായും' ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. നിരായുധീകരണത്തിന് പുറമേ ഗസ്സയില്‍ നിന്ന് ഫലസ്തീന്‍ പൗരന്മാരെ മാറ്റുന്നതും ഹമാസിലെ ഒരുവിഭാഗം തള്ളുന്നു.
'ഇതുവരെ ഹമാസിനുള്ളില്‍ രണ്ട് അഭിപ്രായങ്ങളാണുള്ളത്: ആദ്യത്തേത് കരാറിനെ നിരുപാധികം പിന്തുണയ്ക്കുക എന്നതാണ് എന്നാല്‍ മറ്റു ചിലര്‍ക്ക് 'പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ വലിയ സംശയങ്ങളുണ്ടെന്ന് വക്താവ് എഎഫ്പിയോട് പ്രതികരിച്ചു. എങ്കിലും ചര്‍ച്ചകള്‍ തുടരുകയാണ്, കാര്യങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാകും. അദ്ദേഹം പ്രതികരിച്ചു.
അതേസമയം പദ്ധതിയുടെ ചില ഭാഗങ്ങള്‍ക്ക് കൂടുതല്‍ 'വ്യക്തത'യും ചര്‍ച്ചകളും ആവശ്യമാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി പചൊവ്വാഴ്ച അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗാസ വളഞ്ഞ് ഇസ്രയേല്‍
അതിനിടെ, ഗാസ സിറ്റി പൂര്‍ണ്ണമായും വളഞ്ഞതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. നെറ്റ്‌സാരിം ഇടനാഴി പിടിച്ചെടുത്തതോടെ ഗാസയെ വടക്കും തെക്കുമായി വിഭജിച്ചിരിക്കുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ വഴിയല്ലാതെ തെക്കോട്ട് യാത്ര ചെയ്യാനാവില്ലെന്നും, അല്ലാത്തവരെ ഭീകരവാദികളായി കണക്കാക്കുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഹമാസിനെ നഗരത്തില്‍ ഒറ്റപ്പെടുത്താനും സൈനിക നടപടികള്‍ക്ക് ശക്തി പകരാനുമാണ് ഈ നീക്കം. ഹമാസിനെ നിരായുധീകരിക്കുന്നത് വരെ സൈന്യം പ്രവര്‍ത്തനം തുടരും, എല്ലാ ബന്ദികളെയും തിരികെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള പാതയിലാണെന്നും ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയുടെ ഭാഗമായി, അടിയന്തര വെടിനിര്‍ത്തല്‍, 72 മണിക്കൂറിനുള്ളില്‍ ഹമാസ് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കല്‍, ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പടിപടിയായുള്ള പിന്മാറ്റം എന്നിവയാണ് ട്രംപിന്റെ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.