ലണ്ടന്‍: അഭയാര്‍ത്ഥി സിസ്റ്റത്തില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായി, അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ പെര്‍മെനന്റ് റെസിഡന്റ് (പി ആര്‍) പദവി ലഭിക്കാന്‍ നിലവിലെ അഞ്ചു വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാലം കാത്തിരിക്കേണ്ടതായി വരും. മാത്രമല്ല, അഭയാര്‍ത്ഥികള്‍ക്ക് അവരുടെ അടുത്ത ബന്ധുക്കളെ ബ്രിട്ടനില്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന വിസ റൂട്ട് സ്ഥിരമായി ഇല്ലാതെയാക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറാണ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ, യു കെയില്‍ സ്ഥിരതാമസം ആരംഭിക്കാന്‍ ഗോള്‍ഡന്‍ ടിക്കറ്റ് ഇല്ലാതെയാവുകയാണെന്നും, അത് ആളുകള്‍ കഠിനാദ്ധ്വാനത്തിലൂടെ നേടേണ്ടിവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോപ്പന്‍ഹേഗില്‍ നടക്കുന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ ഉന്നതതല സമ്മേളനഥ്റ്റില്‍ അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്.

രാജ്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കി മാത്രമെ, സ്ഥിരതാമസത്തിനുള്ള അവകാശം നേടാനാകൂ എന്ന് തെളിയിക്കുന്ന തരത്തില്‍ അഭയാര്‍ത്ഥി സിസ്റ്റത്തില്‍ അടപടലം മാറ്റം വരുത്തണമെന്നും സ്റ്റാര്‍മര്‍ യോഗത്തിന് മുന്നോടിയായി പറഞ്ഞു.വര്‍ക്ക് വിസ ഉള്‍പ്പടെ, മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ യു കെയില്‍ എത്തുന്നവരുടെ കാര്യത്തില്‍ വരുത്തുന്ന മാറ്റങ്ങളോട് സമാനമായതായിരിക്കും അഭയാര്‍ത്ഥികളുടെ കാര്യത്തിലും എടുക്കുന്ന നിലപാട് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ക്ക് വിസയിലും മറ്റും ബ്രിട്ടനില്‍ എത്തുന്നവര്‍ക്ക് ഇവിടെ പി ആര്‍ കിട്ടാനുള്ള കാലാവധി നിലവിലെ അഞ്ച് വര്‍ഷം എന്നതില്‍ നിന്നും പത്ത് വര്‍ഷം ആക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മറ്റ് വിഭാഗങ്ങളില്‍ പെടുന്ന കുടിയേറ്റക്കാര്‍ക്കും ഇന്‍ഡെഫെനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നത് കൂടുതല്‍ ക്ലേശകരമാക്കുന്നതിനുള്ള പദ്ധതികള്‍ ഈയാഴ്ച ആദ്യം ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞിരുന്നു.

ഇതനുസരിച്ച്, ഐ എല്‍ ആറിനായി അപേക്ഷിക്കുന്നവര്‍ ഉന്നത നിലവാരത്തിലുള്ള ഇംഗ്ലീഷ് പഠിക്കണം. മാത്രമല്ല, ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാകരുത്. അതോടൊപ്പം സമൂഹത്തിനായി സന്നദ്ധ സേവനം നടത്തുകയും വേണം. അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ പി ആര്‍ ലഭിക്കുന്നതിനും, ബന്ധുക്കളെ കൊണ്ടുവരുന്നതിനുമുള്ള വിശദമായ മാനദണ്ഡങ്ങള്‍ പാര്‍ലമെന്റിന്റെ ശരത്ക്കാല സമ്മേളനത്തില്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

അഭയാര്‍ത്ഥികള്‍ക്ക് നേരെ യു കെ ഉദാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും, ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, സ്റ്റാര്‍മറുടെ പതിവ് കണ്‍കെട്ട് വിദ്യ മാത്രമാണിതെന്നും ഒരു വ്യത്യാസവും ഇതുകൊണ്ട് ഉണ്ടാവില്ലെന്നുമായിരുന്നു ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപിന്റെ പ്രതികരണം.